ചണ്ഡീഗഡ്: പഞ്ചാബ് രാഷ്‌ട്രീയത്തിൽ ഏതാനും നാളുകളായുള്ള ഏറ്റുമുട്ടലുകൾക്കൊടുവിൽ രാജി പ്രഖ്യാപിച്ച ക്യാപ്റ്റൻ അമരീന്ദർ സിംഗ് പാർട്ടി നേതൃത്വത്തിനെതിരെ രംഗത്ത്. എന്തുവിലകൊടുത്തും സിദ്ദു മുഖ്യമന്ത്രിയാകുന്നതിനെ തടയുമെന്നും അമരീന്ദർ പ്രഖ്യാപിച്ചു. പിസിസി അദ്ധ്യക്ഷനായ നവജ്യോത് സിംഗ് സിദ്ദുവിന് പാകിസ്താനുമായി ബന്ധമുണ്ടെന്ന ഗുരുതര ആരോപണമാണ് ക്യാപ്റ്റൻ ഉന്നയിച്ചത്. അതിനാൽ സിദ്ദുവിനെ മുഖമന്ത്രിയാക്കുന്നതിനുള്ള സകല നീക്കങ്ങളെയും ദേശീയ സുരക്ഷയെ മുൻനിർത്തി എതിർക്കും.

പഞ്ചാബിലെ കോൺഗ്രസ് അദ്ധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവിനെതിരായ രൂക്ഷവിമർശനം പാർട്ടിയെ സമ്മർദ്ദത്തിലാക്കി. സിദ്ദു തീർത്തും അയോഗ്യനായ വ്യക്തിയാണ്. അയാൾക്ക് ഒന്നും തന്നെ കൈകാര്യം ചെയ്യാൻ അറിയില്ല. സിദ്ദുവിനെ തനിക്ക് നല്ലപോലെ അറിയാം. പഞ്ചാബിന് ആവശ്യമായ മാന്ത്രികശക്തിയാണെന്നാണ് സിദ്ദു കരുതുന്നത്. അയാൾ ഒരു ദുരന്തമാകാനാണ് പോകുന്നത്. അടുത്ത മുഖ്യമന്ത്രിയായി സിദ്ദുവിനെ നാമനിർദേശം ചെയ്യുന്നത് എങ്ങിനെയും എതിർക്കും. പാകിസ്താനുമായി സിദ്ദുവിന് ബന്ധമുണ്ടെന്നും ദേശീയ സുരക്ഷയ്‌ക്ക് സിദ്ദു ഭീഷണിയാകുമെന്നും അമരീന്ദർ വ്യക്തമാക്കി.

സിദ്ദുവിന്റെ സുഹൃത്താണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ജനറൽ ബജ്‌വയുമായും സിദ്ദുവിന് അടുത്ത ബന്ധമുണ്ട്. നിരവധി ഡ്രോണുകൾ, ആയുധങ്ങൾ, സ്‌ഫോടക വസ്തുക്കൾ, ഗ്രനേഡുകൾ, പിസ്റ്റലുകൾ, റൈഫിളുകൾ, എകെ47, ആർഡിഎക്‌സ്, ഹീറോയിനുകൾ എന്നിവ പഞ്ചാബിന്റെ മണ്ണിലേക്ക് പ്രതിദിനം എത്തുന്നുണ്ട്. ഇതെല്ലാം വരുന്നത് പാകിസ്താനിൽ നിന്നാണ്. സിദ്ദുവിന്റെ പാക് ബന്ധം ദേശീയ സുരക്ഷയെ ബാധിക്കുന്നതാണെന്നും ക്യാപ്റ്റൻ പറഞ്ഞു.
പാർട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധിയെ വിളിച്ച് രാജി കാര്യം അറിയിച്ചപ്പോൾ ‘ക്ഷമിക്കണം അമരീന്ദർ’ എന്നാണ് അവർ പ്രതികരിച്ചതെന്നും അമരീന്ദർ പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here