സപ്ലൈകോയില്‍ സബ്‌സിഡി സാധനങ്ങളുടെ വില്‍പ്പന നിലച്ചു; പ്രതിസന്ധിക്കു പിന്നില്‍ ഉദ്യോഗസ്ഥരുടെ പടലപ്പിണക്കം

0
28

പി. ഉദയകുമാര്‍

കൊല്ലം: സപ്ലെകോയില്‍ സബ്‌സിഡി ഉത്പ്പന്നങ്ങള്‍ വില്‍പ്പന നിലച്ചിട്ട് മാസങ്ങളായി. പാവപ്പെട്ട ജനങ്ങള്‍ അമിതവില കൊടുത്തു പൊതുവിപണിയില്‍ നിന്ന് വാങ്ങേണ്ട ഗതികേട് വന്നിട്ടും അധികൃതര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്ന് വ്യാപക പരാതി.

നിത്യോപയോഗ സാധനങ്ങളുടെ വില വാണം പോലെ കുതിച്ചുയരുമ്പോഴാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ നോക്കുകുത്തിയായി മാറുന്നത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മാവേലി സ്‌റ്റോറുകളിലും സപ്ലൈകോ ഔട്ട്‌ലെറ്റുകളിലും അവശ്യസാധനങ്ങള്‍ ലഭിക്കാതെയായിട്ട് നാള് ഏറെയായി. സബ്‌സിഡി ലഭ്യമായ ഇനങ്ങളാണ് പ്രധാനമായും സപ്ലൈകോയില്‍ ഇല്ലാത്തത്. അരി, മുളക്, മല്ലി, പഞ്ചസാര, കടല, പയര്‍, വെളിച്ചെണ്ണ, ഉഴുന്ന് അടക്കമുള്ള ഇനങ്ങളാണ് സബ്‌സിഡി ഇനത്തില്‍ ലഭിക്കുന്നത്. ഒരു റേഷന്‍ കാര്‍ഡില്‍ ഒരു കുടുംബത്തിന് ജയ അരി 25രൂപ നിരക്കില്‍ അഞ്ച് കിലോയാണ് ലഭിക്കുന്നത്. പൊതുവിപണിയില്‍ 45 രൂപയോളമാണ് അരിക്ക് വില. പയര്‍ വര്‍ഗങ്ങള്‍ക്കും മുളക്, മല്ലി തുടങ്ങിയവയ്ക്കും വിപണിയിലുള്ളതിനെക്കാള്‍ വിലക്കുറവാണ് സപ്ലൈക്കോയിലുള്ളത്. എന്നാല്‍ ഇവയൊന്നും ഇവിടെ കിട്ടാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളതെന്ന് ജനങ്ങള്‍ പറയുന്നു. സബ്‌സിഡി സാധനങ്ങള്‍ സ്‌റ്റോക്കില്ലെന്ന് ജീവനക്കാരും സമ്മതിക്കുന്നു. ഓര്‍ഡര്‍ നല്‍കിയാലും സാധനങ്ങള്‍ ലഭ്യമാക്കുന്നതിന് അധികൃതര്‍ താത്പര്യം കാണിക്കുന്നില്ലെന്ന പരാതിയാണ് മാവേലി സ്‌റ്റോറുകളിലെ മാനേജര്‍മാര്‍ക്ക് ഉള്ളത്. സബ്‌സിഡി സാധനങ്ങള്‍ ഇല്ലെന്ന കാരണത്താല്‍ ജനങ്ങളുടെ രോഷത്തിന് ഇരയാകേണ്ടത് തങ്ങളാണെന്ന പരിഭവവും ഇവര്‍ക്കുണ്ട്. ചില മാവേലി സ്‌റ്റോറുകളില്‍ സ്‌റ്റോക്ക് ഉണ്ടായിരുന്ന സാധനങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പഞ്ചസാരയും അരിയും ചിലയിടങ്ങളില്‍ എത്തിയിട്ടുണ്ട്. ഉള്‍പ്രദേശങ്ങളിലാണ് സാധനങ്ങള്‍ എത്താന്‍ വൈകുന്നത്. അതേ സമയം സാധനങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ ഇടയിലുള്ള പടലപ്പിണക്കങ്ങളാണ് പ്രതിസന്ധിക്ക് കാരണമെന്നു സൂചനയുണ്ട്.

അവശ്യസാധനങ്ങള്‍ ലഭ്യമാക്കുന്നതില്‍ മെല്ലെപ്പോക്ക് നയമാണ് സപ്ലൈകോയില്‍ നടപ്പാക്കുന്നതെങ്കിലും പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് യാതൊരു കുറവുമില്ലെന്ന് ആക്ഷേപമുണ്ട്. ജില്ലയിലെ 27 മാവേലി സ്‌റ്റോറുകളിലും സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളിലും കഴിഞ്ഞ ഒരു മാസമായി സബ്‌സിഡിയുള്ള സാധനങ്ങള്‍ ലഭ്യമല്ലെന്ന് സ്‌കൂള്‍ പാചകത്തൊഴിലാളി യൂണിയന്‍ പ്രസിഡന്റും കൊല്ലം താലൂക്ക് വികസന സമിതി അംഗവുമായ ഹബീബ് സേട്ട് പറയുന്നു.

സാധാരണക്കാര്‍ നിത്യോപയോഗ സാധനങ്ങള്‍ വാങ്ങുന്നതിനായി ആശ്രയിക്കുന്ന സപ്ലൈകോ അടക്കമുള്ള സ്ഥാപനങ്ങളെ തകര്‍ക്കുന്ന സമീപനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്ന് ജനങ്ങളുടെ ആവശ്യം. എത്രയും പെട്ടെന്ന് സബ്‌സിഡി ഇനങ്ങള്‍ ഔട്ട്‌ലെറ്റുകള്‍ എത്തിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ് ജനങ്ങള്‍

LEAVE A REPLY

Please enter your comment!
Please enter your name here