കൊച്ചി: പ്രമുഖകാർട്ടൂണിസ്റ്റ് യേശുദാസൻ അന്തരിച്ചു. കൊച്ചിയിൽ കൊറോണ ബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. 83 വയസ്സായിരുന്നു. കേരളത്തിലെ ആദ്യത്തെ പോക്കറ്റ് കാർട്ടൂണിന്റെ രചയിതാവ്, മലയാള പത്രത്തിലെ ആദ്യത്തെ സ്റ്റാഫ് കാർട്ടൂണിസ്റ്റ് എന്നീ ബഹുമതികൾ യേശുദാസനുള്ളതാണ്.

കേരള ലളിതകലാ അക്കാദമി മുൻ ചെയർമാനും കാർട്ടൂൺ അക്കാദമിയുടെ സ്ഥാപക ചെയർമാനുമാണ് യേശുദാസൻ. 1955ൽ കോട്ടയത്ത് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന നർമ്മ മാസികയിൽ ദാസ് എന്ന പേരിൽ വരച്ചു തുടങ്ങിയ അദ്ദേഹത്തിന്റെ കാർട്ടൂൺ ഫലിതത്തിൽ ഉൾപ്പെടാത്ത രാഷ്‌ട്രീയക്കാർ ആരും തന്നെ ഇല്ല.

യേശുദാസൻ വരച്ച ആദ്യത്തെ കാർട്ടൂൺ ‘ലോകം യുദ്ധക്കൊതിയനെന്നു വിളിച്ചിരുന്ന അമേരിക്കൻ സ്‌റ്റേറ്റ് സെക്രട്ടറി ജോൺ ഡഗ്ലസ് ഒരു ആറ്റം ബോംബുമായി നൃത്തം ചവിട്ടുന്നതായിരുന്നു. ‘ചന്തു’ എന്ന കാർട്ടൂൺ പരമ്പരയാണ് യേശുദാസന്റെ ആദ്യത്തെ കാർട്ടൂൺ പംക്തി.

ഇന്ത്യൻ കാർട്ടൂണിസ്റ്റുകളുടെ കുലപതിയായ ശങ്കറിനോടൊപ്പം ശങ്കേഴ്‌സ് വീക്കിലിയിൽ പരിശീലനം നേടിയ കാർട്ടൂണിസ്റ്റുകളിൽ ഒരാളാണ് യേശുദാസൻ. വരകളിലെ ലാളിത്യവും കഥാപാത്രങ്ങളുടെ സൂക്ഷ്മാംശങ്ങളും അദ്ദേഹത്തിന്റെ കാർട്ടൂണുകളുടെ മാത്രം പ്രത്യേകതയാണ്

സംസ്കാര ചടങ്ങുകൾ നാളെ ( ഒക്ടോബർ 7 ) രാവിലെ 11 ന് ശേഷം ചിറ്റൂർ സെന്റ് മേരീസ് സെമിത്തേരിയിൽ.
നാളെ രാവിലെ 8 മുതൽ 8 .30 വരെ കളമശേരി ചങ്ങമ്പുഴ നഗറിലെ വീട്ടിൽ. രാവിലെ 8 .30 മുതൽ 11 വരെ കളമശേരി മുനിസിപ്പൽ ടൗൺ ഹാളിൽ പൊതു ദർശനം.

:ഭാര്യ – മേഴ്സി യേശുദാസ് മക്കൾ – സാനു ദാസ് , സേതു ദാസ് , സുകു ദാസ്
മരുമക്കൾ – ജയ സാനു, അലക്സി സുകു

LEAVE A REPLY

Please enter your comment!
Please enter your name here