.തൃശൂർ : സിപിഎം നേതൃത്വത്തിലുള്ള കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ നൂറ് കോടി വായ്പാ തട്ടിപ്പ് കേസിൽ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ച് ബിജെപി. ബിജെപി ഇരിങ്ങാലക്കുട മുനിസിപ്പൽ കമ്മിറ്റിയാണ് സഹകരണ വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന അമിത് ഷായ്ക്കു പരാതി നൽകിയത്.

ലക്ഷക്കണക്കിനു രൂപ നിക്ഷേപിച്ചവർ സ്വന്തം പണം തിരികെ ലഭിക്കാൻ പുലർച്ചെ മുതൽ ബാങ്കിനു മുന്നിൽ വരി നിൽക്കുകയാണ്. നിക്ഷേപം തിരിച്ചു കിട്ടാത്തതിന്റെ പേരിൽ നിരന്തരം പ്രശ്‌നങ്ങളുമുണ്ട്. സഹകരണ ബാങ്കിന്റെ പ്രവർത്തനം പൂർണമായും ഭരണസമിതിക്ക് വിധേയമായതിനാൽ ഭരണസമിതി അംഗങ്ങളെയും ഗൂഢാലോചനയിൽ പങ്കുള്ള സിപിഎം നേതാക്കളേയും കൂടി പ്രതി ചേർക്കണമെന്നും കേന്ദ്ര സഹകരണ മന്ത്രിക്ക് നൽകിയ പരാതിയിൽ ബിജെപി ആവശ്യപ്പെട്ടു.

സഹകരണ മേഖലയിൽ സിപിഎം നടത്തുന്ന കൊള്ളയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് 100 കോടി കവർന്നതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എ നാഗേഷ് പറഞ്ഞു. സിപിഎമ്മിന്റെ ഉന്നത നേതാക്കളുടെ അറിവോടെയാണ് ഇത് നടന്നത്. സിപിഎം പാർട്ടി പ്രവർത്തനത്തിനുള്ള ഫണ്ട് എത്തുന്നത് ഈ മേഖലയിൽ നിന്നാണ്. ഇവർ ഭരിക്കുന്ന സഹകരണ സംഘങ്ങളുടെ നടത്തിപ്പിനെ കുറിച്ച് ഉന്നതതല അന്വേഷണം നടത്തണം. 46 പേരുടെ ആധാരം പണയവസ്തുവായി സ്വീകരിച്ച് എടുത്ത വായ്പകൾ ഒരു വ്യക്തിയുടെ അക്കൗണ്ടിലേക്കു എത്തിയത് ദൂരുഹമാണെന്നും അദ്ദേഹം ആരോപിച്ചു.

ജീവനക്കാരെ ബലിയാടാക്കി രക്ഷപ്പെടാനുള്ള തന്ത്രമാണ് ഇപ്പോൾ നേതൃത്വം മെനയുന്നതെന്നും എ നാഗേഷ് ആരോപിച്ചു. പെരിഞ്ഞനം സ്വദേശി കിരണിന്റെ അക്കൗണ്ടിലേക്കു മാത്രം എത്തിയത് 23 കോടി രൂപയാണ്. സായി ലക്ഷ്മിയെന്ന സ്ത്രീയുടെ പേരിൽ മൂന്നുകോടി വായ്പ എടുത്തതായി രേഖയുണ്ട്. താൻ വായ്പയെടുത്തിട്ടില്ലെന്നു അവർ പറയുന്നു. കൃത്യമായ രേഖകളില്ലാതെ എങ്ങനെയാണ് വായ്പ അനുവദിക്കുന്നതെന്ന് വ്യക്തമാക്കണം. തട്ടിപ്പിന് പിന്നിൽ ഉന്നതതല ഗൂഢാലോചനയുണ്ട്. കാലങ്ങളായി തട്ടിപ്പ് പുറത്ത് വരാതിരിക്കാൻ സിപിഎം. ശ്രമം നടത്തി വരികയാണെന്നു വ്യക്തമായിട്ടുണ്ട്. സാധാരണക്കാർ കൂലിവേല ചെയ്ത് നിക്ഷേപിക്കുന്ന തുകയാണ് തട്ടിയെടുക്കുന്നതെന്നും നാഗേഷ് കുറ്റപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here