കോട്ടയം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ ബാക്കി നില്‍ക്കുമ്പോള്‍ കോട്ടയം മണ്ഡലത്തില്‍ ഉദ്ഘാടനങ്ങളുടെ ഘോഷയാത്രയായിരുന്നു. അതിലൊന്നായിരുന്നു നഗരമദ്ധ്യത്തിലെ ആകാശപാത. നഗരത്തിലെ ഗതാഗത പ്രതിസന്ധിയ്ക്ക് ശ്വാശത പരിഹാരമെന്നനിലയിലാണ് അതിനൂതന ആശയമെന്നനിലയില്‍ ആകാശപാതയുടെ പദ്ധതി കൊണ്ടുവന്നത്. അടിയന്തിര പ്രാധാന്യത്തോടെ ഒരു വര്‍ഷത്തിനുളളില്‍ പൂര്‍ത്തീകരിക്കുമെന്നായിരുന്നു പ്രഖ്യാപനം. പക്ഷേ മൂന്നാം വര്‍ഷത്തിലേക്ക് പ്രവേശിക്കുമ്പോഴും ആകാശപാത ആകാശകുസുമമായി അവശേഷിക്കുകയാണ്. നഗരത്തിലെ കുരുക്കിന് ഇപ്പോഴും കുറവില്ല.

പട്ടണത്തിലെ ഗതാഗതക്കുരുക്ക് മൂലമുള്ള ബുദ്ധിമുട്ട് ഒഴിവാക്കാന്‍ സ്‌കൈവാക്ക് എന്ന പേരില്‍ ലക്ഷങ്ങള്‍ മുടക്കി നിര്‍മാണമാരംഭിച്ച പദ്ധതി അകാരണമായി നീളുന്നു. വന്‍തുക മുടക്കി തൂണുകളും പ്രധാന പ്ലാറ്റ്‌ഫോമും സ്ഥാപിച്ചിട്ട് മാസങ്ങളായി.വ്യവസായ സ്ഥാപനങ്ങളും മറ്റും സ്‌കൈവാക്കിലുണ്ടാകുമെന്നും പ്രഖ്യാപനമുണ്ടായി. നിര്‍മാണരീതി സംബന്ധിച്ച് മുമ്പേ ആശയക്കുഴപ്പമുണ്ടായിരുന്നു. ഇത്രയും ഉയരത്തിലേക്ക് കാല്‍നടക്കാര്‍ കയറാന്‍ തയ്യാറാകുമോ എന്നതായിരുന്നു ആശങ്ക. ഇതിന് ലിഫ്റ്റുകള്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും എവിടെയൊക്കെയെന്ന് വ്യക്തമാക്കിയില്ല. കൂറ്റന്‍ തൂണുകളും റൗണ്ട് പ്ലാറ്റ്‌ഫോമും സ്ഥാപിച്ചു. പ്ലാറ്റ്‌ഫോം സ്ഥാപിച്ചപ്പോള്‍ ഒരു തൂണ്‍ പുറത്തായത് നിര്‍മാണത്തിലെ അപാകമായി ചൂണ്ടിക്കാട്ടിയിരുന്നു. പിന്നീട് ഒരു എക്‌സ്റ്റന്‍ഷന്‍ സ്ഥാപിച്ച് തലയൂരുകയായിരുന്നു. നിലവില്‍ തൂണുകളും പ്ലാറ്റ്‌ഫോമും നഗരമധ്യത്തില്‍ നോക്കുകുത്തിയായി.

ആറ് മീറ്റര്‍ ഉയരത്തില്‍ നിര്‍മിക്കുന്ന സ്‌കൈ വാക്കിന്റെ നിര്‍മാണ ചുമതല റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷനാണ്. 4 കോടി രൂപ ചെലവിലാണ് ആകാശപ്പാത നിര്‍മിക്കുന്നത്. കരാറുകാരന് 40 ലക്ഷം രൂപ മാത്രമാണ് ഇതുവരെ നല്‍കിയത്. 1.5 കോടി രൂപയുടെ ബില്ലു നല്‍കാത്തതിനെ തുടര്‍ന്ന് കരാറുകാരന്‍ പണി നിര്‍ത്തിവയ്ക്കുകയായിരുന്നു.

ആകാശപ്പാതയുടെ നിര്‍മാണത്തിന്റെ ആദ്യഘട്ടമായി 14 ഉരുക്കുതൂണുകള്‍ കഴിഞ്ഞ ഡിസംബറില്‍ എത്തിച്ചു സ്ഥാപിച്ചു. ഇതിനു മുകളില്‍ ഇരുമ്പു പൈപ്പുകള്‍ പരസ്പരം ബന്ധിപ്പിച്ചു. ഇരുമ്പു പൈപ്പുകള്‍ പരസ്പരം ബന്ധിപ്പിച്ചതിനു മുകളില്‍ ഉരുക്ക് ഷീറ്റ് വിരിച്ച് കാല്‍നടയാത്രക്കാര്‍ക്കുള്ള സൗകര്യം ഒരുക്കണം.മേല്‍കൂര സ്ഥാപിക്കേണ്ടതുണ്ട്. 4 ലിഫ്റ്റുകളും ഒരു പടിയും സ്ഥാപിക്കണം.

