ആലപ്പാട് കരിമണല്‍ ഖനനം: ചര്‍ച്ചയ്ക്ക് തയാറെന്ന് സര്‍ക്കാര്‍; ഖനനം അവസാനിപ്പിക്കാതെ ചര്‍ച്ചയ്ക്കില്ലെന്ന് സമരസമിതി

0
6

കൊല്ലം: ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരായ സമരത്തില്‍ നിലപാട് കടുപ്പിച്ച് സമരസമിതി. ഖനനം അവസാനിപ്പിക്കാതെ സര്‍ക്കാരുമായി ചര്‍ച്ചയ്ക്കില്ലെന്ന് ആലപ്പാട് സമരസമിതി അറിയിച്ചു. സമരം നടത്തുന്നവരുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് വ്യവസായ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചിരുന്നു.

അശാസ്ത്രീയ ഖനനം പാടില്ലെന്ന നിലപാടാണ് സര്‍ക്കാരിനുള്ളതെന്ന് മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. വ്യവസായ വകുപ്പാണ് ഇതിന് മുന്‍കൈ എടുക്കേണ്ടത്. നിയമസഭാപരിസ്ഥിതി കമ്മിറ്റിയുടെ ശുപാര്‍ശകള്‍ സര്‍ക്കാര്‍ നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. കര സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി എടുത്തിട്ടുണ്ടെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു.

കൊല്ലം കരുനാഗപ്പള്ളിയിലെ കായലിനും കടലിനും ഇടയിലുള്ള ആലപ്പാട് തീരത്ത് നടക്കുന്ന കരിമണല്‍ ഖനനത്തിനെതിരെ നാട്ടുകാര്‍ നടത്തുന്ന സമരം എഴുപത് ദിവസം പിന്നിടുമ്പോഴാണ് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന സര്‍ക്കാര്‍ നിലപാട്. ഖനനം മൂലം ഭൂവിസ്തൃതി കുറയുകയും തീരദേശം കടലാക്രമണ ഭീതിയിലുമാണ്. അവശേഷിക്കുന്ന തീരവും കടലെടുക്കുന്നതിന് മുന്‍പ് ഖനനം നിര്‍ത്തിവെക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം. തുടക്കത്തില്‍ ഈ വിഷയത്തോടെ സര്‍ക്കാര്‍ മുഖം തിരിഞ്ഞു നില്‍ക്കുന്ന സമീപനമാണ് ഉണ്ടായത്. ഖനനത്തെ പിന്തുണക്കുന്ന നിലപാടായിരുന്നു വ്യവസായ മന്ത്രി അടക്കമുള്ളവരുടേത്. ഇപ്പോഴാണ് ഈ വിഷയത്തില്‍ നിലപാട് മാറ്റാന്‍ അവര്‍ തയ്യാറായത്.

പൊന്മന, ആലപ്പാട് എന്നീ ഗ്രാമങ്ങളില്‍ നിന്നായി 40.46 ഹെക്ടറാണ് ഇന്ത്യന്‍ റെയര്‍ എര്‍ത്ത് വില കൊടുത്ത് വാങ്ങി കരിമണല്‍ ഖനനം നടത്തുന്നത്. അറുപത് വര്‍ഷമായി ഈ ഭാഗങ്ങളില്‍ ഖനനം നടക്കുന്നു. ഓരോ വര്‍ഷവും കൂടുതല്‍ സ്ഥലം സ്വന്തമാക്കി ഖനനത്തിന്റെ തോത് വര്‍ധിപ്പിക്കുന്നു. 89.5 ചതുരശ്ര കിലോമീറ്ററുണ്ടായിരുന്ന ആലപ്പാട് ഗ്രാമം ഇപ്പോള്‍ 7.6 ചതുരശ്ര കിലോമീറ്ററായി കുറഞ്ഞിരിക്കുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഖനനം തുടരും തോറും കടല്‍ കരയെ വിഴുങ്ങുകയാണ്. നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് ഖനനമെന്നാണ് നാട്ടുകാരുടെ പരാതി.

ഖനനം നടത്തിയ സ്ഥലം പൂര്‍വ്വസ്ഥിതിയിലാക്കണമെന്ന ചട്ടവും പാലിക്കപ്പെടുന്നില്ല. അനുമതിയില്ലാത്ത സ്ഥലത്തും ഐആര്‍ഇ കമ്പനി ഖനനം നടത്തുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. 21 റീസര്‍വ്വേ നമ്പറുകളിലുള്ള സ്ഥലങ്ങള്‍ അപ്രത്യക്ഷമായെന്ന് മുല്ലക്കര രത്നാകരന്‍ അധ്യക്ഷനായ നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കിണറുകളും ഉറവകളും വറ്റി. നാട്ടുകാരുടെ പരാതികള്‍ ശരിയാണെന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് ഒമ്പത് മാസം പിന്നിട്ടു.

ആലപ്പാട്ട് സമരം തുടങ്ങി കാലങ്ങള്‍ കഴിഞ്ഞെങ്കിലും തുടക്കത്തില്‍ മാധ്യമങ്ങള്‍ തിരുഞ്ഞു നോക്കിയിരുന്നില്ല. ഈ ഘട്ടത്തിലാണ് സമരസമിതി സോഷ്യല്‍ മീഡിയ എന്ന പ്ലാറ്റ് ഫോം തിരഞ്ഞെടുത്തത്. ഫെയ്‌സ് ബുക്കില്‍ ഇതോടെ സേവ് ആലപ്പാട് ഹാഷ്ടാഗായി ഉയര്‍ന്നുവന്നു. ഇത് ഇന്‍സ്റ്റാഗ്രാമിലേക്കും പടര്‍ന്നു. ഇന്‍സ്റ്റാഗ്രാമില്‍ പലരും സെലിബ്രിറ്റികളെ ടാഗ് ചെയ്തതോടെ പ്രമുഖ താരങ്ങളൊക്കെ പിന്‍തുണയുമായി രംഗത്തെത്തി. സൂപ്പര്‍ സ്റ്റാര്‍ പൃഥിരാജ് പോലും തന്റെ ഫെയ്‌സ് ബുക്കിലൂടെ ആലപ്പാടിനുള്ള പിന്‍തുണ നല്‍കി. ആദ്യമായി സിനിമ രംഗത്ത് നിന്നും പിന്‍തുണ ലഭിക്കുന്നത് ടൊവിനോയുടതായിരുന്നു. കൊല്ലത്തെ ഒരു പരിപാടിക്കിടെയായിരുന്നു അദ്ദേഹം തന്റെ പിന്‍തുണ അറിയിച്ചത്. ഇതോടെയാണ് മറ്റു പലരും രംഗത്തെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here