അനധികൃതമായി ഡ്രോണ്‍ പറത്തിയാല്‍ ഉടന്‍ പിടിവീഴും; ഡ്രോണുകള്‍ക്ക് ലൈസന്‍സ് കര്‍ശനമാക്കാന്‍ പൊലീസ്

0
2

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രോണ്‍ ക്യാമറകള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. അനധികൃത ഡ്രോണുകള്‍ക്കെതിരെ ഇനി കര്‍ശനനടപടിയുണ്ടാകും. ലൈസന്‍സ് വേണ്ടാത്ത ചൈനീസ് ഡ്രോണുകള്‍ക്ക് വേണ്ടി സംസ്ഥാനവ്യാപകമായി പരിശോധനയുണ്ടാകുമെന്നും ഡിജിപി വ്യക്തമാക്കി. ഐജി അശോക് യാദവിന്റെ നേതൃത്വത്തില്‍ സാങ്കേതിക വിദഗ്ധരെ ഉള്‍പ്പെടുത്തിയുള്ള വിശദമായ അന്വേഷണവും പരിശോധനയും നടക്കും.അതേസമയം. തീരദേശ റെയില്‍വേ പാതക്ക് സര്‍വ്വേ തയ്യാറാക്കാന്‍ വന്ന സംഘമാണ് തിരുവനന്തപുരത്തെ തീരദേശത്ത് ഡ്രോണ്‍ പറത്തിയതെന്ന് വ്യക്തമായി. തമിഴ്‌നാട്ടില്‍ നിന്ന് ഇതിനായി എത്തിയ ഏജന്‍സിയിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തപ്പോഴാണ് ഡ്രോണ്‍ പറത്തലിന് പിന്നില്‍ ഇവരാണെന്ന് മനസ്സിലായത്. ഡ്രോണ്‍ പറത്താന്‍ ഏജന്‍സി അനുവാദം ചോദിച്ചിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. നാഗര്‍കോവില്‍ ആസ്ഥാനമായുള്ള ഒരു ഏജന്‍സിയുടെ ഉദ്യോഗസ്ഥരാണ് തിരുവനന്തപുരത്തെത്തി ഡ്രോണ്‍ പറത്തിയത്. ഇവരെ കൊണ്ടുവന്ന ഡ്രൈവര്‍മാരെ അടക്കം പൊലീസ് വിളിപ്പിച്ച് ചോദ്യം ചെയ്തു. നേമത്ത് നിന്ന് ഡ്രോണ്‍ പറത്തിയെങ്കിലും നിയന്ത്രണം വിട്ടുപോയെന്നാണ് ഉദ്യോഗസ്ഥര്‍ പൊലീസിനോട് പറഞ്ഞിരിക്കുന്നത്.

21 – ന് രാത്രി വിഎസ്എസ്‌സിയുടെ മുകളിലൂടെയും തുമ്പ തീരദേശമേഖലയിലുമുള്ള അതീവസുരക്ഷാ മേഖലകളില്‍ ഡ്രോണ്‍ പറത്തിയത് രാത്രി പട്രോളിംഗ് നടത്തിയിരുന്ന പൊലീസുകാരാണ് കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി പൊലീസ് ആസ്ഥാനത്തിന്റെ മുകളിലൂടെയും ഡ്രോണ്‍ പറന്നത് ശ്രദ്ധയില്‍പ്പെട്ടു. പൊലീസ് ആസ്ഥാനത്ത് സെക്യൂരിറ്റി ചുമതലയിലുണ്ടായിരുന്ന പൊലീസുകാരാണ് ഡ്രോണ്‍ ക്യാമറ കണ്ടതായി റിപ്പോര്‍ട്ട് നല്‍കിയത്. പൊലീസ് ആസ്ഥാനത്തിന്റെ അഞ്ചാം നിലയ്ക്ക് സമീപമാണ് ഡ്രോണ്‍ ക്യാമറ പറന്നത്.ഡ്രോണ്‍ പറത്തല്‍ കേസില്‍ എഡിജിപി മനോജ് എബ്രഹാമിന് അന്വേഷണച്ചുമതല നല്‍കിയിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘം കേന്ദ്ര ഇന്റലിജന്‍സിന്റെയും വ്യോമസേനയുടെയും സഹായം തേടുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ ഗുരുദിന്‍ വ്യക്തമാക്കി. ശംഖുമുഖം എസിയുടെ നേതൃത്വത്തിലാകും അന്വേഷണം നടക്കുക. സംഭവം അതീവഗൗരവകരമായാണ് കാണുന്നതെന്നും ഇതിന്റെ എല്ലാ സാധ്യതകളും പരിശോധിച്ചുകൊണ്ട് പഴുതടച്ച അന്വേഷണമാണുണ്ടാവുകയെന്നും കമ്മീഷണര്‍ വ്യക്തമാക്കി. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ കേരളമുള്‍പ്പടെയുള്ള തീരമേഖലകളില്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കര്‍ശനനിര്‍ദേശം നല്‍കിയിരുന്നു. കടല്‍മാര്‍ഗം ഭീകരര്‍ നുഴഞ്ഞു കയറാനുള്ള സാധ്യത കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കാനും നിര്‍ദേശം നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് സംശയങ്ങളൊഴിവാക്കാന്‍ പഴുതടച്ച അന്വേഷണം നടത്താന്‍ പൊലീസും ഇന്റലിജന്‍സും തീരുമാനിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here