തിരുവനന്തപുരം ∙ 15–ാം നിയമസഭയുടെ സ്പീക്കറായി തൃത്താലയിൽനിന്നുള്ള സിപിഎം അംഗം എം.ബി. രാജേഷിനെ (50) തിരഞ്ഞെടുത്തു. ആകെ 136 അംഗങ്ങളാണ് വോട്ട് രേഖപ്പെടുത്തിയത്. എം.ബി. രാജേഷിന് 96 വോട്ട് ലഭിച്ചു. യുഡിഎഫിന്റെ സ്ഥാനാർഥി, കുണ്ടറയിൽ നിന്നുള്ള കോൺഗ്രസ് അംഗം പി.സി. വിഷ്ണുനാഥിന് 40 വോട്ട് ലഭിച്ചു.

അറിവും അനുഭവവും സമന്വയിച്ച വ്യക്തിത്വത്തിന്റെ ഉടമയാണ് എം.ബി. രാജേഷ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സഭയ്ക്ക് അഭിമാനകരമായ കാര്യമാണിതെന്നും എം.ബി. രാജേഷിനെ അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ആശംസകൾ നേർന്നു

ആരോഗ്യ കാരണങ്ങളാൽ ഇന്നലെ സത്യപ്രതിജ്ഞ ചെയ്യാൻ കഴിയാത്ത 3 പേർ വോട്ടു ചെയ്തില്ല. രാവിലെ 9ന് വോട്ടെടുപ്പ് ആരംഭിച്ചു. സഭയ്ക്കുള്ളിൽ സ്പീക്കറുടെ ഇരിപ്പിടത്തിനു പിന്നിലായി സജ്ജീകരിച്ച 2 ബൂത്തുകളിൽ ബാലറ്റിലൂടെയാണ് അംഗങ്ങൾ വോട്ട് രേഖപ്പെടുത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യ വോട്ട് രേഖപ്പെടുത്തി.

കന്നിപ്രവേശനത്തിൽ സ്പീക്കർ
കേരള നിയമസഭയിൽ കന്നി പ്രവേശനത്തിൽ തന്നെ സ്പീക്കർ പദവിയിലെത്തുകയാണ് എം.ബി. രാജേഷ്. 10 വർഷം ലോക്സഭാംഗമായിരുന്നെങ്കിലും കേരള നിയമസഭയിൽ പുതുമുഖമാണ്. നിയമസഭയിൽ എത്തുമ്പോൾ തന്നെ ഒരാൾ സ്പീക്കറാകുന്നത് ആദ്യമാണ്. നിയമസഭയിലെ ആദ്യ അവസരത്തിൽ സ്പീക്കറായ മറ്റു രണ്ടുപേർ കൂടിയുണ്ട് – ടി.എസ്, ജോൺ, എ.സി. ജോസ്.
ഇരുവരും എംഎൽഎ എന്ന നിലയിലെ ആദ്യ ടേമിന്റെ അവസാന കാലത്താണ് സ്പീക്കറായത്. 4–ാം നിയമസഭയിൽ അഞ്ചേകാൽ വർഷം കഴിഞ്ഞ് 1976 ഫെബ്രുവരി 17ന് ടി.എസ്. ജോണും 6–ാം നിയമസഭയിൽ രണ്ടു വർഷം കഴിഞ്ഞ് 1982 ഫെബ്രുവരി 3ന് എ.സി. ജോസും സ്പീക്കർ ആയിട്ടുണ്ട്. യഥാക്രമം കെ. മൊയ്തീൻകുട്ടി ഹാജിയും എ.പി. കുര്യനും രാജിവച്ച ഒഴിവിലാണിത്.


23–ാം തിരഞ്ഞെടുപ്പ്; 21–ാം സ്പീക്കർ
23–ാമത്തെ സ്പീക്കർ തിരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. കേരള നിയമസഭയുടെ 21–ാമത്തെ സ്പീക്കർ ആയിട്ടാണ് എം.ബി.രാജേഷ് തിരഞ്ഞെടുക്കപ്പെടുക. വക്കം പുരുഷോത്തമൻ (7, 11 നിയമസഭകൾ), തേറമ്പില്‍ രാമകൃഷ്ണൻ (9, 11 നിയമസഭകൾ) എന്നിവർ രണ്ടു തവണ വീതം സ്പീക്കറായിരുന്നതുകൊണ്ടാണ് ഈ വ്യത്യാസം. രണ്ടാം നിയമസഭയിൽ മൂന്നും 4, 6, 7, 9, 11, 13 നിയമസഭകളിൽ രണ്ടു വീതവും സ്പീക്കർമാരുണ്ടായി

LEAVE A REPLY

Please enter your comment!
Please enter your name here