വികസന പ്രശ്‌നങ്ങളില്‍ പരിഹാര നിര്‍ദ്ദേശങ്ങളുമായി പി.രാജീവിന്റെ പര്യടനം

0
3
എല്‍.ഡി.എഫ് എറണാകുളം ലോക്സഭാ മണ്ഡലം സ്ഥാനര്‍ഥി പി. രാജീവിനെ കളമശ്ശേരി സെന്റ് പോള്‍സ് കോളേജില്‍ പഠിപ്പിച്ച അധ്യാപിക ഡെയ്‌സി തോമസ് അനുഗ്രഹിക്കുന്നു.

കൊച്ചി: മണ്ഡലത്തിന്റെ അടിസ്ഥാന വികസന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുമെന്ന ഉറപ്പുമായി പറവൂരില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. രാജീവ്. പൊതുപര്യടനത്തിന്റെ ഭാഗമായി വരാപ്പുഴയില്‍ എത്തിയപ്പോള്‍ വഴിയരികില്‍ പാത്രങ്ങളുമായി ക്യൂ നില്‍ക്കുന്ന വീട്ടമ്മമാരുടെ നീണ്ട നിര കാണാമായിരുന്നു. പ്രചാരണ വാഹനം കടന്നു പോകുമ്പോള്‍ സ്ത്രീകള്‍ തങ്ങളുടെ അവസ്ഥ സ്ഥാനാര്‍ഥിയുടെ ശ്രദ്ധയില്‍ പെടുത്തി. ശുദ്ധജലം ജനങ്ങളുടെ അടിസ്ഥാന വികസനാവശ്യമാണെന്നും ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ടെന്നും രാജീവ് ചൂണ്ടിക്കാട്ടി.
വരാപ്പുഴ ജനത നല്‍കിയ സ്വീകരണത്തിന് നന്ദി പ്രകടിപ്പിച്ചു കൊണ്ട് സ്ഥാനാര്‍ഥി ഇടത്പക്ഷം ജയിക്കേണ്ടതിന്റെ അനിവാര്യതയെ പറ്റി വിശദീകരിച്ചു. വോട്ട് അഭ്യര്‍ഥിക്കുന്നതിനൊപ്പം എന്താണ് എം.പിയായി ക്കഴിഞ്ഞാല്‍ എന്നില്‍ നിന്ന് പ്രതീക്ഷിക്കുന്നത് എന്ന് കൂടി ചോദിച്ച് കൊണ്ട് ജനങ്ങളില്‍ ഇടപെടുന്ന ഓരോ അവസരവും ആശയങ്ങളുടെ ക്രോഡീകരണം നടത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. ഒരു നിയമം നിര്‍മിക്കപ്പെടുമ്പോള്‍, ഒരു വികസന പ്രവര്‍ത്തനം യാഥാര്‍ത്ഥ്യമാകുമ്പോള്‍ രാജ്യത്തിലെ ദരിദ്രരില്‍ ദരിദ്രനായ മനുഷ്യന്റെ മുഖമാണ് മനസ്സില്‍ വരേണ്ടത് എന്ന മഹാത്മാഗാന്ധിയുടെ ഉപദേശം സ്വന്തം പൊതു പ്രവര്‍ത്തന ജീവിതത്തില്‍ എല്ലാ സന്ദര്‍ഭങ്ങളിലും ഓര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് രാജീവ് പറഞ്ഞു.
മണ്ണംതുരുത്തില്‍ മുഹ്ഹിദ്ദീന്‍ ജുമാ മസ്ജിദില്‍ വെച്ച് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയും യു.ഡി.എഫ് സ്ഥാനാര്‍ഥി ഹൈബി ഈഡനും അവിചാരിതമായി പരസ്പരം കണ്ടുമുട്ടി. വി.ഡി സതീശന്‍ എം.എല്‍.എയും ഹൈബിക്കൊപ്പമുണ്ടായിരുന്നു. ഹസ്തദാനം നല്‍കിയാണ് ഇരുവരും പിരിഞ്ഞത്. മുട്ടിനകത്തുവെച്ച് സെന്റ് പോള്‍സ് കോളേജിലെ തന്റെ അധ്യാപികയായിരുന്ന ഡെയ്‌സി തോമസിനെ വഴിയില്‍ കണ്ട രാജീവ് വാഹനം നിര്‍ത്തി താഴെയിറങ്ങി അനുഗ്രഹം തേടി. ഒപ്പം നിന്ന് ചിത്രമെടുത്താണ് ടീച്ചര്‍ പ്രിയശിഷ്യനെ യാത്രയാക്കിയത്.
വരാപ്പുഴയില്‍ പലകേന്ദ്രങ്ങളിലും ചാമ്പക്ക പോലുള്ള നാടന്‍ പഴങ്ങളും പച്ചക്കറികളും മിഠായിമാലകളും രാജീവിന് ഉപഹാരമായി ലഭിച്ചു. ലങ്കയില്‍ സ്വീകരിക്കാന്‍ പ്രശസ്ത സിനിമാ നടി കുളപ്പുള്ളി ലീലയുമുണ്ടായിരുന്നു. നടുമുറി കോളനികളില്‍ ചുവന്ന കുടകളുമായാണ് പി. രാജീവിനെ സ്വീകരിക്കാന്‍ സ്ത്രീകള്‍ അണിനിരന്നത്. ജൈവ പച്ചക്കറികള്‍ക്ക് പുറമെ ഈര്‍ക്കിലിയില്‍ കോര്‍ത്തെടുത്ത കരിമീനും സമ്മാനിച്ചു. കെടാമംഗലത്തുള്ള സ്വീകരണ കേന്ദ്രത്തില്‍ പ്രശസ്ത സിനിമാ നടന്‍ മനോജ് കെടാമംഗലവും പങ്കെടുത്തു. പ്രളയം ദുരിതം വിതച്ച ചിറ്റാട്ടുകര, ചേന്ദമംഗലം പഞ്ചായത്തുകളിലും രാജീവ് പര്യടനം നടത്തി.

 

LEAVE A REPLY

Please enter your comment!
Please enter your name here