എം.കെ.സുരേന്ദ്രനെ വെട്ടിയ സംഭവം: ഞെട്ടിത്തരിച്ച് ആലത്തൂര്‍

0
7

ആലത്തൂര്‍: രാഷ്ട്രീയ സംഘര്‍ഷവും കൊലപാതകവും സാധാരണമല്ലാത്ത ആലത്തൂര്‍ നഗരം ഒരു നിമിഷം ഞെട്ടിത്തരിച്ചു. പോലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറിയ ശിവദാസനെ കണ്ട് ആദ്യം പോലീസ് അമ്പരന്നു .ഇയാളെ പിന്തുടര്‍ന്നെത്തിയവര്‍ പോലീസ് സ്റ്റേഷനിലേക്ക് ഇരച്ചുകയറുന്നു. പോലീസ് ഇവരെ തടയുന്നതോടെ ആകെ സംഘര്‍ഷാവസ്ഥ. കോടതി വളപ്പില്‍ ഭീകരാന്തരീക്ഷം കണ്ടുനിന്നവരും വിവരം അറിഞ്ഞത്തിയവരും പാര്‍ട്ടിപ്രവര്‍ത്തകരും എത്തിയതോടെ പോലീസ് സറ്റേഷന്‍ പരിസരം ജനസാഗരമായി. സംഘര്‍ഷാവസ്ഥ സംജാതമായി. സ്റ്റേഷന്റെ വാതില്‍ അടച്ച് പോലീസ് മുന്‍ കരുതല്‍ എടുത്തു.
സി.പി.എം വടക്കഞ്ചേരി ഏരിയ കമ്മിറ്റിയംഗവും സി.പി.എം-സംഘപരിവാര്‍ സംഘര്‍ഷം പതിവായ കണ്ണമ്പ്രയിലെ ലോക്കല്‍ സെക്രട്ടറിയുമായ സുരേന്ദ്രനു നേരെയുണ്ടായ വധശ്രമത്തെത്തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളാണ് മേല്‍ വിവരിച്ചത്. എം.കെ.സുരേന്ദ്രനെ (47) കോടതി പരിസരത്തു വച്ചു വെട്ടിപ്പരുക്കേല്‍പിച്ചതിനു പിന്നാലെ അക്രമി കണ്ണമ്പ്ര കുന്നങ്കാട് ശിവദാസന്‍ (37) വെട്ടാനുപയോഗിച്ച കൊടുവാളുമായി ആലത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി.
കഴുത്തിലും തലയിലും നെഞ്ചിലും വെട്ടേറ്റ സുരേന്ദ്രന്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്. ശിവദാസനെ മജിസ്‌ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്തു. രാഷ്ട്രീയ ഗൂഡാലോചനയായാണ് സി.പി.എം. ഇതിനെ വിലയിരുത്തുന്നത്. ജില്ലാ സെക്രട്ടറിയുടെ തട്ടകത്തിലെ പ്രമുഖ നേതാവിനെതിരെയുണ്ടായ ആക്രമത്തെ നേതൃത്വം അതീവ ഗൗരവത്തോടെയാണ് കാണുന്നതും. സംഭവം അറിഞ്ഞെത്തിയ പാര്‍ട്ടി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വാക്കുകളിലും ഈ വികാരം തന്നേയാണ് നിഴലിച്ചത്.
കര്‍ഷക സംഘം ജില്ലാ എക്സിക്യൂട്ടീവംഗം, ലൈബ്രറി കൗണ്‍സില്‍ ജില്ല ജോയന്റ് സെക്രട്ടറി തുടങ്ങിയ ചുമതലകളും സുരേന്ദ്രനുണ്ട്. ശിവദാസന്‍ സംഘപരിവാര്‍ സംഘടനകളിലൊന്നും സജീവ പ്രവര്‍ത്തകനല്ലെന്നും സംഭവം വ്യക്തിപരമായ പ്രശ്നങ്ങളെ തുടര്‍ന്നാണെന്നുമാണ് സംഘപരിവാര്‍ നേതൃത്വം പറയുന്നത്. മഹിള അസോസിയേഷന്‍ നേതാവുമായുണ്ടായ പ്രശ്നം ബസില്‍ സീറ്റിനെച്ചൊല്ലിയുണ്ടായതാണ്.
ഡി.വൈ.എഫ്.ഐ.നേതാവിനെതിരെയുണ്ടായ ആക്രമണത്തില്‍ പോലീസിന്റെ കുറ്റപത്രത്തില്‍ ഇല്ലാതിരുന്നിട്ടും കോടതിമുഖേന തന്നെ പ്രതിയാക്കിയതിനു പിന്നില്‍ സുരേന്ദ്രനാണെന്ന് ശിവദാസന്‍ വിശ്വസിച്ചിരുന്നു. ഇതിലുള്ള വിരോധമാകാം ഇയാളെ ഇതിനു പ്രേരിപ്പിച്ചതെന്നാണ് സംഘപരിവാര്‍ കേന്ദ്രങ്ങളുടെ നിലപാട്.ഡി.വൈ.എസ്.പി. വി.എ. കൃഷ്ണദാസ്,സി.ഐ. കെ.എ. എലിസബത്ത് എന്നിവരുടെ നേതൃത്വത്തില്‍ കുറച്ചു പോലീസുകാര്‍ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വടക്കഞ്ചേരി,കുഴല്‍മന്ദം,കോട്ടായി,പുതുനഗരം സ്റ്റേഷനുകളില്‍ നിന്നും മുട്ടിക്കുളങ്ങര ക്യാമ്പില്‍ നിന്നും കൂടുതല്‍ പോലീസ് എത്തിയതോടെ സ്ഥിതി ശാന്തമായി.
കെ.ഡി.പ്രസേനന്‍ എം.എല്‍.എ.യും സി.പി.എം. നേതാക്കളും സ്ഥലത്തെത്തിയതോടെ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി പിരിഞ്ഞുപോയി.

LEAVE A REPLY

Please enter your comment!
Please enter your name here