പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 71-ാം പിറന്നാൾ. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കി സേവന പ്രവർത്തനങ്ങൾ നടത്താനാണ് ബിജെപിയുടെ തീരുമാനം.

മോദിയുടെ ജന്മദിനത്തിൽ ഒന്നര കോടി വാക്സിനേഷനുകൾ വിതരണം ചെയ്യുകയാണ് ബിജെപിയുടെ ലക്ഷ്യം. ഇതിനായി കൊറോണ മുന്നണി പോരാളികൾക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്. വാക്സിനേഷനിൽ റെക്കോർഡ് ഇടാനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയവും ലക്ഷ്യമിടുന്നത്. ഇതുവരെ വാക്സിൻ സ്വീകരിക്കാത്തവർ വ്യാഴാഴ്ച തന്നെ ആദ്യ ഡോസ് സ്വീകരിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചിട്ടുണ്ട്. വാക്സിനേഷനിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കിയാൽ അതാകും പ്രധാനമന്ത്രിയ്‌ക്ക് നൽകാവുന്ന ഏറ്റവും വലിയ പിറന്നാൾ സമ്മാനമെന്ന് അദ്ദേഹം പറഞ്ഞു.

ഗുജറാത്ത് മുഖ്യമന്ത്രി മുതൽ പ്രധാനമന്ത്രി വരെയുള്ള നേതൃപാടവത്തിന്റെ 20-ാം വർഷം പൂർത്തിയാകലും പിറന്നാളിനൊപ്പം ബിജെപിയുടെ ആഭിമുഖ്യത്തിൽ ഇന്നുമുതൽ ആഘോഷിക്കും. സേവാ ഔർ സമർപ്പൺ അഭിയാൻ എന്ന പേരിൽ 20 ദിവസം നീണ്ടു നിൽക്കുന്നതാണ് പരിപാടി. ഉത്തര്‍പ്രദേശില്‍ ഗംഗാനദിയില്‍ 71 ഇടങ്ങളില്‍ ശുചീകരണം നടത്തുന്നുണ്ട്. ബൂത്ത് തലത്തില്‍ നിന്ന് പ്രധാനമന്ത്രിക്ക് ആശംസകള്‍ അറിയിച്ച്  അഞ്ച് കോടി  പോസ്റ്റ്കാര്‍ഡുകള്‍ അയക്കും.വിവിധ ക്ഷേത്രങ്ങളിൽ പ്രധാനമന്ത്രിക്കായി പ്രത്യേക പൂജകളും നടക്കും.

രാജ്യത്ത് ഉടനീളം പ്രവർത്തകർ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.. ഇതിനായി 14 കോടി കിറ്റുകളും സജ്ജമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here