വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന: ദമ്പതികള്‍ അറസ്റ്റില്‍

0
13

കൊല്ലം: ഹൈസ്‌കൂള്‍തലം മുതല്‍ കോളേജ് തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കിടയില്‍മാത്രം സ്‌കൂട്ടറില്‍ കറങ്ങിനടന്ന് കഞ്ചാവ് വില്‍പ്പനയില്‍ ഏര്‍പ്പെട്ടിരുന്ന യുവ ദമ്പതികളായ നെടുവത്തൂര്‍ ആനയത്ത് തടവിള വടക്കതില്‍ മുരളീധരന്‍ മകന്‍ സുഭാഷ് (33), ഭാര്യ സിന്ധു (29) എന്നിവരെ കൊല്ലം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഐ.നൗഷാദിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ശ്യാം കുമാറിന്റെ നേതൃത്വത്തില്‍ തന്ത്രപരമായ നീക്കത്തിലൂടെ അറസ്റ്റ് ചെയ്തു. വില്‍പ്പനയ്ക്കായി കൊണ്ടുവന്ന 100 ചെറുപൊതി കഞ്ചാവ് പ്രതികളില്‍നിന്നും കണ്ടെടുത്തു. കൊല്ലം കോര്‍പ്പറേഷന്‍ പരിധിയില്‍പ്പെട്ട ഒരു പ്രമുഖ സ്‌കൂളിലെ കഞ്ചാവിന്റെ ഉപഭോക്താക്കളായ 2 പ്ലസ് 2 വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്തപ്പോള്‍ കൊല്ലം എഴുകോണ്‍ ഭാഗത്തുള്ള ഒരു ഭാര്യയും ഭര്‍ത്താവുമാണ് ഫോണില്‍ ബന്ധപ്പെടുമ്പോള്‍ പറയുന്ന സ്ഥലത്ത് കഞ്ചാവ് എത്തിച്ചുതരുന്നത് എന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ടി വിദ്യാര്‍ത്ഥികളെക്കൊണ്ട് ദമ്പതികളെ വിളിപ്പിച്ച് കഞ്ചാവുമായി വെള്ളിമണ്‍മുക്കില്‍ എത്തുവാന്‍ ആവശ്യപ്പെടുകയായിരുന്നു. കഞ്ചാവുമായി സ്‌കൂട്ടറില്‍ വെള്ളിമണ്‍ മുക്കിന് സമീപം എത്തിയ ദമ്പതികള്‍ എക്‌സൈസ് പാര്‍ട്ടിയെക്കണ്ട് സ്‌കൂട്ടറിന് പിറകിലിരുന്ന ഭാര്യയായ സിന്ധു സ്‌കൂട്ടറില്‍നിന്നും ചാടിയിറങ്ങി ഓടിയെങ്കിലും വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ സ്ത്രീയെ പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു. സംഭവം കണ്ട് വെള്ളിമണ്‍ ജംഗ്ഷന് പരിസരത്ത് ആളുകള്‍ തടിച്ചുകൂടി. വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ കഞ്ചാവ് വില്‍പ്പന നടത്താറുള്ളെന്നും കഞ്ചാവ് വില്‍പ്പനയില്‍ ഏര്‍പ്പെടുമ്പോള്‍ ഭാര്യയും ഭര്‍ത്താവും ഒന്നിച്ചേ പോകാറുള്ളു എന്നും പ്രതികള്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍മാത്രം കഞ്ചാവ് വില്‍പ്പന നടത്തുന്നതുകൊണ്ട് നാട്ടുകാര്‍ക്ക് സംശയം ഇല്ലെന്നും വിദ്യാര്‍ത്ഥികള്‍ ഒറ്റാറില്ലെന്നും അതുകൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍മാത്രം കഞ്ചാവ് വില്‍പ്പന നടത്തുന്നതെന്നും, വില്‍പ്പനയ്ക്കായി പോകുമ്പോള്‍ ഭാര്യ കൂടെ ഉണ്ടെങ്കില്‍ പോലീസിന്റെയും എക്‌സൈസിന്റെയും പരിശോധനയില്‍നിന്നും രക്ഷപ്പെടാമെന്നും പ്രതി പറഞ്ഞു. തമിഴ്‌നാട്ടില്‍നിന്നും ട്രെയിന്‍ മാര്‍ഗ്ഗം കഞ്ചാവ് കൊണ്ടുവന്ന് ചെറുപൊതികളാക്കി വില്‍പ്പന നടത്താറുണ്ടെന്നും പൊതി ഒന്നിന് 500 രൂപാ നിരക്കിലാണ് വില്‍പ്പന നടത്തുന്നതെന്നും പ്രതികള്‍ പറഞ്ഞു.റെയ്ഡില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.ശ്യാംകുമാറിനൊപ്പം പ്രിവന്റീവ് ഓഫീസര്‍മാരായ രാജു, സുരേഷ് ബാബു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എവര്‍സന്‍ ലാസര്‍, ദിലീപ്കുമാര്‍, അനീഷ്, രഞ്ജിത്, അനില്‍ എന്നിവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here