ഇരിങ്ങാലക്കുട:സമകാലിന വിഷയങ്ങൾ ചർച്ച ചെയ്ത് റവന്യൂ ജില്ല സ്കൂൾ കലോത്സവ വേദിയിൽ മോണോ ആക്ട് പ്രകടനങ്ങൾ. ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ എൽപി സ്കൂൾ ഹാളിൽ നടന്ന ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ മോണോആക്ട് മത്സരമാണ് ആശയങ്ങളുടെ വ്യത്യസ്തത കൊണ്ടും അഭിനയ മികവ് കൊണ്ടും ഏകാഭിനയ വേദിയെ സമ്പുഷ‌്ടമാക്കിയത്. പ്രണയകൊലയും നരബലിയും തുടങ്ങി ലഹരിയിൽ മുങ്ങുന്ന ജീവിതങ്ങൾ വരെ പ്രമേയമായി. സമൂഹത്തിൽ സ്ത്രീകൾക്ക് നേരെ ഉയരുന്ന അതിക്രമങ്ങളും ലവ് ജിഹാദ് വിഷയങ്ങളും വേദിയിൽ നിറഞ്ഞു. ലഹരിയിൽ മുങ്ങുന്ന ജീവിതങ്ങളെ മികച്ച ഭാവാഭിനയത്തിൽ അവതരിപ്പിച്ച ഡോൺ ബോസ്കോ സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ആർദ്ര ലക്ഷ്മി ഒന്നാം സ്ഥാനം നേടി.

കേരളത്തിൽ വർധിച്ചുവരുന്ന കൊലപാതകങ്ങൾ വിഷയമാക്കിയ മമ്മിയൂർ എൽഎഫ്സിഎച്ച്എസ്എസിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി അമൽന സൈമൺ രണ്ടാം സ്ഥാനം സ്വന്തമാക്കി. കോട്ടക്കൽ, എസ് സി ജി എച്ച് എസ് എസ് പത്താം ക്ലാസ് വിദ്യാർത്ഥിനി ഹന്നാ ഫ്രാൻസിസ് ആണ് മുന്നാം സ്ഥാനത്ത്.

കാവാലം നാരായണപ്പണിക്കരുടെ നാടകം ദൈവത്താർ നരബലി പ്രമേയം ഉയർത്തിയപ്പോൾ തകഴിയുടെ വെള്ളപ്പൊക്കത്തിൽ കഥയിലൂടെ തെരുവ് നായകളുടെ വിഷയം ചർച്ചയായി. സുഗതകുമാരിയുടെ പട്ടുപാവാട എന്ന കവിത തെരുവിലേക്ക് വലിച്ചെറിയപ്പെടുന്ന ബാല്യങ്ങളെ അവതരിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here