കൊച്ചി:യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി പുതുതായി ഉള്‍പ്പെടുത്തിയ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിനേഷന്റെ (പിസിവി) ജില്ലാതല ഉദ്ഘാടനം ഇന്ന് (ഒക്ടോബർ 6 ) രാവിലെ 10 മണിക്ക് എറണാകുളം ജനറൽ ആശുപത്രിയിൽ വച്ച് ജില്ലാ കളക്ടർ ജാഫർ മലിക് നിർവഹിക്കും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ കെ കുട്ടപ്പൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. ആർസി എച്ച് ഓഫീസർ ഡോ. ശിവദാസ് എം ജി, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. അനിത, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

സ്‌ട്രെപ്‌റ്റോ കോക്കസ് ന്യുമോണിയ അഥവാ ന്യൂമോ കോക്കസ് എന്ന രോഗാണു പരത്തുന്ന ഒരു കൂട്ടം രോഗങ്ങളെയാണ് ന്യൂമോകോക്കല്‍ രോഗം എന്ന് വിളിക്കുന്നത്. ന്യൂമോകോക്കസ് ബാക്ടീരിയ മൂലമുണ്ടാകുന്ന ന്യൂമോണിയ, മെനിന്‍ജൈറ്റിസ് എന്നിവയില്‍ നിന്നും കുഞ്ഞുങ്ങള്‍ക്ക് ഈ വാക്‌സിന്‍ സംരക്ഷണം നല്‍കുന്നതില്‍ ഫലപ്രദമാണ്.
ചുമ, കഫക്കെട്ട്, ശ്വാസം എടുക്കാന്‍ പ്രയാസം, പനി ശ്വാസംമുട്ടല്‍, നെഞ്ചുവേദന എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍. ഒപ്പം ഹൃദയാഘാതം, അബോധാവസ്ഥ തുടങ്ങി സങ്കീര്‍ണമായ സാഹചര്യങ്ങളിലേക്ക് പോകാതിരിക്കുന്നതിന് ഈയൊരു വാക്‌സിന്‍ വലിയ രീതിയിലൊരു പ്രതിരോധമാണ് തീര്‍ക്കുന്നത്. അതിനാലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശമനുസരിച്ച് യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി ഈ വാക്‌സിനെ ഉള്‍പ്പെടുത്തിയത്.

ഒന്നരമാസത്തെ ആദ്യ ഡോസിന് ശേഷം മൂന്നര മാസം, 9 മാസം എന്നിങ്ങനെയാണ് വാക്‌സിന്‍ നല്‍കേണ്ടത്. മറ്റ് വാക്‌സിന്‍ എടുക്കുന്നതിനൊപ്പം തന്നെയാണ് ഈ വാക്‌സിനും നല്‍കുന്നത്. ഒരു വയസുവരെ ഈ വാക്‌സിന്‍ എടുക്കുന്നതിനുള്ള സമയപരിധിയുമുണ്ട്.
ഒരു വയസ്സിനു താഴെയുള്ള കുട്ടികളിൽ മരണകാരണമായേക്കാവുന്ന ന്യൂമോണിയ, മെനിന്‍ജൈറ്റിസ് എന്നീ രോഗങ്ങളെ പ്രതിരോധിക്കുന്ന പി സി വി വാക്‌സിൻ കൃത്യസമയത്ത് നൽകി കുട്ടികളെ ഈ രോഗങ്ങളിൽ നിന്നും സുരക്ഷിതരാ ക്കണമെന്ന് ജില്ലാ ആരോഗ്യവിഭാഗം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here