കൊച്ചി: തടാകങ്ങളിൽ സ്ഥാപിച്ച ഫ്ളോട്ടിങ് സൗരോർജ പ്ലാന്റുമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. സിയാൽ ഗോൾഫ് കോഴ്സിലെ രണ്ടുതടാകങ്ങളിൽ മൊത്തം ഒരേക്കറോളം വിസ്തൃതിയിലാണ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. ഒഴുകുന്ന സൗരോർജ പദ്ധതിയുടെ ശേഷി 452 കിലോവാട്ടാണ്. ഇതോടെ ലോകത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളമായ സിയാലിന്റെ സൗരോർജ പദ്ധതികളുടെ മൊത്തം ശേഷി 40 മെഗാവാട്ടായി ഉയർന്നു.

അത്യാധുനിക ഫ്രഞ്ച് സാങ്കേതിക വിദ്യയാൽ വികസിപ്പിച്ചെടുത്ത ഹൈ ഡെൻസിറ്റി പോളിഎഥലീൻ പ്രതലങ്ങളിലാണ് പാനലുകൾ ഘടിപ്പിക്കുന്നത്. തുടർന്ന് ഇത്തരം ചെറുയൂണിറ്റുകളെ പരസ്പരം ബന്ധിപ്പിക്കുകയും തടാകങ്ങളിൽ നിക്ഷേപിക്കുകയും ചെയ്യും. 1300 ഫോട്ടോവോൾട്ടയിക് പാനലുകളാണ് ഈ പ്രതലങ്ങളിൽ പിടിപ്പിച്ചിട്ടുള്ളത്. രണ്ടുകോടി രൂപയാണ് ചെലവ്. സാധാരണയായി ഫ്ളോട്ടിങ് പാനലുകൾ സ്ഥാപിക്കാൻ മൂന്നിരട്ടി വരെ അധിക ചെലവുണ്ടാകും. എന്നാൽ നൂതന ഫ്രഞ്ച് സാങ്കേതിക വിദ്യ ഉപയോഗിച്ചതിനാൽ തറയിൽ ഘടിപ്പിക്കുന്ന പ്ലാന്റുകളുടെ ചെലവിനൊപ്പമാക്കാൻ കഴിഞ്ഞു. രാജ്യത്താദ്യമായാണ് ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്.

തറയിൽ ഘടിപ്പിക്കുന്ന പ്ലാൻുകളേക്കാൾ കാര്യക്ഷമമാണ് ഫ്ളോട്ടിങ് പ്ലാന്റുകൾ. ഹരിതോർജ ഉത്പാദനത്തിൽ അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കാനും തുടർച്ചയായി പരീക്ഷണങ്ങളിൽ ഏർപ്പെടാനും കഴിയുന്നതുകൊണ്ടാണ് സിയാൽ ഈ നേട്ടം കൈവരിച്ചതെന്ന് സ്ഥാപക മാനേജിങ് ഡയറക്ടർ വി.ജെ.കുര്യൻ പറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തിനും കാർബൺ പാദമുദ്രകുറയ്ക്കാനും സിയാൽ പ്രതിജ്ഞാബദ്ധമാണെന്നും അതിനായി പരീക്ഷണങ്ങൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

130 ഏക്കർ വിസ്തൃതിയുള്ള ഗോൾഫ് കോഴ്സ് സിയാൽ സമ്പൂർണ സുസ്ഥിര മാനേജ്മെന്റ് പദ്ധതിയനുസരിച്ചാണ് പരിപാലിക്കുന്നത്. വിമാനത്താവളത്തിലുള്ള മലിനജല ട്രീറ്റ്മെന്റ് പ്ലാന്റ് ശുദ്ധീകരിച്ച ജലം ഇവിടുത്തെ ജലസംഭരണികളായ തടാകങ്ങളിലെത്തുന്നു. ഈ ജലം ഗോൾഫ് കോഴ്സിലെ പുൽത്തകിടി നനയ്ക്കാൻ ഉപയോഗിക്കുന്നു. ഇത്തരം 12 തടാകങ്ങൾ സിയാൽ ഗോൾഫ് കോഴ്സിലുണ്ട്. ഫ്രഞ്ച് കമ്പനിയായ സിയെൽടെറ യുടെ സാങ്കേതിക സഹകരണത്തോടെയാണ് രണ്ടുതടാകങ്ങളിൽ സിയാൽ ഫ്ളോട്ടിങ് സൗരോർജ പ്ലാന്റ് സ്ഥാപിച്ചത്. ഡിസംബറിൽ ഇന്ത്യയുടെ ഫ്രഞ്ച് അംബാസഡർ ഇമ്മാനുവൽ ലെനയിൽ പ്ലാന്റ് സന്ദർശിച്ചിരുന്നു.

നിലവിൽ 1.6 ലക്ഷം യൂണിറ്റ് വൈദ്യുതി സിയാൽ സൗരോർജപ്ലാന്റുകൾ ഒരുദിവസം ഉത്പ്പാദിപ്പിക്കുന്നുണ്ട്. 1.3 ലക്ഷം യൂണിറ്റാണ് പ്രതിദിന ഉപഭോഗം. കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ 12 മെഗാവാട്ട് പദ്ധതിയുടെ പണി പൂർത്തിയായി വരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here