നീതി നിഷേധിക്കപ്പെട്ടവരുടെ അനുഗ്രഹാശിസുകള്‍ പോരാട്ടത്തിന് കരുത്തുപകരും: ഹൈബി ഈഡന്‍

0
26
വരാപ്പുഴ ദേവസ്വം പാടത്ത് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കുടുംബത്തെ ഹൈബി ഈഡന്‍ സന്ദര്‍ശിക്കുന്നു

വരാപ്പുഴ:നീതി നിഷേധിക്കപ്പെട്ടവരുടെ അനുഗ്രഹാശിസുകള്‍ പോരാട്ടത്തിന് കരുത്തുപകരുമെന്ന് എറണാകുളം പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന്‍. പറവൂര്‍ നിയോജക മണ്ഡലത്തിലെ പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നതിനു മുന്‍പായി ശ്രീജിത്തിന്റെ കുടുംബത്തെ സന്ദര്‍ശിച്ചതിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പറവൂര്‍ എംഎല്‍എ വിഡി സതീശനും മറ്റ് യുഡിഎഫ് നേതാക്കള്‍ക്കുമൊപ്പം ശ്രീജിത്തിന്റെ കുടുംബത്തെ സന്ദര്‍ശിച്ച ഹൈബി ഈഡന്‍ പോലീസിന്റെ കിരാത വാഴ്ച്ചക്കെതിരായ നിയമ യുദ്ധത്തില്‍ കുടുംബത്തോടൊപ്പമുണ്ടാകുമെന്ന് അറിയിച്ചാണ് മടങ്ങിയത്.
‘എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതുമുതല്‍ കേരളത്തിലാകമാനം നിരവധി പേര്‍ക്ക് പോലീസ് കിരാതവാഴ്ചയില്‍ ജീവന്‍ നഷ്ടപെട്ടിട്ടുണ്ട് കസ്റ്റഡി മരണങ്ങളും നീതി നിഷേധവും തുടര്‍ക്കഥയാണ്. ഇതില്‍ കേരള ജനത വിങ്ങിപ്പൊട്ടിയ ഒരു പ്രധാന സംഭവമാണ് ശ്രീജിത്തിന്റെ കസ്റ്റഡി മരണം.
ഇതുപോലെ കേരളത്തില്‍ നീതി നിഷേധിക്കപ്പെട്ട നൂറുകണക്കിന് ആളുകള്‍ക്കായുള്ള പോരാട്ടത്തിന് കരുത്തേകുവാന്‍ ഈ കുടുംബത്തിന്റെ അനുഗ്രഹാശിസുകള്‍ ഞങ്ങള്‍ക്ക് കരുത്തേകും,’ ഹൈബി ഈഡന്‍ പറഞ്ഞു. ‘വരാപ്പുഴ ദേവസ്വം പാടത്ത് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കൊലക്ക് സിപിഎം കണക്കു പറയേണ്ടി വരുമെന്ന് എംഎല്‍എ വി ഡി സതീശന്‍. നിരപരാധിയായ ശ്രീജിത്തിന്റെ കസ്റ്റഡി മരണം സിപിഎം പോലീസ് ഗൂഢാലോചനയുടെ ബാക്കി പത്രമാണെന്ന്.
കൊലക്കുപിന്നിലുള്ള ഈ ഗൂഢാലോചന പുറത്തുകൊണ്ടുവരണം എന്നാണ് ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുള്ളത്. അന്വേഷണം സിപിഎമ്മിന്റെ അക്കാലത്തെ സുപ്രധാനരായ ജില്ലാ നേതാക്കളിലേക്കെത്തും എന്ന് ഭയപ്പെട്ടാണ് സര്‍ക്കാര്‍ അന്വേഷണം നിര്‍ത്തിയത്. ശ്രീജിത്തിനെ അകാരണമായി കസ്റ്റഡിയില്‍ എടുത്ത് പീഡിപ്പിക്കാന്‍ നിര്‍ദ്ദശം നല്‍കിയത് സിപിഎം നേതാക്കാളാണെന്നത് സുവ്യക്തമാണ്.
കൃത്യമായ അന്വേഷണം ഉണ്ടായാല്‍ സിപിഎം നേതാക്കള്‍ ശിക്ഷിക്കപ്പെടും. അത് സര്‍ക്കാര്‍ അട്ടിമറിച്ചു. കേരളത്തില്‍ ഇനിയൊരു കുടുംബത്തിനും ഇങ്ങനെ ഒരു അനാഥത്വം ഉണ്ടാകാന്‍ പാടില്ല. അദ്ദേഹം വ്യക്തമാക്കി.
2018 ഏപ്രില്‍ 9നാണ് പോലീസ് കസ്റ്റഡിയില്‍ മൃഗീയ പീഡനം ഏറ്റുവാങ്ങിയ ശ്രീജിത്ത് ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞത്.
ഒരു കേസില്‍ പ്രതിയാണെന്ന് തെറ്റിദ്ധരിച്ച് എറണാകുളം റൂറല്‍ എസ്പിയുടെ സ്പെഷ്യല്‍ സ്‌ക്വാഡ് കസ്റ്റഡിയില്‍ എടുത്ത ശ്രീജിത്ത് പോലീസ് പീഡനത്തില്‍ കൊല്ലപ്പെടുകയായിരുന്നു. സിപിഎമ്മിന്റെ അന്നത്തെ ജില്ലാ നേതാക്കളുടെ സമ്മര്‍ദ്ദ ഫലമായാണ് ശ്രീജിത്തിനെ പോലീസ് കസ്റ്റഡിയില്‍ പീഡിപ്പിച്ചത് എന്ന് നാട്ടുകാര്‍ ആരോപണം ഉന്നയിച്ചിരുന്നു.
കോട്ടയത്ത് കെവിന്റെ കൊലപാതകം, എടക്കാട് ഉനൈസിന്റെ കസ്റ്റഡി മരണം, തൃശൂര്‍ പാവറട്ടിയിലെ വിനായകന്റെ മരണം, കൊല്ലം കുണ്ടറയിലെ കുഞ്ഞുമോന്റെ മരണം, തമിഴ്‌നാട് സ്വദേശിയായ കാളിമുത്തുവിന്റെ കസ്റ്റഡി മരണം, വണ്ടൂര്‍ പോലീസ് സ്റ്റേഷനില്‍ കൊലചെയ്യപ്പെട്ട അബ്ദുള്‍ ലത്തീഫ്, തുടങ്ങി അനവധി മനുഷ്യ ജീവനുകളാണ് 2016ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയത് മുതല്‍ കേരളത്തില്‍ പൊലിഞ്ഞത്.

 

LEAVE A REPLY

Please enter your comment!
Please enter your name here