വനിതാ സംവരണവും സ്ത്രീ പ്രാതിനിധ്യവും

0
5

കോണ്‍ഗ്രസ്സ് അധികാരത്തില്‍ വന്നാല്‍ വനിതാ സംവരണബില്‍ പാര്‍ലമെന്റിന്റെ ആദ്യസമ്മേളനത്തില്‍തന്നെ പാസ്സാക്കുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. മദ്ധ്യപ്രദേശിലെ ശിവപുരിയില്‍ അംഗനവാടി വര്‍ക്കര്‍മാര്‍ക്കുള്ള സഖിസംവാദ് എന്ന പരിപാടിയില്‍ സംസാരിച്ചുകൊണ്ടാണ് സിന്ധ്യ ഈ വാഗ്ദാനം നടത്തിയത്. യു.പി.എ അദ്ധ്യക്ഷ സോണിയാഗാന്ധിയും പാര്‍ട്ടി പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും വനിതാസംവരണബില്ലിന് എക്കാലവും അനുകൂലമാണെന്ന് അദ്ദേഹം പറഞ്ഞു. ഗുണശിവപുരി മണ്ഡലത്തില്‍ താന്‍ അടുത്തതവണ സ്ഥാനാര്‍ത്ഥിയാണെന്നും അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ ആ മണ്ഡലത്തിലെ എം.പിയുടെ ഭര്‍ത്താവായിരിക്കും താനെന്നും ജ്യോതിരാദിത്യ സിന്ധ്യ വെളിപ്പെടുത്തി. ഭാര്യ പ്രിയദര്‍ശിനി രാജെ സിന്ധ്യ ഇത്തവണ ഗുണ മണ്ഡലത്തില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് അങ്ങിനെ ജ്യോതിരാദിത്യ വിരാമം കുറിച്ചു.

ജനസംഖ്യയില്‍ പകുതിയോളം വരുന്ന സ്ത്രീകള്‍ക്ക് നിയമനിര്‍മ്മാണസഭകളില്‍ അര്‍ഹമായ പ്രാതിനിധ്യം വേണമെന്ന മുറവിളിക്ക് കാല്‍നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. അനേകം സമ്മര്‍ദ്ദങ്ങളുടെ ഫലമായി 2010-ല്‍ രാജ്യസഭയില്‍ വനിതാസംവരണബില്ല് അവതരിപ്പിച്ച് പാസ്സാക്കി. 108-ാം ഭരണഘടനാഭേദഗതിബില്‍ എന്നനിലയിലായിരുന്നു അത്. സംസ്ഥാനനിയമസഭകളിലും ലോക്‌സഭയിലും 33ശതമാനം സ്ഥാനങ്ങള്‍ സ്ത്രീകള്‍ക്ക് നീക്കിവയ്ക്കണം എന്നാണ് വനിതാസംവരണബില്ലിലെ നിര്‍ദ്ദേശം. ജനസംഖ്യയില്‍ പകുതിയോളം പേര്‍വരുന്നവര്‍ക്ക് 33ശതമാനംപോലും അര്‍ഹിക്കുന്നതിലും കുറവാണ്. എന്നാല്‍ പുരുഷാധിപത്യം കൊടികുത്തിവാഴുന്ന രാഷ്ട്രീയത്തില്‍ തുല്യനീതിക്കുവേണ്ടുയുള്ള സ്ത്രീകളുടെ ആവലാതികള്‍ വനരോദനമായി കലാശിക്കുകയാണ് പതിവ്. രാജ്യത്തെ ഒരു രാഷ്ട്രീയപാര്‍ട്ടിയിലും സ്ത്രീകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നിലവിലില്ല. എന്നിരിക്കെ നിയമനിര്‍മ്മാണസഭയില്‍ മൂന്നിലൊന്ന് സ്ഥാനം നീക്കിവച്ചാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ അര്‍ഹരായ സ്ഥാനാര്‍ത്ഥികളെ കിട്ടില്ലെന്ന് നേതാക്കള്‍ മുട്ട്‌ന്യായം പറയും. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ ഇപ്പോള്‍ പകുതി പദവികള്‍ വനിതകള്‍ക്ക് നീക്കിവച്ചിരിക്കുകയാണ്. 1993-ല്‍ നഗരപാലിക-പഞ്ചായത്തീരാജ് നിയമം പാസ്സാക്കിയപ്പോള്‍ മൂന്നിലൊന്ന് സ്ഥാനങ്ങള്‍ സ്ത്രീകള്‍ക്ക് സംവരണം ചെയ്തിരുന്നു. 26വര്‍ഷം കൊണ്ട് ജനാധിപത്യ ഭരണസംവിധാനവുമായും അതിനുവേണ്ടുന്ന രാഷ്ട്രീയ പ്രവര്‍ത്തനവുമായും പുരുഷനോടൊപ്പം തുല്യപങ്കാളിത്തത്വോടെ സ്ത്രീകള്‍ പെരുമാറുകയാണ്. ആ അനുഭവം നിയമസഭയിലും ലോക്‌സഭയിലുമെത്താന്‍ അവര്‍ക്ക് ധാരാളം മതി. എന്നിട്ടും മത്സരിക്കാന്‍ അര്‍ഹരായ സ്ത്രീകളെ കിട്ടില്ല എന്ന പരാതി അസ്ഥാനത്താണ്. രാഷ്ട്രീയമായി സ്ത്രീകള്‍ സ്വയം സംഘടിതരല്ല. അവകാശങ്ങള്‍ പുരുഷന്റെ ഔദാര്യമായി സ്വീകരിക്കാന്‍ കാത്തുനില്‍ക്കാതെ നിയമപരമായും ധാര്‍മ്മികമായും അത് നേടിയെടുക്കാനാണ് സ്ത്രീകള്‍ ശ്രമിക്കേണ്ടത്. അതിനുള്ള അറിവും സംഘടനാശക്തിയും ആര്‍ജ്ജിക്കാതെ നിയമനിര്‍മ്മാണ സഭയിലെന്നല്ല; അര്‍ഹമായ ഒരുവേദിയിലും വനിതകള്‍ക്ക് ന്യായമായ പരിഗണന കിട്ടില്ല.

