കൊച്ചി:ജില്ലയിൽ കോവിഡ് പ്രതിരോധ വാക്സിൻ്റെ ആദ്യ ഡോസ് സ്വീകരിച്ചവരുടെ എണ്ണം നൂറു ശതമാനത്തിലേക്ക്. 96.58 ശതമാനം ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു. 18 വയസ് പൂർത്തിയായ അർഹതപ്പെട്ടവരും സമ്മതം തന്നതുമായ മുഴുവൻ പേരിലേക്കും ആദ്യ ഡോസ് വാക്സിൻ എത്തിച്ചു. കോവിഡ് പോസിറ്റീവായ 1.3 ലക്ഷം പേർക്കാണ് ആദ്യ ഡോസ് നൽകാൻ കഴിയാതിരുന്നത്. ഇവർക്ക് മൂന്നു മാസം പൂർത്തിയാകുന്ന മുറക്ക് വാക്സിൻ നൽകും. ആദ്യ ഡോസ് 100 ശതമാനം പൂർത്തിയാക്കിയതിൻ്റെ ജില്ലാതല പ്രഖ്യാപനം ഒക്ടോബർ രണ്ടിന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് കളക്ടറേറ്റിൽ നിർവഹിക്കും.

2021 ജനുവരി 16 നാണ് ജില്ലയിൽ കോവിഡ് പ്രതിരോധ വാക്സിൻ നൽകി തുടങ്ങിയത്. 2952064 പേർക്കായിരുന്നു വാക്സിൻ നൽകേണ്ടിയിരുന്നത്. 2851003 പേർക്കാണ് ആദ്യ ഡോസ് നൽകിയത്. ഇന്ത്യയിലെ ഏത് സർക്കാർ ആശുപത്രിയിൽ നിന്നും വാക്സിൻ സ്വീകരിക്കാം എന്നിരിക്കെ കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്ത ജില്ലയിലെ സ്ഥിരതാമസക്കാരല്ലാത്തവർക്കും വിവിധ കേന്ദ്രങ്ങളിൽ വാക്സിൻ നൽകിയിട്ടുണ്ട്. ഇതുൾപ്പടെയാണ് 2851003 പേർ വാക്സിൻ സ്വീകരിച്ചത്. സ്ഥിരതാമസക്കാരായ 96.58 ശതമാനമാണ് വാക്സിനെടുത്തത്.

60 വയസ് പൂർത്തിയായ വാക്സിനേഷന് അനുവാദം നൽകിയ 660652 പേർക്കും ആദ്യ ഡോസ് വാക്സിൻ നൽകി. 476400 പേർക്ക് രണ്ടാം ഡോസും നൽകി. 45 നും 60നും ഇടയിൽ പ്രായമുള്ള 793298 ( 96.68%) പേർക്കാണ് ആദ്യ ഡോസ് നൽകിയത്. 454767 ( 55.42%) രണ്ടാം ഡോസും സ്വീകരിച്ചു. 18 നും 44 നും ഇടയിൽ പ്രായമുള്ള 94. 98 ശതമാനം ആദ്യ ഡോസും 27.26 ശതമാനം രണ്ടാം ഡോസും സ്വീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here