തളത്തില്‍ ദിനേശനും ശോഭയും വീണ്ടുമെത്തുന്നു; ഇത്തവണ നിവിന്‍ പോളിയും നയന്‍താരയും; സംവിധാനം ധ്യാന്‍ ശ്രീനിവാസന്‍

0
10

മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മലയാളി പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത രണ്ട് കഥാപാത്രങ്ങള്‍ വീണ്ടുമെത്തുന്നു. തളത്തില്‍ ദിനേശനും ഭാര്യ ശോഭയും. ഇക്കുറി പക്ഷെ ചില വ്യത്യാസങ്ങളുണ്ട് ഇരുവര്‍ക്കും. പുതിയ യുഗത്തിലെ ഭാര്യയും ഭര്‍ത്താവുമായാണ് ഇവര്‍ നമുക്ക് മുന്നിലെത്തുന്നത്.

ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലാണ് ശ്രീനിവാസന്‍ സംവിധാനം ചെയ്ത വടക്കുനോക്കി യന്ത്രത്തിലെ നായക കഥാപാത്രങ്ങളുടെ പേര് നല്‍കിയിരിക്കുന്നത്. നിവിന്‍ പോളി തളത്തില്‍ ദിനേശനായും നയന്‍താര ശോഭയായും ചിത്രത്തിലെത്തുന്നു. കഥാപാത്രങ്ങളുടെ പേരില്‍ മാത്രമേ സാമ്യമുള്ളു എന്നും കഥയും സ്വഭാവവും മറ്റൊന്നാണെന്നുമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടുന്ന വിവരം.

നടന്‍ അജു വര്‍ഗ്ഗീസ് ആദ്യമായി നിര്‍മാതാവാകുന്ന ചിത്രം കൂടിയാണ് ലവ് ആക്ഷന്‍ ഡ്രാമ. ഫന്റാസ്റ്റിക്ക് ഫിലിംസ്, എം സ്റ്റാര്‍ എന്റര്‍ടെയിന്റ്മെന്റ്സ് എന്നീ ബാനറുകളില്‍ അജു വര്‍ഗീസും വിശാഖ് പി സുബ്രഹ്മണ്യവുമാണ് ചിത്രം നിര്‍മിക്കുന്നത്. ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍, അജു വര്‍ഗീസ്, ജൂഡ് ആന്റണി എന്നിവര്‍ക്കൊപ്പം തമിഴില്‍ നിന്നും കന്നഡയില്‍ നിന്നുമുള്ള താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. കൂടാതെ മലര്‍വാടി ആര്‍ട്സ് ക്ലബ്ബില്‍ ഒത്തുകൂടിയ ചെറുപ്പക്കാര്‍ വീണ്ടും ഒന്നിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പ്രകാശന്‍ (നിവിന്‍ പോളി), കുട്ടു (അജു വര്‍ഗീസ്), പുരുഷു (ഭഗത് മാനുവല്‍), പ്രവീണ്‍ (ഹരികൃഷ്ണന്‍) എന്നിവരും ലവ് ആക്ഷന്‍ ഡ്രാമയില്‍ ഒന്നിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here