കരുനാഗപ്പള്ളിയില്‍ കാഴ്ചയുടെ വിരുന്നൊരുക്കി പുഷ്പ-ഫല കാര്‍ഷിക വ്യാവസായിക മേള

0
29

സ്വന്തം ലേഖകന്‍
കരുനാഗപ്പള്ളി: പൂത്തുനില്‍ക്കുന്ന കുഞ്ഞന്‍ചെടികള്‍, പലവര്‍ണ്ണങ്ങളില്‍ മനം നിറയ്ക്കുന്ന വളര്‍ത്തുപക്ഷികള്‍, അരുമമൃഗങ്ങള്‍, കാര്‍ഷിക വിളകള്‍, വിനോദപരിപാടികള്‍, തുടങ്ങി മനംനിറയ്ക്കുന്ന കാഴ്ചകളുമായി കരുനാഗപ്പള്ളി പുഷ്പ-ഫല കാര്‍ഷിക മേളയ്ക്ക് തുടക്കമായി. കാണാക്കാഴ്ചയുടെ വിസ്മയം തീര്‍ത്ത് കേരളത്തില്‍ നിന്നും, പൂനെ, ബാംഗ്ലൂര്‍, ഊട്ടി തുടങ്ങിയ അന്യസംസ്ഥാനങ്ങളില്‍ നിന്നുമുള്ള അനേകം വൈവിധ്യങ്ങളായ പൂക്കളും, ചെടികളും പ്രദര്‍ശനത്തിനെത്തുന്നു.
കേരളത്തിലെ ഏറ്റവും വലിയ തീം പവലിയന്‍ ഒരുക്കിയിരിക്കുന്നു. കേരളത്തിന് ഇന്ന് അന്യമായികൊണ്ടിരിക്കുന്ന വളര്‍ത്തുപക്ഷി മൃഗപരിപാലനത്തെകുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും അതിലുപരി കാര്‍ഷിക മേഖലയുമായി പ്രവര്‍ത്തിക്കുന്ന കര്‍ഷകര്‍ക്കും ഇവയുടെ വിപണനം മുന്നില്‍ കണ്ടു കൊണ്ടും ഒരു പുത്തന്‍ തലമുറയെ വാര്‍ത്തെടുക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് കാര്‍ഷിക മേഖലയായ കരുനാഗപ്പള്ളിയില്‍ ഈ മേള സംഘടിപ്പിക്കുന്നത്.ആഴക്കടലിന്റെ വസിക്കുന്ന അലങ്കാരമത്സ്യങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും പ്രത്യേകമായി ഒരുക്കിയിട്ടുണ്ട്. അലങ്കാരപ്രാവുകള്‍, കോഴികള്‍, തത്തകള്‍ മറ്റു പക്ഷികള്‍ എന്നിങ്ങനെ കാഴ്ച ഒരുക്കുന്നതിനോടൊപ്പം ഇവയെ വാങ്ങുകയും ചെയ്യാം.
സുനാമി പോലുള്ള പ്രകൃതി ദുരന്തങ്ങളെ തിരിച്ചറിയാന്‍ കഴിവുള്ള ജര്‍മ്മനിയുടെയും, ചൈനയുടെയും വന്‍കാടുകളില്‍ ജീവിക്കുന്ന ഗോള്‍ഡന്‍ ഫെസന്റ്, സില്‍വര്‍ ഫെസന്റ്, 2000 ല്‍പരം വാക്കുകള്‍ അനുകരിക്കാന്‍ കഴിയുന്ന ആഫ്രിക്കയുടെ ഗ്രേപാരറ്റ് എന്നിവ കാഴ്ചക്കാരെ ആകര്‍ഷിക്കുന്നു. ഡൈനോസര്‍ വര്‍ഗ്ഗത്തില്‍പ്പെട്ടതും പൂര്‍ണ്ണ വളര്‍ച്ചയെത്തുമ്പോള്‍ 30 കിലോയില്‍ ശരീരഭാരം വരുന്നതും 12 അടി നീളം വരുന്നതുമായ മെക്സിക്കന്‍ ഇഗ്വാന എന്ന ഓന്തും കാണികളില്‍ അത്ഭുതം സൃഷ്ടിക്കുന്നു.രണ്ടാമത്തെ പവലിയനില്‍ ആഫ്രിക്കന്‍ വനാന്തരങ്ങളെ വെല്ലുന്ന കാടിന്റെ ചാരുതയും റോബോട്ടിക്ക് ഗോറില്ലയും, ആഫ്രിക്കന്‍ ആനുയം, കരിമ്പുലിയും, ജിറാഫും, ഡൈനോസറും കാണികള്‍ക്ക് ഒരു വനത്തില്‍ കയറുന്ന പ്രതീതി ഉളവാക്കുന്നു.ജൈവപച്ചക്കറി വിത്തുകളും ഔഷധസസ്യങ്ങളും, വിദേശയിനം ഹൈബ്രിഡ് പ്ലാവിന്‍ തൈകളും ചൈനയില്‍ നിന്നുള്ള 365 ദിവസവും കായ്ക്കുന്ന ഹൈബ്രിഡ് എന്ന മാവും തുടങ്ങി ഒട്ടനവധി കാര്‍ഷിക ഉല്‍പ്പന്നങ്ങളും കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കും ഇവിടെ നിന്നും ലഭ്യമാണ്. കേരളത്തില്‍ നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നുമുള്ള ഗൃഹോപകരണങ്ങളും സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്. ഭക്ഷ്യ മേളയും ഇതോടൊപ്പം ക്രമീകരിച്ചിട്ടുണ്ട്.
കുട്ടികള്‍ക്ക് പ്രത്യേകമായി ഒരുക്കിയിരിക്കുന്ന കിഡ്സ് സോണില്‍ ബോട്ടിംങ്ങും, ഗോസ്റ്റ് ഹൗസ്സും, ജമ്പറും സജ്ജീകരിച്ചിട്ടുണ്ട്. ശനി, ഞായര്‍ അവധി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ 9 മണിവരെയും ബാക്കിയുള്ള ദിവസങ്ങളില്‍ ഉച്ചയ്ക്ക് 2 മണി മുതലാണ് പ്രവേശന സമയം. കുട്ടികള്‍ക്ക് 5 വയസ്സ് മുതല്‍ 10 വയസ്സ് വരെ 30 രൂപയും മുതിര്‍ന്നവര്‍ക്ക് 50 രൂപയുമാണ് പ്രവേശന ടിക്കറ്റ്. ഫെസ്റ്റ് ഫെബ്രുവരി 24 ന് അവസാനിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here