ന്യൂഡൽഹി: രാജ്യത്ത് രണ്ടാംഘട്ട കൊറോണ വാക്‌സിൻ കുത്തിവെപ്പ് ആരംഭിക്കുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വാക്‌സിൻ സ്വീകരിച്ചത്. പുതുച്ചേരി സ്വദേശി നിവേദയാണ് പ്രധാനമന്ത്രിയ്ക്ക് വാക്‌സിൻ നൽകിയത്. കൂടാതെ സംഘത്തിൽ നിവേദയ്‌ക്കൊപ്പം ഉണ്ടായിരുന്നത് മലയാളിയായ തൊടുപുഴ സ്വദേശി റോസമ്മ അനിലാണ്. വാക്‌സിൻ സ്വീകരിച്ച് അരമണിക്കൂളോളം നിരീക്ഷണത്തിൽ കഴിഞ്ഞ ശേഷമാണ് പ്രധാനമന്ത്രി ആശുപത്രി വിട്ടത്.

പ്രധാനമന്ത്രിക്ക് വാക്‌സിൻ നൽകിയ നിവേദയുടെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. മൂന്ന് വർഷമായി എയിംസിൽ നഴ്‌സായി ജോലി ചെയ്യുകയാണ് നിവേദ. പ്രധാനമന്ത്രിയെ കാണാനും സംസാരിക്കാനും സാധിച്ചതിൽ വലിയ സന്തോഷമുണ്ടെന്ന് വാക്‌സിൻ നൽകിയ ശേഷം നിവേദ പ്രതികരിച്ചു. പ്രധാനമന്ത്രി വാക്‌സിൻ സ്വീകരിക്കാനെത്തുന്നുവെന്ന് രാവിലെയാണ് അറിഞ്ഞത്. തങ്ങൾ എവിടെ നിന്നുള്ളവരാണെന്ന് പ്രധാനമന്ത്രി ചോദിച്ചു. വണക്കം പറഞ്ഞുവെന്നും പുതുച്ചേരി സ്വദേശിയായ നിവേദ പറഞ്ഞു.

കുത്തിവെപ്പെടുത്ത് കഴിഞ്ഞപ്പോൾ തനിക്ക് വേദന അനുഭവപ്പെട്ടതുപോലുമില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞതായും നിവേദ കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി വാക്‌സിൻ സ്വീകരിക്കാൻ വരുന്നുവെന്നത് സർപ്രൈസ് ആയിരുന്നുവെന്നാണ് മലയാളിയായ റോസമ്മ പ്രതികരിച്ചത്.

60 വയസിന് മുകളിൽ പ്രായമുള്ളവർക്കും 45 വയസിന് മുകളിലുള്ള രോഗബാധിതർക്കുമാണ് ഇന്ന് മുതൽ കുത്തിവെപ്പ് ആരംഭിക്കുന്നത്. അർഹരായ എല്ലാവരും വാക്‌സിൻ സ്വീകരിക്കണണെന്ന് അഭ്യർത്ഥിക്കുന്നുവെന്ന് വാക്‌സിൻ സ്വീകരിച്ച ശേഷം പ്രധാനമന്ത്രി പ്രതികരിച്ചു. ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനാണ് പ്രധാനമന്ത്രി സ്വീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here