കൊച്ചി .അവയവ മാറ്റ ശസ്ത്രക്രിയക്ക് വിധേയയായ അനന്യയുടെ അസ്വാഭാവിക മരണത്തിന് പിന്നിലെ കാരണങ്ങള്‍ വിശദമായി അന്വേഷിക്കണമെന്ന്  സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. എറണാകുളം ജില്ലാ  പോലീസ് മേധാവിയും സാമൂഹിക നീതി വകുപ്പ് ഡയറക്ടറും അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.

ചികിത്സാ പിഴവിനെ തുടര്‍ന്ന് അതിശക്തമായ വേദനയുമായി ജീവിക്കേണ്ടി വന്നതാണ് അനന്യയുടെ മരണത്തിന് പിന്നിലെ കാരണമെന്ന് കാണിച്ച് മാധ്യമ പ്രവര്‍ത്തകനായ യൂസഫ് അന്‍സാരി (എഡിറ്റര്‍, രാഷ്ട്രദിപം) സമര്‍പ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശം. അവയവ മാറ്റ ശസ്ത്രക്രിയകള്‍ സര്‍ക്കാരിന്റെ നിരീക്ഷണത്തിലാക്കണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ടു. ഇത്തരം ശസ്ത്രക്രിയകള്‍ക്ക് കൃത്യമായ ചട്ടം രൂപീകരിക്കണമെന്നും സംസ്ഥാനത്തെ ലിംഗ മാറ്റ ശസ്ത്രക്രീയകളില്‍ നടക്കുന്ന ചികിത്സാ- സാമ്പത്തിക തട്ടിപ്പുകള്‍ സംമ്പന്ധിച്ചും ട്രാന്‍സ് ജെന്‍ഡര്‍ അനന്യ ആത്മഹത്യ ചെയ്തത് സംമ്പന്ധിച്ചും അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു അന്‍സാരി ഹര്‍ജി സമര്‍പ്പിച്ചത്.

ട്രാന്‍സ് മെന്‍ ശസ്ത്രക്രീയക്ക് 5 ലക്ഷവും ട്രാന്‍സ് വുമണ്‍ ശസ്ത്രക്രീയക്ക് 2.5 ലക്ഷവും സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പു വഴി നല്‍കുന്നുണ്ട്. തുടര്‍ ചികിത്സക്കായി 36000 നല്‍കുന്നു. എന്നാല്‍ ഈ ചികിത്സ സര്‍ക്കാര്‍ മേല്‍നോട്ടത്തിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് ദുരൂഹമാണെന്നും അന്‍സാരി പരാതിയില്‍ ചൂണ്ടികാട്ടി.

ട്രാന്‍സ് ജെന്‍ഡറുകളുടെ ലിംഗമാറ്റത്തിന് കൃത്യമായ ചിക്തിസാ മാനദണ്ഡങ്ങളോ ചിലവോ ഇല്ല. ആളെപിടിക്കാന്‍ പാക്കേജുകളുടെ പെരുമഴ തീര്‍ത്ത് ഏജന്റുമാരും ആശുപത്രികളും ചേര്‍ന്ന് ദിവസേന തട്ടിയെടുക്കുന്നത് കോടികളാണ്. ചികിത്സാ പിഴവില്‍ തളര്‍ച്ചയും മരണവും തുടര്‍കഥയാവുമ്പോഴും ആരോഗ്യവകുപ്പ് അനാസ്ഥയില്‍ നിന്ന് ഉണരുന്നില്ല.

അനന്യ ആദ്യത്തെ സംഭവമല്ല. ചികിത്സാ പിഴവില്‍ പാതി മരിച്ച് ജീവിക്കുന്ന നിരവധിപേരിലെ ഓരാള്‍ മാത്രം. ട്രാന്‍സ് ജെന്‍ഡേഴ്സ് (ഒരുവിഭാഗം) രാവും പകലും തെരുവിലലഞ്ഞു കൊണ്ടുവരുന്നതടക്കം ലക്ഷങ്ങള്‍ പറഞ്ഞുറപ്പിച്ച് വാങ്ങുന്നെങ്കില്‍ ശരിയായ ചികിത്സ ഇവര്‍ക്ക് നല്‍കാനും ആശുപത്രികള്‍ നടത്തുന്ന കൊള്ള സംഘത്തിന് ബാധ്യതയുണ്ട്. അവരുടെ തട്ടിപ്പിന് അറിഞ്ഞും അറിയാതെയും കുടപിടിക്കുകയാണ് ആരോഗ്യവകുപ്പ് ഉന്നതര്‍. അതിനാല്‍ തന്നെ ചികിത്സാ പിഴവുപോലെയുള്ള സംഭവങ്ങളില്‍ ഇരയ്ക്ക് നീതി ലഭിക്കില്ല. നാഴികയ്ക്ക് നാല്‍പ്പതുവട്ടം ചട്ടം പറയുന്ന ചില ഐഎംഎ ഭാരവാഹികളുടെ നിശബ്ദതയും തട്ടിപ്പില്‍ കൂട്ടി വായിക്കേണ്ടതുണ്ടെന്നും അന്‍സാരി പരാതിയില്‍ ചൂണ്ടികാട്ടി.

കഴിഞ്ഞ ദിവസമാണ് ട്രാന്‍സ് യുവതി അനന്യ കുമാരി അലക്‌സിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ചികിത്സാ പിഴവില്‍ ശരീരം പോലും അനക്കാന്‍ വയ്യാത്ത കടുത്ത വേദനയിലും ദുരിതത്തിലു ആയിരുന്നു അനന്യ. ഒടുവില്‍ സഹികെട്ട് ആത്മഹത്യയില്‍ അഭയം തേടി. കഴിഞ്ഞ വര്‍ഷമാണ് അനന്യ കൊച്ചിയിലെ റിനൈ മെഡിസിറ്റിയില്‍ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തത്. എന്നാല്‍, ശസ്ത്രക്രിയ കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞിട്ടും തനിക്ക് ജോലി ചെയ്യാനാവുന്നില്ലെന്നായിരുന്നു യുവതിയുടെ പരാതി. നിശ്ചിത സമയത്തില്‍ കൂടുതല്‍ എഴുന്നേറ്റുനില്‍ക്കാന്‍ തനിക്ക് കഴിയുന്നില്ലെന്നും ശാരീരിക പ്രശ്‌നങ്ങള്‍ ഏറെയുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here