ബംഗാളിലെന്താണ് സംഭവിക്കുന്നത്

0
10

ലോക്‌സഭാ തിരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ പടിഞ്ഞാറെ ബംഗാളില്‍ നിന്ന് തീരെ ശുഭകരമല്ലാത്ത വാര്‍ത്തകള്‍ കേള്‍ക്കുന്നു. വംഗദേശത്തിന്റെ ആധിപത്യം പിടിക്കാന്‍ ബി.ജെ.പിയും അവിടുത്തെ ഭരണകക്ഷിയായ തൃണമുല്‍ കോണ്‍ഗ്രസും ആസൂത്രിതമായി നടത്തിവരുന്ന ശ്രമങ്ങള്‍ അതിരുവിടുന്നതിന്റെ പ്രത്യക്ഷ സൂചനകളാണ് കഴിഞ്ഞ ദിവസം കണ്ടത്. നീണ്ട കാലത്തെ ഇടതു ഭരണത്തില്‍ നിന്ന് പശ്ചിമബംഗാളിനെ ജനാധിപത്യമാര്‍ഗ്ഗത്തിലേക്ക് മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തിരിച്ചുകൊണ്ടുവന്നു എന്നാണ് പുറംലോകം തെറ്റിദ്ധരിച്ചത്. എരിതീയില്‍ നിന്ന് വറചട്ടിയിലേക്ക് വീണതുപോലെയാണ് ഇപ്പോള്‍ ബംഗാളിന്റെ അവസ്ഥ.

കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും അവിടെ നാമമാത്രമായി. മമത ബാനര്‍ജിയുടെ അടിസ്ഥാനവര്‍ഗ്ഗ പാര്‍ട്ടി രാജ്യത്തെ എല്ലാ സാമ്പ്രദായിക രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും വെല്ലുവിളിക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ അംഗങ്ങളെ ജയിപ്പിച്ച് രാജ്യ ഭരണത്തില്‍ ശക്തമായ ഇടപെടല്‍ നടത്താനാണ് മമത ആഗ്രഹിക്കുന്നത്. രാജ്യം ഇപ്പോള്‍ ഭരിക്കുന്ന ബി.ജെ.പിക്ക് ബംഗാള്‍ പുതിയൊരു മേച്ചില്‍പ്പുറമാണ്. കോണ്‍ഗ്രസും കമ്യൂണിസ്റ്റ് പാര്‍ട്ടിയും നിലംപരിശായിക്കിടക്കുന്ന പ്രദേശത്ത് ഹിന്ദുത്വ ആശത്തിന്റെ വിത്തിറക്കി വിളയിക്കാന്‍ എളുപ്പമാണെന്ന് ബി.ജെ.പി നേതാക്കള്‍ വിശ്വസിക്കുന്നു. ഈ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടങ്ങളിലെല്ലാം അതിന്റെ സാധ്യതകള്‍ ആണ് അമിത്ഷായും കൂട്ടരും പരീക്ഷിച്ചത്. വോട്ടെടുപ്പിന്റെ അവസാനഘട്ടമെത്തുമ്പോള്‍ ബംഗാളിലെ ഭരണകക്ഷിയായ തൃണമുല്‍കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ഏക വെല്ലുവിളിയെ ബി.ജെ.പിക്ക് നേരിടേണ്ടിവരുന്നു. കോണ്‍ഗ്രസിനോടും ബി.ജെ.പിയോടും ഒരുപോലെ അകലംപാലിച്ചാണ് ഈ തിരഞ്ഞെടുപ്പ് വേളയില്‍ മമതാ ബാനര്‍ജി പ്രവര്‍ത്തിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധികാരഗര്‍വ്വിന്റെ പ്രതീകമായി കണ്ടുകൊണ്ട് മമത കൂടുതല്‍ ആക്രമിച്ചു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയോട് മൃദു സമീപനമില്ലെങ്കിലും മോദിയെക്കാള്‍ ഭേദമാണെന്ന വിചാരം ദീദിക്കുണ്ട്.

