കൊച്ചി:കാര്‍ഷികം, ആരോഗ്യം, വിദ്യാഭ്യാസം, സ്ത്രീ സുരക്ഷ എന്നിവയ്ക്ക് മുൻഗണന നൽകുകയും നവീനമായ ഒട്ടേറെ പദ്ധതികൾ വിഭാവനം ചെയ്തുകൊണ്ടുമുള്ള എറണാകുളം ജില്ലാ പഞ്ചായത്തിൻ്റെ 2021 – 22 ബജറ്റ് വൈസ് പ്രസിഡൻ്റ് ഷൈനി ജോര്‍ജ്ജ് അവതരിപ്പിച്ചു. മുൻവർഷത്തെ നീക്കിയിരിപ്പ് ഉൾപ്പെടെ 180,77,77,682 രൂപ വരവും , 1768277223 രൂപ ചിലവും 3,95,00,459 രൂപ മിച്ചവും കണക്കാക്കുന്നതാണ് ബജറ്റ്. ബജറ്റില്‍ നികുതികളൊന്നും വര്‍ദ്ധിപ്പിച്ചിട്ടില്ല.

കാര്‍ഷിക മേഖലയുടെ പുനരുദ്ധാരണത്തിന് 9.71 കോടി രൂപയാണ് നീക്കി വച്ചിട്ടുള്ളത്. സമഗ്ര കാര്‍ഷിക വികസന പാക്കേജ് 2 കോടി, കേരഗ്രാമം 25 ലക്ഷം, ജാതി കൃഷി 25 ലക്ഷം, ഒരു നെല്ലും ചെമ്മീനും 50 ലക്ഷം, ആധുനിക റൈസ് മില്‍ 50 ലക്ഷം, ജൈവവൈവിദ്ധ്യ പാര്‍ക്ക് 10 ലക്ഷം, കാര്‍ഷിക വിപണന കേന്ദ്രങ്ങള്‍ 10 ലക്ഷം, ഫാം ടൂറിസം 1.5 കോടി, ജലസേചനം 2 കോടി 70 ലക്ഷം, നീര്‍സമൃദ്ധി 50 ലക്ഷം, ഫാമുകളുടെ നവീകരണത്തിന് 3.7 കോടിയും നീക്കി വച്ചു. നെല്‍കൃഷി കൂലിച്ചെലവ് സബ്സീഡിക്കായി 1 കോടി രൂപയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതുവഴി കര്‍ഷകന് ഹെക്ടറിന് 17,000രൂപ വീതം കൂലിചെലവില്‍ സബ്സീഡി ആയി ലഭിക്കും. ജില്ലാ പഞ്ചായത്ത് സ്വന്തമായി റൈസ് മില്ലുകള്‍ സ്ഥാപിച്ച് സ്വന്തം ബ്രാന്റില്‍ അരി വിപണിയിലിറക്കും. തോടുകളിലെ മാലിന്യം നീക്കം ചെയ്ത് നീര്‍ച്ചാലുകളുടെ നിര്‍ഗമനം സുഗമമാക്കി അതുവഴി കാര്‍ഷീക മേഖലകളുടെ സമൃദ്ദിയും വെള്ളപൊക്ക നിവാരണവും ഉറപ്പു വരുത്തുന്ന പദ്ദതിക്കായി 50 ലക്ഷവും ബജറ്റില്‍ നീക്കിവച്ചു. പഞ്ചായത്തുകള്‍ തോറും കേര ഗ്രാമം, സുഗന്ധഗ്രാമം, പൈനാപ്പിള്‍ ഗ്രാമം, തീരസമൃദ്ദി പ്രൊജക്ടുകള്‍ നടപ്പിലാക്കും.

