ചെന്നെ;ആലുവ തുരുത്ത് റെയിൽവേ നടപ്പാലം പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ദക്ഷിണ റെയിൽവേ ജനറൽ മാനേജരെചാലക്കുടി എം .പി.ബെന്നി ബെഹന്നാന്‍  സന്ദർശിച്ചു.അപകടാവസ്ഥയിലായ ആലുവ തുരുത്ത് നടപ്പാലം പുനർനിർമ്മാണം ഉൾപ്പെടെയുള്ള ചാലക്കുടി പാർലമെന്‍റ് മണ്ഡലത്തിലെ റെയിൽവേയുമായി ബന്ധപ്പെട്ട വിവിധ വികസനപ്രവർത്തനങ്ങൾ അടിയന്തിരമായി നടപ്പാക്കണമെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ജോൺ തോമസിനെ ചെന്നൈയിലെ ഓഫിസിൽ നേരിൽ കണ്ടാവശ്യപ്പെട്ടു. അപകടാവസ്ഥയിലായ തുരുത്ത് റെയിൽവേ ഫുട് പാത്ത് പുനർനിർമ്മിക്കേണ്ടത് ,മുനിസിപ്പാലിറ്റിയുടെയോ, പഞ്ചായത്തിന്റെയോ ചുമതലയിൽപ്പെട്ട കാര്യമല്ലെന്നും, മറിച്ച് മുൻകാലങ്ങളിൽ ചെയ്തതുപോലെ റെയിൽവേയുടെ സ്വന്തം ഫണ്ടിൽ നിന്നും പണം മുടക്കി നാട്ടുകാർക്ക് സുരക്ഷിതമായ യാത്ര ഉറപ്പ് വരുത്തേണ്ടത് റെയിൽവേയുടെ ബാധ്യതയാണെന്നും തദ്ദേശ സ്ഥാപനങ്ങൾ പണം കെട്ടിവെക്കാത്തതിനാൽ ഈ മാസം 9 മുതൽ നടപ്പാത അടച്ചുപൂട്ടും എന്ന റെയിൽവേയുടെ നിലപാട് സ്വീകാര്യമല്ല എന്നും ജനറൽ മാനേജരെ അറിയിച്ചു.

ആലുവ റെയിൽവേ സ്റ്റേഷൻ പ്ലേറ്റ് ഫോമിന്റെ പടിഞ്ഞാറു ഭാഗത്തുനിന്നും ആലുവ കെ എസ് ആർ ടി സി ബസ്റ്റാന്റ് ഭാഗത്തേക്ക് കടക്കുന്നതിനായി പുതിയ പ്രവേശന കവാടം തുറക്കുക, അങ്കമാലി ചമ്പന്നൂർ റെയിൽവേ മേൽപ്പാലം, ആലുവ പുറയാർ റെയിൽവേ മേൽപ്പാലം, അമ്പാട്ടുകാവ് റെയിൽവേ അടിപ്പാത എന്നിവയുടെ നിർമ്മാണം ആരംഭിക്കുക, രണ്ടു വർഷം മുൻപ് അടച്ചിട്ട പുറയാർ ഗാന്ധിപുരം റെയിൽവേ അടിപ്പാത അടിയന്തിരമായി തുറക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.

ചാലക്കുടി പാർലമെന്റ് മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന പ്രധാന റെയിൽവേ സ്റ്റേഷനുകളായ അങ്കമാലി, ചാലക്കുടി എന്നിവിടങ്ങളിൽ പല സൂപ്പർ ഫാസ്റ്റ്, എക്സ്പ്രസ്സ് ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിച്ചിട്ടില്ല. പാലരുവി എക്സ്പ്രസ്സ്, ധൻബാദ് എക്സ്പ്രസ്സ്, രാജ്യറാണി എക്സ്പ്രസ്സ്, ഏറനാട് എക്സ്പ്രസ്സ്, അമൃത എക്സ്പ്രസ്സ്, നേത്രാവതി എക്സ്പ്രസ്സ് എന്നീ ട്രെയിനുകൾക്ക് അങ്കമാലി , ചാലക്കുടി റെയിൽവേ സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും, കഴിഞ്ഞ വർഷം ലോക്ക് ഡൗണിന്റെ ഭാഗമായി നിർത്തലാക്കിയ പാസ്സഞ്ചർ ട്രെയിൻ സർവീസുകൾ പുനരാരംഭിക്കണമെന്നും ജനറൽ മാനേജരോടാവശ്യപ്പെട്ടു.

ഉന്നയിച്ച വികസനാവശ്യങ്ങൾ പരിശോധിച്ച് ആവശ്യമായ മേൽ നടപടികൾ സ്വീകരിക്കാമെന്ന് ജനറൽ മാനേജർ ഉറപ്പു നൽകിയതായി എം.പി.പറഞ്ഞു .

LEAVE A REPLY

Please enter your comment!
Please enter your name here