കലാമണ്ഡലം അമ്പിളി, ഭർത്താവ് പ്രവീൺകുമാർ മുണ്ടയ്ക്കാട്, മക്കളായ അനാമിക, അഭിനന്ദ് എന്നിവർ

കൊച്ചി: രാജ്യത്ത് വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭാധനരുടെ വ്യക്തിഗത നേട്ടങ്ങൾ വിലയിരുത്തി നൽകുന്ന പുരസ്കാരങ്ങളിലൊന്നായ ഇന്ത്യ സ്റ്റാർ ഐക്കൺ അവാർഡ്- 2022 ലഭിച്ച മലയാളികളിൽ പെരുമ്പാവൂർ കൂവപ്പടി കൊരുമ്പശ്ശേരി മുണ്ടയ്ക്കാട് വീട്ടിൽ കലാമണ്ഡലം അമ്പിളിയും. നൃത്താധ്യാപികയാണ് അമ്പിളി. പ്രശസ്ത മൃദംഗവിദ്വാൻ അന്തരിച്ച കലാമണ്ഡലം ബാലചന്ദ്രന്റെയും പരേതയായ അജിത ബാലചന്ദ്രന്റെയും മകളായ അമ്പിളി 8 വയസ്സു പ്രായമുള്ളപ്പോൾ മുതൽ നൃത്താഭ്യസനം തുടങ്ങിയതാണ്.
ഇരുപത്തഞ്ചു വർഷത്തോളമായി ഈ രംഗത്ത് സജീവമാണ്. പുല്ലുവഴി ജയകേരളം ഹയർ സെക്കന്ററി സ്‌കൂളിലെ വിദ്യാഭ്യാസത്തിനുശേഷം കലാമണ്ഡലത്തിൽ നൃത്തപഠനമാരംഭിച്ച അമ്പിളി 2008-ൽ അവിടെനിന്നും നാലുവർഷത്തെ ഡിപ്ലോമ നേടി. മോഹിനിയാട്ടമാണ് പ്രത്യേക വിഷയമായെടുത്ത് പഠിച്ചത്. തുടർന്ന് പോസ്റ്റ് ഡിപ്ലോമയും കരസ്ഥമാക്കി. ചെറുപ്പം മുതലെ പെരുമ്പാവൂരിലെ കലാമണ്ഡലം സുമതിയിൽ
നിന്നും ഭരതനാട്യത്തിൽ ശിക്ഷണം നേടിയത് കലാമണ്ഡലത്തിലെ നൃത്തപഠനത്തിനെ എളുപ്പമാക്കിയതായി അമ്പിളി പറഞ്ഞു. നാട്യവേദികളിലെ അറിയപ്പെടുന്ന പക്കമേളക്കാരനായിരുന്ന അച്ഛന്റെയും അമ്മയുടെയും പ്രോത്സാഹനമാണ് അമ്പിളിയുടെ ജീവിതത്തിൽ വഴിത്തിരിവായത്. നൃത്താധ്യാപികമാരായ കലാമണ്ഡലം കവിത കൃഷ്ണകുമാർ, കുച്ചുപ്പുടിയിൽ കലാമണ്ഡലം രാജലക്ഷ്മി തുടങ്ങിയവർ അമ്പിളിയുടെ കഴിവുകളെ ഏറെ പ്രോത്സാഹിപ്പിച്ചിട്ടുള്ളവരാണ്. 2019-ൽ മോഹിനിയാട്ടത്തിൽ കേരള സർക്കാർ സാംസ്കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെല്ലോഷിപ്പിനർഹയായിരുന്നു. 2020-ൽ ശ്രേഷ്ഠഭാഷാ വിജ്ഞാന പോഷണ പദ്ധതിയ്ക്ക് കീഴിൽ വരുന്ന അക്ഷരപ്പെരുമ പുരസ്ക്കാരം അമ്പിളിയുടെ ഇരിങ്ങോളിലും കൂവപ്പടിയിലുമുള്ള ശിവപ്രിയ നൃത്തകലാലയത്തിനായിരുന്നു ലഭിച്ചത്. ഭർത്താവ് എം. പി. പ്രവീൺകുമാറും ജീവിതമാർഗ്ഗം കണ്ടെത്തിയിരിക്കുന്നത്, നൃത്താനുബന്ധ വഴിയിലാണ്. പെരുമ്പാവൂരിൽ ഡാൻസ് വസ്ത്രങ്ങളുടെയും
ആഭരണങ്ങളുടെയും ശേഖരവുമായി ശിവപ്രിയ ഡാൻസ് കളക്ഷൻസ് നടത്തിവരുന്നു. ഇടവൂർ യു.പി. സ്‌കൂളിൽ പഠിക്കുന്ന അനാമികയും, അഭിനന്ദുമാണ് മക്കൾ. ഇരുവരും അമ്മയുടെ വഴിയിൽ നൃത്തവും അഭിനയവുമൊക്കെയായി സോഷ്യൽ മീഡിയയിൽ സജീവമാണ്. മോഹിനിയാട്ടത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള പുതിയ ആശയാവിഷ്കാരങ്ങൾ മനസ്സിൽ പദ്ധതികളായുണ്ട്. മോഹിനിയാട്ടത്തിന്റെ പ്രചരണത്തിനും, പുതുതലമുറയ്ക്ക് മോഹിനിയാട്ടം പരിചയപ്പെടുത്തുകയുമാണ് ലക്ഷ്യം. അത്തരം പ്രവർത്തനങ്ങൾക്ക് ഈ അവാർഡ് പ്രചോദനമേകുന്നുവെന്നുവെന്ന് കലാമണ്ഡലം അമ്പിളി പറഞ്ഞു. കൊവിഡ് കാലം കലാകാരന്മാർക്കുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി അമ്പിളിയുടെ കുടുംബത്തെയും ബാധിച്ചു. ഇപ്പോൾ ഓൺലൈൻ ക്ലാസ്സുകളും മറ്റും നടത്തി മുന്നോട്ടു കൊണ്ടുപോകുകയാണ് ജീവിതം.

 

LEAVE A REPLY

Please enter your comment!
Please enter your name here