വനിതാസംവരണബില്‍ കഴിഞ്ഞ നവംബറില്‍ ഒഡീഷ നിയമസഭ പാസ്സാക്കിയപ്പോള്‍ ഐക്യരാഷ്ട്രസഭപോലും മുഖ്യമന്ത്രി നവീന്‍പട്‌നായിക്കിനെ മുക്തകണ്ഠം പ്രശംസിച്ചു. 19 വര്‍ഷമായി പാര്‍ലമെന്റില്‍ അനുമതികാത്തിരിക്കുന്ന ആ ബില്ലിന് പ്രബുദ്ധ കേരളത്തിലെ നിയമനിര്‍മ്മാണസഭയില്‍ നിന്ന് ഒരു കയ്യടി ഇതുവരെ കിട്ടിയിട്ടില്ല. നമ്മുടെ നിയമസഭയില്‍ സ്ത്രീകളുടെ പ്രാതിനിധ്യംപോലും നാമമാത്രമാണ്. നിമയമംവരികയോ വരാതിരിക്കുകയോ ചെയ്യട്ടെ! വരുന്ന ലോക്‌സഭാതിരഞ്ഞെടുപ്പില്‍ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ പകുതി മണ്ഡലങ്ങളില്‍ സ്ത്രീകളെ മത്സരിപ്പിക്കുമോ? പോകട്ടെ, മൂന്നിലൊന്ന് സീറ്റെങ്കിലും ഏതെങ്കിലും മുന്നണിയോ പാര്‍ട്ടിയൊ അവര്‍ക്ക് നല്‍കുമോ? ഓര്‍ക്കുക, കേരളത്തിലെ വോട്ടര്‍മാരില്‍ പുരുഷന്മാരെക്കാള്‍ കൂടുതല്‍പേര്‍ സ്ത്രീകളാണ്. ഓരോ തിരഞ്ഞെടുപ്പ്കാലത്തും സ്ത്രീസംവരണം അടുത്ത സഭയില്‍ ഉണ്ടാകുമെന്ന് വാഗ്ദാനം ചെയ്ത് മോഹിപ്പിക്കാന്‍ ശ്രമിക്കാതെ ജ്യോതിരാദിത്യ സിന്ധ്യയെപ്പോലുള്ളവര്‍ പ്രവര്‍ത്തിച്ചുകാണിക്കേണ്ട സന്ദര്‍ഭമാണിത്. നിയമംവരികയോ വരാതിരിക്കുകയോ ചെയ്യട്ടെ, ധര്‍മം ഞങ്ങള്‍ മുന്‍കൂട്ടി അനുഷ്ഠിക്കുകയാണ്. വോട്ട് മാത്രം പോര സ്ത്രീകളെ തുല്യരായി മാനിക്കുന്നു എന്ന് കാട്ടിക്കൊടുക്കണം. അല്ലെങ്കില്‍ തുല്യനീതിയെക്കുറിച്ചുള്ള ഗീര്‍വാണങ്ങള്‍ക്ക് യാതൊരുവിലയുമുണ്ടാകില്ല.

LEAVE A REPLY

Please enter your comment!
Please enter your name here