തളര്‍ന്ന ശരീരം; എഴുതിയത് മൂന്ന് പുസ്തകങ്ങള്‍; സരസു തോമസ് ഇനി ഓര്‍മ

0
36
പോളിയോ ബാധിച്ച് ശരീരം തളര്‍ന്ന സരസു

തിരുവനന്തപുരം: 1960 ലാണ് പോളിയോ ബാധിച്ച് സരസുവിന്റെ ശരീരം തളര്‍ന്ന് പോയത്. കിടക്കുന്നിടത്ത് തലയ്ക്ക് മുകളില്‍ കാണുന്നത് മാത്രമാണ് സരസു തോമസിന്റെ കാഴ്ച. പക്ഷേ എഴുതിത്തീര്‍ത്തത് സ്വന്തം ആത്മകഥയടക്കം മൂന്ന് പുസ്തകങ്ങള്‍.. സരസു തോമസ് ഇനി ഓര്‍മ.തിരുവനന്തപുരം ചെഷയര്‍ ഹോമിലെ അന്തേവാസികള്‍ക്ക് മുന്നില്‍ ആത്മവിശ്വാസത്തിന്റെ ഒരു ഹിമാലയന്‍ ഉദാഹരണമായി; മധുരമായ പാട്ടുകളായി; എല്ലാവരുടെയും ആന്റിയായി സരസു തോമസ് ഇനി ഇല്ല. ഇനിയും ഒരുപാട് ചെയ്തു തീര്‍ക്കാനുണ്ടായിരുന്ന സരസുവിന് 64 വയസ്സ് വാര്‍ധക്യമായിരുന്നില്ല.1960 ലാണ് പോളിയോ ബാധിച്ച് സരസുവിന്റെ ശരീരം തളര്‍ന്ന് പോയത്. കിടക്കുന്നിടത്ത് തലയ്ക്ക് മുകളില്‍ കാണുന്നത് മാത്രമാണ് സരസു തോമസിന്റെ കാഴ്ച. പക്ഷേ എഴുതിത്തീര്‍ത്തത് സ്വന്തം ആത്മകഥയടക്കം മൂന്ന് പുസ്തകങ്ങള്‍. സരസു ഇരുകൈകളും ചേര്‍ത്ത് പിടിച്ച് ഒറ്റക്കണ്ണിലെ കാഴ്ചയില്‍ കുറിച്ച ലേഖനങ്ങളും കഥകളുമെല്ലാം ജീവിതത്തോടുള്ള ഒരു മനുഷ്യസ്ത്രീയുടെ വല്ലാത്ത കൊതിയായി മാത്രമേ വായിക്കാനാവൂ.സരസു തോമസ് എന്ന എഴുത്തുകാരി തന്റെ ഏറ്റവും വലിയ അഭിമാനമായി കണ്ടത് താന്‍ ഒന്നും പഠിച്ചിട്ടില്ല എന്നുള്ളതാണ്. സ്‌കൂളില്‍ പോയിത്തുടങ്ങിയപ്പോഴേക്ക് ശരീരം തളര്‍ന്നു. പിന്നെ പത്രങ്ങളില്‍ നിന്നും പുസ്തകങ്ങളില്‍ നിന്നും പെറുക്കിയെടുത്ത് സ്വായത്തമാക്കിയ ഓരോ അക്ഷരവും വലിയ അധ്വാനം കൊണ്ടുണ്ടാക്കിയ സമ്പാദ്യം.1978ലാണ് തിരുവനന്തപുരത്തെ വികലാംഗ പുനരധിവാസ കേന്ദ്രമായ ചെഷയര്‍ ഹോമില്‍ സരസു എത്തുന്നത്. ഇവിടെ വെച്ച് തന്നോടൊപ്പമുള്ള പതിനാറ് വീല്‍ ചെയറുകാരെ ഉള്‍പ്പെടുത്തി ‘കനല്‍പ്പാട്’ എന്ന നാടകം രചിക്കുകയും അതിലെ ഒരു കഥാപാത്രമായി ദൂരദര്‍ശനിലും വൈലോപ്പിള്ളി സംസ്‌കൃതിഭവനിലും എത്തുകയും ചെയ്തിട്ടുണ്ട്. അപ്പോഴുണ്ടായ അനുഭവങ്ങളെക്കുറിച്ച് ചോദിക്കുമ്പോള്‍ ചിരിച്ചു കൊണ്ട് വളരെ നിസാരമായാണ് സരസു മറുപടി പറയുക. 2000ലാണ് സരസുവിന്റെ ആത്മകഥ പ്രസിദ്ധീകരിക്കുന്നത്. ചെറുപ്പത്തില്‍ കണ്ട കാഴ്ചകളാണ് എഴുത്തിന്റെ കേന്ദ്രം. കാഴ്ചകളുടെയും അനുഭവങ്ങളുടെയും പരിമിതികളിലും സരസു വായനക്കാര്‍ക്കായി ഒരുക്കിയത് ഉള്‍ക്കാഴ്ചകളായിരുന്നു. ആത്മകഥയ്ക്ക് ശേഷം രണ്ട് പുസ്തകങ്ങള്‍ കൂടി സരസു എഴുതിയിട്ടുണ്ട്. റെയ്ച്ചല്‍ ബെന്നി എന്ന സുവിശേഷ പ്രസംഗയുടെ ജീവചരിത്രം ‘സ്നേഹദൂതുമായി ജയിലുകളില്‍’, ജീവിത സാഹചര്യങ്ങളെ അതിജീവിച്ച് ജീവിതവിജയം നേടിയവരെക്കുറിച്ചുള്ള ‘ജയത്തിനുണ്ടോ കുറുക്കുവഴി’ എന്നീ രണ്ട് പുസ്തകങ്ങള്‍. ഇനിയും എഴുതുമോ എന്ന് ചോദിക്കുമ്പോള്‍ ഉറപ്പായും എഴുതുമെന്നാണ് സരസുവിന്റെ മറുപടി. നാലാമാതായി എഴുതിത്തുടങ്ങിയ പുസ്തകം പൂര്‍ത്തിനാവാതെ സരസു യാത്രയായി.. ‘എനിയ്ക്ക് ഇരയാവാന്‍ വയ്യ.. അതിജീവിച്ചവളായി അറിയപ്പെടാനാണിഷ്ടം’ ഒരിക്കല്‍ സരസു പറഞ്ഞു.. സരസു തോമസ് എന്ന ആരേയും അത്ഭുതപ്പെടുത്തുന്ന സ്ത്രീ വൈകല്യത്തെ മാത്രമല്ല മരണത്തെക്കൂടി അതിജീവിക്കുന്നു, എഴുതിയിട്ട അക്ഷരങ്ങളിലൂടെ.. ഒരിക്കലെങ്കിലും കണ്ട ഓരോരുത്തരുടെയും മനസ്സിലൂടെ.

 

LEAVE A REPLY

Please enter your comment!
Please enter your name here