ആലുവ:കേരളം ലോകത്തിന് നൽകിയ സംഭാവനയാണ് ശ്രീനാരായണ ഗുരുദേവൻഎന്ന്‍ മന്ത്രി പി. രാജീവ് . ശ്രീനാരായണ ഗുരുദേവ ജയന്തി ദിനത്തിൽ ആലുവ അദ്വൈതാശ്രമം സന്ദർശിച്ച ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. മഹാനായ ചിന്തകനും ദാർശനീകനുമായിരുന്ന സ്വാമിയുടെ ദർശനം കൂടുതൽ തിരിച്ചറിവുകളോടെ ഉൾകൊള്ളണം.
ജാതി – മത ചിന്തകൾ രാഷ്ട്രീയ പ്രയോഗത്തിന്റെ വേദിയാകുന്ന കാലഘട്ടത്തിൽ ഗുരുവിന്റെ ചിന്തകൾക്ക് ഏറെ പ്രാധാന്യമുണ്ട്. മനുഷ്യരെല്ലാം ഒന്നാണെന്ന സന്ദേശമാണ് ഗുരുദേവൻ മുന്നോട്ട് വച്ചത്. ഗുരുവിന്റെ മഹത്തായ ജാതിയില്ലാ വിളംബരം അദ്വൈതാശ്രമത്തിന്റെ മണ്ണിലാണ് പ്രഖ്യാപിച്ചത്. അതിനാൽ ചരിത്രപരമായ പ്രാധാന്യമാണ് അദ്വൈതാശ്രമത്തിനുള്ളതെന്നും മന്ത്രി പറഞ്ഞു.
അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ മന്ത്രിയെ സ്വീകരിച്ചു. സി.പി.എം ഏരിയ സെക്രട്ടറി എ.പി. ഉദയകുമാർ, ലോക്കൽ സെക്രട്ടറി പോൾവർഗ്ഗീസ് , ഏരിയ കമ്മിറ്റിയംഗം പി.എം. സഹീർ എന്നിവരും മന്ത്രിയെ സ്വീകരിക്കാനെത്തിയിരുന്നു.