*റോഡുകൾ*

റോഡുകളുടെ നവീകരണത്തിനായി 64 കോടിയും പുതിയ റോഡുകള്‍ക്കായി ഒരു കോടിയും പുതിയ പൊതുകെട്ടിടങ്ങളുടെ നിര്‍മ്മാണത്തിനും അറ്റകുറ്റ പണികള്‍ക്കുമായി 10 കോടിയും ബജറ്റില്‍ വകയിരുത്തി. കുടിവെളള പദ്ധതികള്‍ക്കായി 3.5 കോടിരൂപയും വകയിരുത്തി. ഭിക്ഷാടന വിമുക്ത ജില്ലയാക്കാൻ കർമ്മ പദ്ധതികൾ തയ്യാറാക്കും.

*വിദ്യാഭ്യാസ മേഖല*:

വിദ്യാഭ്യാസ മേഖലയുടെ സമഗ്രവികസനത്തിനായി 6.90 കോടി രൂപയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കുട്ടികള്‍ക്കായി വെബ്പോര്‍ട്ടലുകള്‍ സ്ഥാപിക്കും. വിദ്യാലയ അറ്റകുറ്റപ്പണികള്‍ക്കായി 6 കോടിയും ഫര്‍ണിച്ചറുകള്‍ വാങ്ങാനായി 45 ലക്ഷം രൂപയും കായിക മേഖലയില്‍ 45 ലക്ഷം നീക്കിവച്ചു. 25 ലക്ഷം രൂപ ചിലവഴിച്ച് സ്‌കൂളുകളില്‍ ടര്‍ഫ് കോര്‍ട്ട് നിര്‍മ്മിക്കും. ലാബ് ഇനങ്ങള്‍ (10 ലക്ഷം), വര്‍ണ്ണ വസന്തം (10 ലക്ഷം) ദ്രോണം (10 ലക്ഷം), സ്‌കൂള്‍ കുട്ടികള്‍ക്കായി നീന്തല്‍ പരിശീലനം (10 ലക്ഷം), കനോയിംഗ് കയാക്കിംഗ് (10 ലക്ഷം), ലൈബ്രറികള്‍ക്ക് പുസ്തകം, ഫര്‍ണിച്ചര്‍ (10 ലക്ഷം) എന്നിവയ്ക്കും ഫണ്ട് വകയിരുത്തി.

*ആരോഗ്യ സംരക്ഷണം:*

ആരോഗ്യ സംരക്ഷണത്തിനായി 6 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. വൃക്കരോഗികള്‍ക്ക് ഡയാലിസിസിസിനായി 288 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് ആശുപത്രികള്‍ക്ക് മരുന്നു വാങ്ങുന്നതിനായി 75 ലക്ഷവും, ജില്ലാ പഞ്ചായത്ത് ആശുപത്രികള്‍ക്ക് ഓഫീസ് ചെലവുകള്‍ 1 കോടിയും സാന്ത്വനം സ്പര്‍ശം 50 ലക്ഷം, ഹീമോഫീലിയ രോഗികള്‍ക്ക് 50 ലക്ഷവും നീക്കിവച്ചു. ക്യാന്‍സര്‍ മുക്ത എറണാകുളം പദ്ദതിക്കായി 13.5 ലക്ഷം രൂപയും വകയിരുത്തി. വിശപ്പുരഹിത എറണാകുളം പദ്ദതിക്കായി 10 ലക്ഷവും നീക്കിവച്ചു. ആദിത്യകിരണം പദ്ദതിയില്‍ ആലുവജില്ലാ ആശുപത്രിക്ക് സൗരോര്‍ജ്ജ മേല്‍ക്കൂര നിര്‍മ്മിക്കാനായി 1 കോടി രൂപയും ബജറ്റില്‍ വകയിരുത്തി. വൃക്ക രോഗികള്‍ക്കായി ഡയാലിസീസിന് ആയിരം രൂപ വീതം നല്‍കുന്ന സഹായഹസ്ഥം പദ്ദതി നടപ്പിലാക്കും ഇതില്‍750 രൂപ ജില്ലാ പഞ്ചായത്തും 250 രൂപ അതാത് ഗ്രാമ പഞ്ചായത്തുകളും വഹിക്കും.

