കാലടി സംസ്കൃത സർവ്വകലാശാലയിൽ കഴിഞ്ഞ ദിവസം എ ഐ എസ് എഫ് നേതാക്കളെ എസ് എഫ് ഐ പ്രവർത്തകർ മർദ്ദിച്ചിരുന്നു.

സംഭവത്തെ മുൻനിർത്തി എ ഐ എസ് എഫ് സംസ്കൃത സർവ്വകലാശാല യൂണിറ്റ് സെക്രട്ടറി സാദിഖ് എൻ. മുഹമ്മദ് എഴുതിയ ലേഖനം….

*ആണത്തത്തിൻ്റെ കലയാകരുത് ക്യാമ്പസ് രാഷ്ട്രീയം.*

രാഷ്ട്രീയപരമായി കേരളത്തിലെ ക്യാമ്പസുകളിൽ വിജയിച്ച സംഘടനയാണ് എസ് എഫ് ഐ. വലതുപക്ഷ രാഷ്ട്രീയത്തോട് കലഹിച്ചും പൊരുതിയുമാണ് അത് വളർന്നത്. ഫാസിസത്തിനെതിരെയാവണം ആ സംഘടന ക്യാമ്പസുകളിൽ ഏറ്റവും കൂടുതൽ ശബ്ദിച്ചിട്ടുണ്ടാവുക. ആ ചരിത്രത്തിൽ നിന്നും കുറെ നാളുകളായി എസ് എഫ് ഐ തിരിച്ചു നടക്കുകയാണ്. ആണത്തത്തിൻ്റെയും അക്രമത്തെയും വഴിയിലേക്കുള്ള നടത്തം. നിശ്ചയമായും അത് വലതുപക്ഷത്തേക്കുള്ള പാലായനമാണ്. കേരളത്തിന് പുറത്തും കേരളത്തിലെ തന്നെ ചില ക്യാമ്പസുകളിലും എ ബി വി പി പയറ്റുന്ന രാഷ്ട്രീയത്തിൻ്റെ പാത.

എസ് എഫ് ഐ മർദ്ദനത്തിൻ്റെ ഇരയാണു ഞാൻ. പലതവണ മാനസികമായി; ഒടുവിൽ ശാരീരികമായും. ഈ വർഷം ജനുവരി 21, രാത്രി 10:30 ന് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ എന്നെ വഴിയിൽ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തുകയുണ്ടായി. അവർക്കെതിരെ ട്രോൾ ഇറക്കി എന്നാണ് എൻ്റെ മേൽ ആരോപിച്ച കുറ്റം. പുതിയ ഹോസ്റ്റൽ നിയമത്തിനെതിരെ പ്രതികരിച്ചതിന് മാർച്ച് 19 രാത്രി ഇതേ വ്യക്തിയും കൂട്ടരും ഒരു ഒന്നാംവർഷ വിദ്യാർത്ഥിയെ കഴുത്തിനു പിടിച്ച് ഞെരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. അതിനെ ചോദ്യം ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചതിന് പിറ്റേദിവസം എനിക്ക് നേരെ വീണ്ടുമുണ്ടായി, ഭീഷണി.

മിനിഞ്ഞാന്നുണ്ടായത് ഈ സംഭവങ്ങളുടെയെല്ലാം തുടർച്ചയാണ്. എസ്എഫ്ഐ ക്കെതിരെ വസ്തുനിഷ്ഠമായി ആരോപണമുന്നയിച്ചതിന് എന്നെയും മറ്റൊരു സഖാവിനെയും ആൾക്കൂട്ടത്തിനു മുന്നിലിട്ട് ക്രൂരമായി മർദ്ദിച്ചു. നോമ്പുകാരായ കുട്ടികളോടൊപ്പം കാമ്പസിലിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു ഞങ്ങൾ. എഴുന്നേൽക്കും മുമ്പാണ് ഒരു സംഘമാളുകൾ അവിടെയെത്തിയത്. നേതൃത്വം കൊടുക്കാൻ എസ്.എഫ്. ഐ യുടെ യൂണിറ്റ് സെക്രട്ടറിയും എൽഡിഎഫ് ജനപ്രതിനിധി കൂടിയായ മറ്റൊരു നേതാവുമുണ്ട്. കൊറോണ അടച്ചിടൽ കാരണം വിദ്യാർത്ഥികൾ ഏറെക്കുറെ ക്യാമ്പസ് വിട്ടിരുന്നു. അവശേഷിക്കുന്നവർ കാലത്ത് പോകാനിരിക്കുകയുമാണ്. ഞങ്ങളെ ആക്രമിക്കാൻ, എന്തുകൊണ്ടും അനുയോജ്യമായ ആ രാത്രിയെയാണ് അവർ തെരഞ്ഞെടുത്തത്.
ഞങ്ങളെടുത്ത രാഷ്ട്രീയ നിലപാടാണ് അവരെ പ്രകോപിപ്പിച്ചതെങ്കിൽ അതിൻ്റെ വിശദീകരണം മനുഷ്യത്വത്തോടെ ചോദിക്കാമായിരുന്നു. ഞങ്ങൾക്ക് മറുപടി പറയാൻ സമയം തരാമായിരുന്നു. എന്നാൽ അട്ടഹാസവും മർദ്ദനവും കൊണ്ടാണ് അവർ ഞങ്ങളെ നേരിട്ടത്. എ ഐ എസ് എഫിൻ്റെ ഔദ്യോഗിക സ്ഥാനത്തിരിക്കുന്ന രണ്ടുപേരെ ക്യാമ്പസിലെ പുതിയ വിദ്യാർത്ഥികളുടെ മുന്നിലിട്ട് തല്ലിയതിലൂടെ അവർ നൽകുന്ന സന്ദേശം വ്യക്തമാണ്. ഭിന്ന ശബ്ദങ്ങളൊന്നും അവിടെ ഉണ്ടാകരുതെന്ന പ്രഖ്യാപനമാണത്.