നഗരസഭാ കാര്യാലയത്തോടു ചേര്‍ന്ന് സ്ഥാപിക്കുന്ന സ്‌കൈവാക്കിനായി നഗരസഭാ ഓഫീസിനടുത്തുള്ള സ്ഥലവും വിട്ടുകൊടുത്തിരുന്നു. ഇതിനെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു. തൂണും ലിഫ്റ്റ് അടക്കമുള്ളവയും സ്ഥാപിക്കാന്‍ റോഡിനോടു ചേര്‍ന്ന് ധാരാളം സ്ഥലം വേണമെന്നിരിക്കെ ഇത് ഗതാഗതക്കുരുക്ക് വര്‍ധിപ്പിക്കുമെന്നും ആരോപണമുണ്ടായി.

2016 ഫെബ്രുവരിയിലാണ് ആകാശപ്പാതയ്ക്ക് തറക്കല്ലിട്ടത്. നഗരത്തിലെ ഗതാഗത പരിഷ്‌കരണം എന്ന നിലയില്‍ ആകാശപ്പാതയ്ക്കു വേണ്ടി റോഡ് സേഫ്റ്റി ഫണ്ടാണ് വിനിയോഗിച്ചത്. കിറ്റ്‌കോയ്ക്കാണ് നിര്‍മാണ ചുമതല. ആദ്യം അനുവദിച്ച 1 കോടി രൂപയില്‍ 60 ലക്ഷം രൂപ ഉപയോഗിച്ച് ശീമാട്ടി റൗണ്ടാനയ്ക്ക് സമീപത്തുകൂടി കടന്നു പോകുന്ന 11 കെവി വൈദ്യുതി ലൈനുകള്‍ ഭൂഗര്‍ഭ കേബിളുകളാക്കി.

റൗണ്ടാനയുടെ സമീപത്തുകൂടി കടന്നു പോയ ജലഅതോറിറ്റി പൈപ്പുകളും മാറ്റി സ്ഥാപിച്ചു. ബാക്കി 40 ലക്ഷം രൂപയാണ് നിര്‍മാണത്തിനായി കരാറുകാരന് നല്‍കിയത്. ആകാശപ്പാതയുടെ തൂണുകളും പ്ലാറ്റ്‌ഫോം പൈപ്പുകളും സ്ഥാപിച്ചശേഷം 1.5 കോടിയുടെ ബില്ല് നല്‍കി.ഇനിയുള്ള ജോലിയുടെ ടെന്‍ഡര്‍ നടപടികളും എങ്ങുമെത്തിയിട്ടില്ല. ഇനിയും മുന്നോട്ടു പണിയാന്‍ കഴിയില്ലെന്നാണു കരാറുകാരുടെ നിലപാട്.

ചില നിക്ഷിപ്ത താല്‍പര്യക്കാരുടെ ഇടപെടല്‍ പദ്ധതിയുടെ വേഗത കുറച്ചതെന്നും എത്രയും പെട്ടെന്ന് ആകാശപാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു.

നഗരത്തിലെ അഞ്ച് പ്രധാന റോഡുകള്‍ കൂടിച്ചേരുന്നതാണ് ശീമാട്ടി ജംഗ്ഷന്‍ അഥവാ ശീമാട്ടി റൗണ്ടാന. കോട്ടയം കുമരകം റോഡ്, എംസി റോഡ്, തിരുനക്കരയിലേക്കും നാഗമ്പടത്തേക്കും ലോഗോസ് ഭാഗത്തേക്കുമുള്ള പ്രധാന റോഡുകളും നഗരസഭ ഓഫീസിന്റെ പ്രധാനകവാടവും ഈ ജംക്ഷനിലേക്കാണ് തുറക്കുന്നത്. ഇവിടെ നിന്നെല്ലാം സ്‌കൈ വാക്കിലേക്ക് പ്രവേശിക്കാം.
കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാതെയും അപകടം കൂടാതെയും റോഡ് മുറിച്ചുകടക്കുന്നതിനും ഗാതഗത കുരുക്ക് ഒഴിവാക്കുന്നതിനും വേണ്ടിയാണ് ആകാശപാത വിഭാവനം ചെയ്തത്.
ഭക്ഷണശാലകള്‍, വിനോദശാലകള്‍, പൊലീസ് എയ്ഡ് പോസ്റ്റ്, സൗജന്യ വൈഫൈ തുടങ്ങിയ സൗകര്യങ്ങളെല്ലാം ആകാശനടത്തക്കാരെ കാത്തിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here