ജറുസലേം: ഒരു വ്യാഴവട്ടക്കാലത്തെ ഭരണത്തിന് ശേഷം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പടിയിറങ്ങി. ഇതോടെ ഇസ്രായേലില്‍ നിലനിന്നിരുന്ന രാഷ്ട്രീയ അരക്ഷിതാവസ്ഥയ്ക്ക്പരിഹാരമായിരിക്കുകയാണ്. കഴിഞ്ഞ 2 വര്‍ഷത്തിനിടെ നാല് തെരഞ്ഞെടുപ്പുകളാണ് ഇസ്രായേലില്‍ നടന്നത്

നെതന്യാഹുവിന്റെ പടിയറക്കത്തോടെ വലതുപക്ഷ നേതാവും യാമിന പാര്‍ട്ടി അധ്യക്ഷനുമായ നഫ്താലി ബെന്നറ്റും പ്രതിപക്ഷ നേതാവ് യെയിര്‍ ലാപിഡും രണ്ട് വര്‍ഷം വീതം പ്രധാനമന്ത്രി പദം പങ്കിടും. നഫ്താലി ബെന്നറ്റാകും ആദ്യം പ്രധാനമന്ത്രിയാകുക. 2023 സെപ്റ്റംബര്‍ വരെ അദ്ദേഹം ഇസ്രായേല്‍ ഭരിക്കും. തുടര്‍ന്ന് യെയിര്‍ ലാപിഡ് ഭരണമേല്‍ക്കും. എട്ട് വനിതകള്‍ പുതിയ മന്ത്രിസഭയുടെ ഭാഗമാകുന്നുണ്ട്. ഏറ്റവും കൂടുതല്‍ കാലം ഇസ്രായേല്‍ ഭരിച്ച നെതന്യാഹു പ്രതിപക്ഷ നേതാവാകും.

പുതിയ സഖ്യത്തില്‍ യെയിര്‍ ലാപിഡ്, നഫ്താലി ബെന്നറ്റ് എന്നിവരെ കൂടാതെ ഇസ്രായേലിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായി ഒരു അറബ് ഇസ്ലാമിക് പാര്‍ട്ടി ഭരണത്തിന്റെ ഭാഗമാകുകയാണ് എന്ന പ്രത്യേകതയുമുണ്ട്. മന്‍സൂര്‍ അബ്ബാസ് നേതൃത്വം നല്‍കുന്ന അറബ് ഇസ്ലാമിക് റാം പാര്‍ട്ടിയാണ് ചരിത്രം കുറിക്കുന്നത്. എന്നാല്‍, ഭരണ മുന്നണിയെ പിന്തുണയ്ക്കുകയെന്ന അബ്ബാസിന്റെ തീരുമാനത്തിനെതിരെ അറബ് വംശജരും ഗാസയിലെ പലസ്തീന്‍ പൗരന്‍മാരും രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. നെതന്യാഹുവിനെ പുറത്താക്കാനാണ് ഭരണമുന്നണിയെ പിന്തുണയ്ക്കുന്നതെന്നാണ് അബ്ബാസിന്റെ വാദം

LEAVE A REPLY

Please enter your comment!
Please enter your name here