എതിർ സ്വരങ്ങളെ അക്രമംകൊണ്ട് നേരിടാനുള്ള ആദ്യത്തെ ശിക്ഷണം ലഭിക്കുന്നത് ക്യാമ്പസുകളിൽ നിന്നാണ്. അങ്ങനെ നിശബ്ദമാക്കപ്പെട്ട ഒരുപാട് ശബ്ദങ്ങൾ ക്യാമ്പസുകളിലുണ്ട്. ഒട്ടും പ്രിവിലേജ്ഡ് അല്ലാത്ത വിദ്യാർത്ഥികൾ അക്രമത്തിനും ഭീഷണിക്കും മുമ്പിൽ പരാജയപ്പെട്ടു പോകുന്നു. അതിനെ ഒരു വിജയമായി ആഘോഷിക്കുന്നതാണ് ആണത്ത രാഷ്ട്രീയത്തിൻ്റെ സ്വഭാവം.

അക്രമരാഷ്ട്രീയം ക്യാമ്പസുകളെ അരാഷ്ട്രീയമാക്കിത്തീർത്തു. വലിയൊരു വിഭാഗം വിദ്യാർത്ഥികളിൽ രാഷ്ട്രീയപ്രവർത്തനം തട്ടിപ്പും കൈയ്യൂക്കുള്ളവൻ്റെ കലയുമാണെന്ന ധാരണ പരത്തി. അതവരെ എല്ലാതരം രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കാൻ പ്രേരിപ്പിക്കുന്നു. മറ്റൊന്ന്, ക്യാമ്പസിൽ അക്രമരാഷ്ട്രീയം കളിച്ചു ശീലിച്ചവർ തന്നെയാണ് മുഖ്യധാര രാഷ്ട്രീയത്തിലേക്കും എത്തുന്നത്. ആ തുടർച്ചയുടെ ഭാഗമാണ് ഇവിടെ രാഷ്ട്രീയ കൊലപാതകങ്ങൾ ആവർത്തിക്കുന്നത്.

ഇന്നത്തെ വിദ്യാർത്ഥികൾക്ക് രാഷ്ട്രീയ വിദ്യാഭ്യാസം കിട്ടുന്നുണ്ടോ? രാഷ്ട്രീയ സംഘടനകൾ അതു നൽകുന്നുണ്ടോ? വോട്ടു ശരീരങ്ങളായാണ് പല സംഘടനകളും വിദ്യാർഥികളെ കാണുന്നത്. പലമകളുടെ ലോകത്തെ വിദ്യാർത്ഥികൾ അറിയുന്നേയില്ല. ഒറ്റ ശരിയിലൂടെ, ഒറ്റ വഴിയിലൂടെ അവർ നടത്തപ്പെടുന്നു. വികാരങ്ങളെ മാത്രമാണ് അവരിലേക്ക് കുത്തിവെക്കുന്നത്. നൂറിലധികം ഇടതുപക്ഷ സംഘടനകൾ ഇന്ത്യയിലുണ്ട്. എന്നിട്ടും പത്തും ഇരുപതും കൊല്ലം ഒരു സംഘടന തന്നെ ക്യാമ്പസുകൾ ആവർത്തിച്ച് ഭരിക്കുന്നത് എന്തുകൊണ്ടാണ്? വോട്ട് ശരീരങ്ങൾ മാത്രമായി വിദ്യാർഥികൾ തുടരേണ്ടത് അധീശ സംഘടനകളുടെ ആവശ്യമാണ്. ആണത്ത രാഷ്ട്രീയത്തിന് വൈവിധ്യങ്ങൾ ഉൾക്കൊള്ളാനാവില്ല. വിമർശനം കേൾക്കാനാവില്ല. ബദലുകൾ അംഗീകരിക്കാനാവില്ല. പുരുഷൻ്റെ ശബ്ദവും ശരീരവും സൗന്ദര്യബോധവും കൊണ്ട് നിർമ്മിച്ചതാണത്.

LEAVE A REPLY

Please enter your comment!
Please enter your name here