വിനോദ സഞ്ചാരികളുടെ മനം കവര്‍ന്ന് മുണ്ടക്കൈ സീതമ്മക്കുണ്ട്

0
215

സ്വന്തം ലേഖകന്‍
മേപ്പാടി: വയനാട്ടിലേക്കെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് കണ്ണിനും മനസ്സിന്നും കുളിര്‍മയേകുന്ന കാഴ്ചയുമായി പ്രകൃതി ഒരുക്കിയ സീതമ്മക്കുണ്ട് എന്ന തടാകവും പ്രദേശവും വന്നെത്തുന്നവരെ ഒരിക്കലും നിരാശരാക്കില്ല.പ്രകൃതി രമണീയമായ പച്ചപട്ടുടുത്ത തേയില തോട്ടങ്ങള്‍ക്കിടയിലൂടെ സഞ്ചരിച്ച് കാനനഭംഗി ആസ്വദിച്ച് യാത്ര തുടരുമ്പോള്‍ നിലമ്പൂര്‍ വനാതിര്‍ത്തിയോട് ചേര്‍ന്ന അട്ടമല മുണ്ടക്കൈ മലനിരകള്‍ക്കിടയിലെ കാഴ്ച അവിസ്മരണീയമാണ്.ചില സമയങ്ങളില്‍ പുക മഞ്ഞിനാല്‍ ചുറ്റപ്പെട്ടും അല്ലാത്ത സമയങ്ങളില്‍ തെളിഞ്ഞ കാഴ്ചയും ഇവിടെ കാണാം. അട്ടമലയുടെ ഒരു ഭാഗത്ത് നിന്ന് നോക്കിയാല്‍ നിലമ്പൂര്‍,പോത്ത് കല്ല് തുടങ്ങിയ സ്ഥലങ്ങളും വ്യക്തമായി കാണാന്‍ കഴിയും .മുണ്ടക്കൈയിലെ സീതമ്മ കുണ്ട് തടാകത്തെ പറ്റി ഒരു ഐതിഹ്യവും ഇവിടെ പറഞ്ഞു കേള്‍ക്കുന്നുണ്ട് രാമായണത്തിലെ സീത ഈ തടാകത്തില്‍ ആറാട്ട് നടത്താറുണ്ടായിരുന്നത്രേ.അങ്ങിനെയാണ് സീതമ്മക്കുണ്ട് എന്ന പേരു വരാന്‍ കാരണം.കാഴ്ചയ്ക്കും ഭംഗിക്കും അതി മനോഹരമായത് പോലെ ഇവിടെ അപകടവും പതിയിരിക്കുന്നുണ്ട്.തടാകത്തിലെ തെളിമയാര്‍ന്ന ജലത്തില്‍ മുങ്ങി കുളിക്കാന്‍ കൊതി തോന്നുമെങ്കിലും ആ ശ്രമം ഉപേക്ഷിക്കുന്നതായിരിക്കും ഉത്തമം.കാരണം തടാകത്തിലെ ആഴത്തില്‍ അപകടം ഒളിഞ്ഞിരിപ്പുണ്ട്. ഇവിടെ നിന്നും ജീവന്‍ പൊലിഞ്ഞവര്‍ ഏറെയുണ്ട്.

അവസാനമായി മേപ്പാടി സ്വദേശി കാവുംപാടന്‍ ഹൈദര്‍ എന്നവരുടെ ഏകമകന്‍ കൂട്ടുകാരൊടൊത്ത് തടാകത്തില്‍ കുളിക്കാനിറങ്ങി മുങ്ങി മരിച്ചിരുന്നു. പ്രകൃതിയെ തൊട്ടറിയാന്‍ വരുന്നവരും ഒഴിവുകാലം ആഘോഷിക്കാന്‍ വരുന്നവരും സൂചിപ്പാറ കഴിഞ്ഞാല്‍ അടുത്തതായി തെരഞ്ഞെടുക്കുന്നത് സീതമ്മ കുണ്ടാണ് സൂചിപ്പാറയില്‍ നിന്ന് വളരെ ദൂരമല്ലാത്തതും സൂചിപ്പാറ സന്ദര്‍ശിക്കാന്‍ വരുന്നവര്‍ക്ക് ഒരേ വഴിയായതിനാലും വരും കാലങ്ങളില്‍ സീതമ്മക്കുണ്ട് ടൂറിസ്റ്റ് മേപ്പിലും ഇടം പിടിക്കുമെന്നതില്‍ സംശയമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here