ആലുവ: സംസ്ഥാനത്തെ ഈറ്റ മേഖലയിൽ ജോലി ചെയ്യുന്നവരെ സംരക്ഷിക്കാൻ ബാംബൂ കോർപ്പറേഷൻ അടിയന്തര നടപടിയെടുക്കണമെന്ന് സാംബവ മഹാസഭ സംസ്ഥാന പ്രസിഡന്റ് പി.കെ. ശങ്കർദാസ് പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഷോളയാർ, കുട്ടമ്പുഴ മേഖലകളിൽ നിന്ന് ഈറ്റ സംസ്ഥാനത്തിന് പുറത്തേക്ക് പോകുന്നതിനാൽ തൊഴിലാളിക്ക് ജോലി നഷ്ടപ്പെടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തിരഞ്ഞെടുപ്പുകളിൽ തോൽക്കുന്ന വെള്ളാനകളുടെ നിയന്ത്രണത്തിലാണ് ബാംബു കോർപ്പറേഷൻ. തൊഴിലാളികൾക്ക് യാതൊരു ഗുണവുമില്ല. 20 ശതമാനമുള്ള പട്ടിക വിഭാഗക്കാർക്ക് ദേവസ്വം ബോർഡ് നിയമനങ്ങളിൽ 12 ശതമാനം മാത്രം സംവരണം ഏർപ്പെടുത്തിയത് നീതികേടാണ്. ജനസംഖ്യാനുപാതികമായ പ്രാതിനിധ്യമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ബാംബു കോർപ്പറേഷനിലെ ഡയറക്ടർ ബോർഡിൽ സാംബവ പ്രതിനിധികളെ ഉൾപ്പെടുത്തുക, ദേവസ്വം ബോർഡിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും, എയ്ഡഡ് സ്ഥാപനങ്ങളിയും സംവരണതത്വം പാലിക്കുക, എയ്ഡഡ് സ്കൂളുകളിലെ നിയമനം പി.എസ്.സിക്ക് വിടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പ്രക്ഷോഭത്തിന് രൂപം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

സാംബവ മഹാസഭ സംസ്ഥാന പ്രതിനിധി സമ്മേളനം 14, 15 തിയതികളിൽ ആലുവ എം.എ.കെ. ഹാളിൽ നടക്കും. 14 ന് വൈകിട്ട് മൂന്നിന് പതാക ഉയർത്തലിന് ശേഷം എയ്ഡഡ് വിദ്യാഭ്യാസ മേഖലയും സംവരണവും എന്ന വിഷയത്തിൽ സെമിനാർ നടക്കും. 15ന് രാവിലെ പത്തിന് അൻവർ സാദത്ത് എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്യും. വി. സലീം, പി.എം. വേലായുധൻ, പി.കെ. കോന്നിയൂർ എന്നിവർ സംസാരിക്കും. 1618 ശാഖകളിൽ നിന്നായി 456 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. ജില്ലാ പ്രസിഡന്റ് പി.കെ. അജിതൻ, കെ.കെ. കുമാരൻ, യു. ഗോപി , പി.എ. രാജു എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here