കാര്‍ഷികവായ്പയ്ക്ക് മോറട്ടോറിയം: ടിക്കാറാം മീണ സര്‍ക്കാരിനോട് വിശദീകരണം തേടി

0
6

തിരുവനന്തപുരം: കാര്‍ഷിക വായ്പയ്ക്കുള്ള മൊറട്ടോറിയം നീട്ടാനുള്ള അപേക്ഷയില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ സര്‍ക്കാരിനോട് വിശദീകരണം തേടി. അടിയന്തരമായി ഉത്തരവിറക്കേണ്ട സാഹചര്യം വിശദീകരിക്കാന്‍ ചീഫ് സെക്രട്ടറിയോടാണ് ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ വിശദീകരണത്തിന് ശേഷമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാവുക.

ഇടുക്കിയില്‍ കര്‍ഷക ആത്മഹത്യകള്‍ തുടര്‍ന്നപ്പോഴാണ് വായ്പകള്‍ക്ക് ഡിസംബര്‍ 31 വരെ മൊറട്ടോറിയം ഏര്‍പ്പെടുത്താന്‍ മന്ത്രിസഭ തീരുമാനിച്ചത്. മാര്‍ച്ച് 5 ന് മന്ത്രിസഭാ യോഗം തീരുമാനമെടുത്തെങ്കിലും തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നത് വരെ ഉത്തരവ് ഇറങ്ങിയിരുന്നില്ല. ഉത്തരവ് വൈകിയതില്‍ ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രി ശാസിക്കുകയും ചെയ്തിരുന്നു. പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സ്‌ക്രീനിംഗ് കമ്മിറ്റി കഴിഞ്ഞ ദിവസമാണ് മന്ത്രിസഭാ തീരുമാനത്തിന് അനുമതി തേടി തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്.

അടിയന്തരമായി പെരുമാറ്റച്ചട്ടത്തില്‍ ഇളവു നല്‍കേണ്ട കാരണം കൃത്യമായി ബോധിപ്പിക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. വ്യക്തമായ കാരണം ബോധിപ്പിച്ചില്ലെങ്കില്‍ ഇളവ് നല്‍കാനാവില്ലെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിലപാട്. കമ്മീഷന്‍ അനുമതി നിഷേധിച്ചാല്‍ തെരഞ്ഞെടുപ്പിന് ശേഷമേ ഉത്തരവ് ഇറക്കാനാവൂ. നിലവില്‍ ഒക്ടോബര്‍ 31 വരെയാണ് മൊറട്ടോറിയം നിലനില്‍ക്കുന്നത് .

LEAVE A REPLY

Please enter your comment!
Please enter your name here