നടൻ രാജൻ പി ദേവിന്റെ മകനും നടനുമായ ഉണ്ണി രാജന്‍ പി.ദേവിനെതിരെ ഭാര്യ പ്രിയങ്കയുടെ ആത്മഹത്യയിൽ നിര്‍ണായക തെളിവുകള്‍ പുറത്ത്. തിരുവനന്തപുരം വെമ്പായം സ്വദേശിയും കൊച്ചിയിലെ സ്വകാര്യ സ്കൂളില്‍ അധ്യാപികയുമായ പ്രിയങ്കയും ഉണ്ണിയും തമ്മില്‍ ഒന്നരവര്‍ഷം മുന്‍പ് പ്രണയിച്ചായിരുന്നു വിവാഹം. എന്നാല്‍ പ്രിയങ്കയുടെ കുടുംബപശ്ചാത്തലത്തെ കുറ്റപ്പെടുത്തിയും പണം ആവശ്യപ്പെട്ടും മാസങ്ങളായി നടന്ന മാനസിക–ശാരീരിക ഉപദ്രവമാണ് ഇരുപത്തഞ്ചുകാരിയുടെ മരണത്തിലെത്തിയതെന്നാണ് ഉണ്ണിയെ ചോദ്യം ചെയ്തതോടെ വ്യക്തമായത്.

പ്രിയങ്ക മരിക്കുന്നതിന് തൊട്ടുമുന്‍പ് രണ്ട് തവണ ഉണ്ണിയോട് ഫോണില്‍ സംസാരിച്ചതായും തെളിഞ്ഞു. ശാരീരിക പീഡനത്തിന് പുറമേയുള്ള ഭീഷണിയും ഈ ഫോണ്‍ വിളിയിലുണ്ടായതാവാം ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നും കരുതുന്നു. എന്നാൽ പീഡനമെല്ലാം ഉള്ളിലൊതുക്കി അങ്കമാലിയില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ കഴിഞ്ഞിരുന്ന പ്രിയങ്കയെ ആത്മഹത്യയിലേക്ക് നയിച്ചത് പത്താം തീയതി നടന്ന ഉപദ്രവമെന്നാണ് പൊലീസിന്റെ നിഗമനം. അന്ന് മര്‍ദിച്ചവശയാക്കിയ ശേഷം രാത്രി മുഴുവന്‍ വീട്ടില്‍ കയറ്റാതെ മുറ്റത്ത് നിര്‍ത്തി. ഇതിന്റെ തെളിവായി മര്‍ദനമേറ്റ പാടുകളുടെ ദൃശ്യങ്ങളും ചീത്തവിളിക്കുന്നതിന്റെ ശബ്ദരേഖയും പരാതിയോടൊപ്പം ജീവനൊടുക്കും മുന്‍പ് പ്രിയങ്ക തന്നെ പൊലീസിന് കൈമാറിയിരുന്നു. അതിനാല്‍ അത് നിര്‍ണായ തെളിവാകും. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് സ്വന്തം വീട്ടിലെത്തിയതിന് ശേഷമാണ് പ്രിയങ്ക തൂങ്ങിമരിച്ചത്. ഉപദ്രവങ്ങള്‍ക്കെല്ലാം ഉണ്ണിയുടെ അമ്മയുടെ അറിവും പങ്കുമുണ്ടായിരുന്നതായി കുടുംബം വീണ്ടും ആരോപിച്ചു. ഉണ്ണിയുടെ അമ്മ ശാന്തമ്മ കോവിഡ് ബാധിതയാണ്. നെഗറ്റീവായാല്‍ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here