Kv

കൊച്ചി: തൃക്കാക്കരയിൽ നാളെ നടക്കാനിരിക്കുന്ന ഇടത് കൺവെൻഷനിൽ പങ്കെടുക്കുമെന്ന് കെ.വി തോമസ്. കോൺഗ്രസ് തന്നെ പുറത്താക്കുന്നെങ്കിൽ പുറത്താക്കട്ടെയെന്ന് കെ.വി തോമസ് വെല്ലുവിളിച്ചു. തൃക്കാക്കരയിൽ എൽഡിഎഫിനൊപ്പം ചേർന്ന് പ്രവർത്തിക്കും. എൽഡിഎഫ് സ്ഥാനാർത്ഥി ജോ. ജോസഫിനായി ആത്മാർത്ഥമായി പ്രവർത്തിക്കുമെന്നും കെ.വി തോമസ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ നാളെ തൃക്കാക്കരയിൽ എത്താനിരിക്കെയാണ് കെവി തോമസിന്റെ പ്രഖ്യാപനം.

എഐസിസിയെക്കാൾ വലുതാകാനാണ് കെപിസിസി ശ്രമിക്കുന്നത്. കേരളത്തിൽ വികസനം കൊണ്ടുവരികയാണ് തന്റെ ലക്ഷ്യം. കോൺഗ്രസ് തന്റെ നേരെ ഗേറ്റ് അടച്ചിട്ടു. എല്ലാവരേയും പുറത്താക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. കണ്ണൂരിൽ സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്താൽ തന്നെ പുറത്താക്കുമെന്ന് പറഞ്ഞിരുന്നുവെന്നും എന്നിട്ട് എന്തായെന്നും താനായിട്ട് കോൺഗ്രസ് വിട്ട് പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡോ. ജോ ജോസഫിനായി സ്വന്തം തിരഞ്ഞെടുപ്പ് പോലെ പ്രചാരണം നടത്തും. കെ റെയിൽ അടക്കമുള്ള വികസനപദ്ധതികൾ മുൻനിർത്തിയാണ് തന്റെ രാഷ്‌ട്രീയം. അതേസമയം, തന്റെ ആശയങ്ങൾ സിപിഎം ഉൾക്കൊള്ളുമോ എന്ന് അറിയില്ല. സ്വന്തം വീട്ടിലെ കല്യാണത്തിന് വിളിക്കണോ എന്ന ചോദ്യത്തിന് സ്വന്തം വീട്ടിലെ ഗേറ്റ് അടച്ചിട്ടാൽ എന്ത് ചെയ്യുമെന്നും തോമസ് ചോദിച്ചു.താൻ ഇന്നും എന്നും കോൺഗ്രസുകാരനാണ്. കോൺഗ്രസുകാരനായി തന്നെയാണ് ഇടതിനായി പ്രചാരണത്തിന് ഇറങ്ങുകയെന്നും അദ്ദേഹം പറഞ്ഞു. 2018 മുതൽ തന്നെ പുറത്താക്കാൻ പാർട്ടിയിൽ സംഘടിതശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് കെവി തോമസ് ആരോപിച്ചു. തനിക്കെതിരെ നടപടിയെടുത്തത് എഐസിസിയല്ലെന്നും എഐസിസി അച്ചടക്ക സമിതിയാണെന്നുമായിരുന്നു കെ വി തോമസിന്റെ വിശദീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here