മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ സിനിമയാകുന്നു

0
10

2008 ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ സിനിമയാകുന്നു. മേജര്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ തെലുങ്ക് നടനും സംവിധായകനും തിരക്കഥാകൃത്തുമായ അദിവി ശേഷ് സന്ദീപ് ഉണ്ണികൃഷ്ണന്റെ കഥാപാത്രത്തെ അവതരിപ്പിക്കും.

നടന്‍ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി.മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റുമായി ചേര്‍ന്ന് സോണി പിക്‌ചേഴ്‌സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം. സോണിയുടെ തെലുങ്കിലെ ആദ്യ നിര്‍മ്മാണ സംരംഭം കൂടിയാണിത്. അദിവി സേഷിന്റെ അദിവി എന്റര്‍ടെയ്ന്‍മെന്റും ശരത് ചന്ദ്ര, അനുരാഗ് റെഡ്ഡി എന്നിവരുടെ എ പ്ലസ് എസ് മൂവീസും ‘മേജറി’ന്റെ നിര്‍മ്മാണ പങ്കാളികളാണ്. അദിവി സേഷ് തന്നെ തിരക്കഥയുമൊരുക്കുന്ന ചിത്രത്തിന്റെ സംവിധാനം ശശികിരണ്‍ ടിക്കയാണ്.

ഹിന്ദിയിലും തെലുങ്കിലും നിര്‍മ്മിക്കുന്ന ചിത്രം 2019ല്‍ ചിത്രീകരണം ആരംഭിച്ച് 2020ല്‍ തിയ്യേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മുംബൈ താജ് ഹോട്ടല്‍ കേന്ദ്രീകരിച്ച് 2008 നവംബര്‍ 26ന് നടന്ന ഭീകരാക്രമണത്തിനിടെ 14 സിവിലിയന്മാരെ രക്ഷിച്ച എന്‍.എസ്.ജി കമാന്‍ഡോയാണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍. പരുക്കു പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്നു ഉണ്ണികൃഷ്ണന്‍ വെടിയേറ്റു മരിച്ചത്. കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂരിലാണ് സന്ദീപ് ഉണ്ണികൃഷ്ണന്‍ ജനിച്ചത്. പിന്നീട് ബംഗളൂരുവിലേക്ക് താമസം മാറുകയായിരുന്നു. അദ്ദേഹത്തിന്റെ സംഭാവനകള്‍ക്കുള്ള ആദരവെന്ന നിലയില്‍ മരണശേഷം 2009ല്‍ ഭാരത സര്‍ക്കാര്‍ പരമോന്നത സൈനിക ബഹുമതിയായ അശോക ചക്ര സമ്മാനിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here