*സ്ത്രീകളുടെ ക്ഷേമവും സുരക്ഷയും*

സ്ത്രീകളുടെ ക്ഷേമവും സുരക്ഷയും ഉറപ്പു വരുത്തുന്നതിന് 4 കോടി രൂപ ബജറ്റില്‍ വകയിരുത്തി. അപ്പാരല്‍ പാര്‍ക്ക്, ഷീ ജിം, പെണ്ണെഴുത്ത് എന്ന പേരില്‍ പുസ്തക പ്രസാധനം, അഗ്രികള്‍ച്ചറല്‍ നഴ്സറി, കോഫീ ഷോപ്പ്, സാനിറ്ററി നാപ്കിന്‍ യൂണിറ്റ്, നിര്‍ഭയ കേന്ദ്രം, ബോധവല്‍ക്കരണം, സുരക്ഷ, തൊഴില്‍ പരിശീലനം, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് പദ്ധതികള്‍. പ്രധാന ടൂറിസം മേഘലകളിലും ഗ്രാമങ്ങളിലും കോഫി കിയോസ്കുകൾ നടപ്പിലാക്കും.

*മാലിന്യ നിര്‍മ്മാര്‍ജ്ജനം*:

മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനും സംസ്‌കരണത്തിനുമായി 4 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. മാലിന്യമുക്ത എറണാകുളം പദ്ധതി നടപ്പിലാക്കും ഇതിനായി 50 ലക്ഷം രൂപയും മുളവുകാട്, കടമക്കുടി, മലയാറ്റൂര്‍, വടക്കേകര, നായരമ്പലം എന്നിവിടങ്ങളില്‍ ആധുനിക ശ്മശാനങ്ങള്‍ നിര്‍മ്മിക്കാനായി 1 കോടി രുപയും നീക്കിവച്ചു. ഗ്രാമ പഞ്ചായത്തുകളിലും തിരക്കേറിയ പ്രദേശങ്ങളിലും പ്ലാസ്റ്റിക് ബോട്ടിൽ ഡിസ്പോസിബിൾ ബിന്നുകൾ സ്ഥാപിക്കും. എല്ലാ പഞ്ചായത്തുകളിലും ഹരിത കർമ്മസേനയെ ശക്തമാക്കും.

*വ്യവസായ മേഘല*:

വ്യവസായ മേഖലക്കായി ഒരു കോടി 69 ലക്ഷം രൂപയാണ് നീക്കിവച്ചിട്ടുള്ളത്. സ്മാര്‍ട്ട് അയണിംഗ് യൂണിറ്റ് 27 ലക്ഷം, ഫ്ളോട്ടിംഗ് റസ്റ്റോറന്റ് 10 ലക്ഷം, ഡ്രൈ ഫിഷ് യൂണിറ്റ് 10 ലക്ഷം, വളം നിര്‍മ്മാണ യൂണിറ്റ് 10 ലക്ഷം, കൈത്തറിക്ക് ഒരു കൈത്താങ്ങ് 50 ലക്ഷം, വനിതാ ഗ്രൂപ്പുകള്‍ നടത്തുന്ന അപ്പാരല്‍ പാര്‍ക്ക് 50 ലക്ഷം, വര്‍ക്ക് ഫ്രം നെയബര്‍ ഹൂഡ് 10 ലക്ഷം, ലേബര്‍ ബാങ്ക് 2 ലക്ഷം എന്നിങ്ങനെയും ഫണ്ട് വകയിരുത്തി.