വോട്ടെടുപ്പിന് ശേഷം ഡല്‍ഹി രാഷ്ട്രീയത്തില്‍ സംഭവിക്കാവുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് മമത ബാനര്‍ജി ഒരു നിലപാടെടുത്താല്‍ അതു ബി.ജെ.പിക്ക് ഒട്ടും അനുകൂലമാകാനിടയില്ല. കാരണം ബംഗാളില്‍ മമത നേര്‍ക്കുനേര്‍ പൊരുതിയത് ബി.ജെ.പിയോടാണെന്ന് അവര്‍ക്കും അവിടുത്തെ ജനങ്ങള്‍ക്കും നന്നായി അറിയാം. ബംഗാളിലെ യുദ്ധം മോദിയും ദീദിയും തമ്മിലുള്ള പോരായി ഒടുവില്‍ പരിണമിച്ചു. ബി.ജെ.പിയുടെ പ്രചരണ തന്ത്രങ്ങളെ മുഖ്യമന്ത്രി മമത ബാനര്‍ജി സര്‍വ്വ സന്നാഹങ്ങളും ഉപയോഗിച്ച് ചെറുക്കാന്‍ ശ്രമിച്ചു. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ അവസാനഘട്ട വോട്ടെടുപ്പിനു മുമ്പ് കൊല്‍ക്കത്തയില്‍ നടത്താനിരുന്ന റോഡ് ഷോയ്ക്ക് ആദ്യം അനുമതി നിഷേധിച്ചു. ഷായുടെ ഹെലികോപ്ടര്‍ ബംഗാളില്‍ ഇറങ്ങാന്‍ അനുവദിച്ചില്ല. മോദിയും ദീദിയും തമ്മിലുള്ള വാക്പയറ്റ് വ്യക്തി വിരോധത്തിലേക്ക് കടക്കുംവിധം മര്യാദയുടെ സീമകള്‍ പോലും മറികടന്നു. അങ്ങനെയിരിക്കെയാണ് കഴിഞ്ഞ ദിവസം കൊല്‍ക്കത്തയിലെ ഈശ്വര ചന്ദ്ര വിദ്യാസാഗര്‍ കോളേജിനു മുന്നില്‍ അമിത് ഷായുടെ പ്രചരണ റാലി എത്തിയപ്പോള്‍ ശക്തമായ കല്ലേറ് ഉണ്ടായത്. കോളേജ് ഹോസ്റ്റലില്‍ നിന്നായിരുന്നു ആക്രമണം. ബി.ജെ.പി പ്രവര്‍ത്തകരുടെ പ്രത്യാക്രമണവും തുടര്‍ന്നുണ്ടായ സംഘര്‍ഷവും പൊലീസിന് നിയന്ത്രിക്കാനായില്ല. അതിനിടെ ബംഗാളിലെ നവോത്ഥാന നായകനായ ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ക്കപ്പെട്ടു. രാജാറാം മോഹന്‍ റോയ്, രവീന്ദ്രനാഥ ടാഗോര്‍, സ്വാമി വിവേകാനന്ദന്‍ എന്നിവര്‍ക്കൊപ്പം ബംഗാളികള്‍ നെഞ്ചേറ്റി ആരാധിക്കുന്ന ചരിത്രപുരുഷനാണ് വിദ്യാസാഗര്‍. രാഷ്ട്രീയ പോരിനിടയില്‍ ബംഗാളിലെ സാംസ്‌കാരിക പ്രതീകങ്ങള്‍ക്ക് ക്ഷതമേറ്റാല്‍ തിരിച്ചടിയുണ്ടാകുന്നത് മമതയ്‌ക്കോ മോദിക്കോ എന്ന് അറിയാനിരിക്കുന്നതേ ഉള്ളൂ. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ ഒരു ദിവസം നേരത്തെ അവസാനിപ്പിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവായിട്ടുണ്ട്. ബി.ജെ.പിക്ക് എതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ മമതയുടെ പിന്നില്‍ പിന്തുണയുമായി അണിചേരാനും ഈ സംഭവം വഴിയൊരുക്കി.

LEAVE A REPLY

Please enter your comment!
Please enter your name here