മാമാങ്കത്തിന്റെ ചിത്രീകരണം തടയണമെന്നാവശ്യപ്പെട്ട് സജീവ്പിള്ള നല്‍കിയ ഹര്‍ജി കോടതി തള്ളി

0
12

കൊച്ചി: മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയായ മാമാങ്കത്തിന്റെ ചിത്രീകരണം തടയണമെന്നാവശ്യപ്പെട്ട് സജീവ് പിള്ള നല്‍കിയ ഹര്‍ജി എറണാകുളം ജില്ലാ കോടതി (രണ്ട്) തളളി. തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന തന്നെ മമ്മൂട്ടി നായക വേഷത്തിലെത്തുന്ന ബഹുഭാഷാ ചിത്രത്തില്‍ നിന്നും ഒഴിവാക്കി എന്ന് കാണിച്ചാണ് ചിത്രീകരണം സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി സജീവ് പിള്ള കോടതിയെ സമീപിച്ചത്.

എന്നാല്‍ മാമാങ്കം സിനിമയുടെ പൂര്‍ണാവകാശം സജീവ് പിള്ള നിര്‍മ്മാതാവായ വേണു കുന്നപ്പള്ളിക്ക് കൈമാറിയതായി കാവ്യാ ഫിലിംസിന്റെ അഭിഭാഷകന്‍ സയ്ബി ജോസ് കിടങ്ങൂര്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. തിരക്കഥയ്ക്ക് ഉള്‍പ്പെടെ പ്രതിഫലമായി നിശ്ചയിച്ചിരുന്ന 23 ലക്ഷത്തില്‍ 21.75 ലക്ഷം രൂപയും സജീവ് പിള്ള സിനിമയുടെ രണ്ടാം ഷെഡ്യൂള്‍ പൂര്‍ത്തിയാകും മുമ്പു തന്നെ ബാങ്ക് അക്കൗണ്ട് മുഖേന കൈപ്പറ്റിയിരുന്നു. മുമ്പ് സിനിമകളൊന്നും ചെയ്തിട്ടില്ലാത്തസജീവ് പിള്ള ,ചിത്രീകരിച്ച ഒരു മണിക്കൂര്‍ രംഗങ്ങളില്‍ പത്തു മിനിറ്റ് സീനുകള്‍ പോലും സിനിമയില്‍ ഉപയോഗിക്കാന്‍ കഴിയാത്ത നിലയിലാണെന്നും അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു.

13 കോടി രൂപയാണ് ഇതു മൂലം നഷ്ടമുണ്ടായത്. സിനിമ വീണ്ടും ഷൂട്ട് ചെയ്യേണ്ടുന്ന സാഹചര്യവുമുണ്ടായി. തുടക്കക്കാരനായതിനാല്‍ വീഴ്ചകള്‍ സംഭവിച്ചാല്‍ തന്നെ സിനിമയില്‍ നിന്നും മാറ്റുന്നതിന് സമ്മതിച്ച് സജീവ് പിള്ള നിര്‍മ്മാതാവുമായി ഒന്നര വര്‍ഷം മുമ്പ് തന്നെ ഒപ്പു വെച്ചിരുന്ന കരാറും കാവ്യ ഫിലിംസിനു വേണ്ടി കോടതി മുമ്പാകെ ഹാജരാക്കിയിരുന്നു.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 100 കോടിയോളം ചെലവഴിച്ചാണ് മാമാങ്കം ചിത്രീകരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here