*ക്ഷീര മേഖല*

ക്ഷീര മേഖലക്കായി 1 കോടി 20 ലക്ഷം രൂപയാണ് നീക്കിവച്ചിട്ടുള്ളത്. ക്ഷീരവികസന വകുപ്പുമായി ചേര്‍ന്ന് നേര്യമംഗലം ജില്ലാ കൃഷിതോട്ടത്തില്‍ കളക്ടീവ് ഡയറി ഫാമും ബഫല്ലോപാര്‍ക്കും തുടങ്ങും പദ്ദതിയില്‍ 200 പശുക്കളേയും 300 എരുമകളേയും ഇവിടെ വളര്‍ത്തും. ഇതിനായി 30 ലക്ഷം രൂപയും ബജറ്റില്‍ നീക്കിവച്ചു. ക്ഷീരസാഗരം വനിതകള്‍ക്ക് പശുക്കള്‍ വാങ്ങാനായി 50 ലക്ഷം, ക്ഷീരമിത്രം പാലിന് ഇന്‍സെന്റീവ് 50 ലക്ഷം, ഹോം മെയ്ഡ് ചോക്ക്ലേറ്റ് നിര്‍മ്മാണ യൂണിറ്റ് 10 ലക്ഷവും വകയിരുത്തി.

*മത്സ്യമേഖല* :

മത്സ്യമേഖലക്കായി 60 ലക്ഷം രപ നീക്കിവച്ചു. (പടുതാക്കുളം 20 ലക്ഷം, കൂട് മത്സ്യകൃഷി 20 ലക്ഷം, അക്വാപോണിക്സ് 10 ലക്ഷം, മത്സ്യസമൃദ്ധി, പൊതുജലാശയങ്ങളില്‍ മത്സ്യവിത്ത് നിക്ഷേപം 10 ലക്ഷം).

*‍ ലേബര്‍ ബാങ്ക്*

കോളജുകളുടെ സഹായത്തോടെ ലേബര്‍ ബാങ്ക് (ജില്ലാപഞ്ചായത്ത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്) സ്ഥാപിക്കും. ഐടി മേഖലയിലെ ഔട്‌സോഴ്സ് ചെയ്യപ്പെടുന്ന ജോലികള്‍ ചെയ്യാനായി ബ്ലോക്ക് പഞ്ചായത്തുകള്‍ തോറും വര്‍ക്ക് ഫ്രം നെയ്ബര്‍ ഹുഡുകള്‍ സ്ഥാപിക്കും.

*സ്വന്തം ബ്രാന്റില്‍ ജൈവവളങ്ങള്‍*

ജില്ലാ പഞ്ചായത്ത് സ്വന്തം ബ്രാന്റില്‍ ജൈവവളങ്ങള്‍ വിപണിയിലിറക്കും. ഇതിനായി വനിതകളുടെ ജൈവവള നിര്‍മ്മാണ യൂണിറ്റുകള്‍ തുടങ്ങും.
ജില്ലയിലെ പ്രവാസികളുടെ കൂട്ടായ്മയും ക്ഷേമവും ലക്ഷ്യമിട്ട് അവര്‍ക്കായി പദ്ദതികള്‍ക്കായി ബജറ്റില്‍ ഫണ്ടും വകയിരുത്തി. നിര്‍ദ്ദിഷ്ട വ്യവസായ പാര്‍ക്കിലും ഫ്ലോട്ടിംഗ് റെസ്റ്റോറന്റിലും അടക്കം പുതിയ തൊഴില്‍ സംരംഭങ്ങളില്‍ പ്രവാസികള്‍ക്കായി 25% സംവരണം ഏര്‍പ്പെടുത്തും. തമ്മനത്ത് ഓഫീസ് കം കൊമേഴ്സ്യല്‍ കോംപ്ലക്സുകള്‍ നിര്‍മ്മിക്കും ഇതിനായി 10 കോടി രൂപയും ബജറ്റില്‍ വകയിരുത്തി.

*ഫാം ടൂറിസം*

ഫാം ടൂറിസം പദ്ദതികള്‍ നടപ്പിലാക്കും. ആലുവ വിത്തുല്‍പ്പാദന കേന്ദ്രം, നേര്യമംഗലം കൃഷിതോട്ടം, ഒക്കല്‍ ഫാം എന്നിവിടങ്ങളെ ടൂറിസം കേന്ദ്രങ്ങളാക്കും ഇതിനായി 1.5 കോടി രുപയും നീക്കിവച്ചു.

