ദില്ലി: വധശിക്ഷയ്ക്കെതിരെ നിർഭയക്കേസ് പ്രതി അക്ഷയ് കുമാർ സിംഗ് സമർപ്പിച്ച പുനഃ പരിശോധന ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. നിർഭയയുടെ മാതാപിതാക്കളുടെ വാദവും കോടതി കേൾക്കും. ചീഫ് ജസ്റ്റിസ് എസ്‌ എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് തുറന്ന കോടതിയിലാണ് വാദം കേൾക്കുന്നത്.

നിർഭയക്കേസ് പ്രതിയുടെ വധശിക്ഷ ഉടൻ നടപ്പാക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് അക്ഷയ് കുമാർ സിംഗ് സമർപ്പിച്ച പുനഃപരിശോധനാഹർജി കോടതി പരിഗണിക്കുന്നത്. വധശിക്ഷ ശരിവച്ച ബെഞ്ചിലെ അംഗങ്ങളായിരുന്ന ജസ്റ്റിസ് ആർ ബാനുമതി, ജസ്റ്റിസ് അശോക് ഭൂഷൺ എന്നിവരാണ് മൂന്നംഗ ബെഞ്ചിലെ അംഗങ്ങൾ. മറ്റ് പ്രതികളായ വിനയ് ശർമ്മ, പവൻകുമാർ ഗുപ്ത, മുകേഷ് സിംഗ് എന്നിവരുടെ പുനഃപരിശോധന ഹർജികൾ സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു.

കേസിൽ കുറ്റക്കാരാനായ വിനയ് ശര്‍മ്മയുടെ ദയാഹര്‍ജി പിൻവലിച്ചതോടെ ഇയാളെ കഴിഞ്ഞ ദിവസം തീഹാർ ജയിലിലേക്ക് കൊണ്ടുവന്നിരുന്നു. ദില്ലിയിലെ മാൺഡൂലി ജയിലിലായിരുന്നു ഇയാളെ പാർപ്പിച്ചിരുന്നത്. കേസിൽ കുറ്റക്കാരായ അക്ഷയ്, മുകേഷ് സിംഗ്, പവൻ ഗുപ്ത് എന്നിവർ തീഹാർ ജയിലിൽ തന്നെയാണ് ഉള്ളത്. പ്രതിയായിരുന്ന റാം സിങ്ങിന്‍റെ ആത്മഹത്യക്ക് ശേഷം ഇവരെ പല സ്ഥലങ്ങളിലേക്ക് മാറ്റിരുന്നു. കൂടാതെ കഴുമരം സ്ഥിതി ചെയ്യുന്ന തിഹാറിലെ മൂന്നാം ജയിലിന്‍റെ മരാമത്ത് പണികളും ഇതിനിടെ പൂർത്തിയാക്കിയിരുന്നു

ഏഴ് വർഷങ്ങൾക്ക് മുമ്പ് 2012 ഡിസംബർ 16 ന് ദില്ലിയിൽ ഓടിക്കൊണ്ടിരുന്ന ബസ്സിൽ വച്ചാണ് പാരാമെഡിക്കൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും അതിക്രൂരമായ രീതിയിൽ ആക്രമിച്ച് മൃതപ്രായയാക്കുകയും നഗ്നയാക്കി യുവതിയെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും വഴിയിൽ തള്ളുകയും ചെയ്തത്. പിന്നീട് ദില്ലി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നിർഭയയെ സിംഗപ്പൂരിൽ വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോയെങ്കിലും ഡിസംബർ 29ന് മരണത്തിന് കീഴടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here