*പട്ടികജാതി വര്‍ഗ വിഭാഗങ്ങള്‍ക്ക് ഭവന നിര്‍മ്മാണം:*

പട്ടികജാതി/ പട്ടിക വര്‍ഗ വിഭാഗങ്ങളുടെ വികസനത്തിന് 16 കോടിരൂപയുടെ പദ്ധതികളാണ് വകയിരുത്തിയിരിക്കുന്നത്. ഇതില്‍പ്പെടുത്തി പട്ടികജാതി കോളനികളുടെ സമഗ്ര വികസനത്തിനായി 2 കോടി 70 ലക്ഷവും കോളനികളിലെ കുടിവെളള പദ്ധതി 2 കോടി 70 ലക്ഷം രൂപയും വകയിരുത്തി. വിജയഭേരി സ്‌കോളര്‍ഷിപ്പിനായി 2 കോടിയും പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥി- ഉന്നതവിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിനായി 30 ലക്ഷവും പട്ടികജാതി യുവാക്കള്‍ക്ക് നൈപുണ്യ വികസനത്തിനായി 10 ലക്ഷം, എന്‍ താവ് – ആദിവാസി ഊരുകളുടെ സമഗ്രവികസനം- 10 ലക്ഷം, ഇ- ഓട്ടോ50 ലക്ഷം, കൗമാരക്കാരായ പട്ടികവര്‍ഗ്ഗ പെണ്‍കുട്ടികള്‍ക്ക് പോഷകാഹാരം പദ്ദതിക്ക് 11 ലക്ഷവും നീക്കി വച്ചു.

*ലൈഫ് ഭവന പദ്ധതിക്ക് 10 കോടി*

സാമൂഹ്യനീതിവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 4 കോടി രൂപ നീക്കി വച്ചു. ലൈഫ് ഭവന പദ്ധതിക്കായി 10 കോടിയും ഗേഹം പാര്‍പ്പിട സമുച്ചയം പദ്ദതിക്കായി 10 കോടിയും മാനസിക, ശാരീരിക വെല്ലുവിളി സ്‌കോളര്‍ഷിപ്പ് 2 കോടിയും മാരിവില്ല്- ട്രാന്‍സ്ജെന്റര്‍ തൊഴില്‍ പരിശീലന പദ്ധതിക്കായി 10 ലക്ഷവും നീക്കിവച്ചു. എച്ച്.ഐ.വി. ബാധിതര്‍ക്ക് പോഷകാഹാരം (30 ലക്ഷം) രാജഹംസം- ഭിന്നശേഷിക്കാര്‍ക്കുളള മുച്ചക്രവാഹനം (50ലക്ഷം) ബഡ്സ് സെന്റര്‍ ( ലക്ഷം) ജെറിയാട്രിക് സെന്റര്‍- ആലുവ ആശുപത്രിയില്‍ (150 ലക്ഷം), പാലിയേറ്റീവിനായി 40 ലക്ഷവും ബജറ്റില്‍ ഉള്‍പെടുത്തി.

തനത് ഫണ്ടില്‍ നിന്നുള്ള വരവ്, കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് ലഭിക്കുന്ന വിവിധ ഇനം ഗ്രാന്റുകള്‍, വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പ, എം.എല്‍.എ., എം.പി ഫണ്ടുകള്‍, വിവിധ സർക്കാർ വകുപ്പുകളിൽ നിന്നുളള ഫണ്ടുകൾ, നികുതി പിരിവിലൂടെ ലഭിക്കുന്ന തുക തുടങ്ങിയവയാണ് പ്രധാന വരുമാന മാര്‍ഗങ്ങളായി ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിച്ച ബജറ്റ് സമ്മേളനത്തിൽ വൈസ് പ്രസിഡൻ്റ് ഷൈനി ജോർജ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എം ജെ ജോമി, ആശാ സനൽ, കെ ജി ഡോണോ മാസ്റ്റർ, റാണിക്കുട്ടി ജോർജ് എന്നിവരും പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here