ഭൂമിയിടപാട്: മാര്‍ ആലഞ്ചേരിക്കും രണ്ടു വൈദികര്‍ക്കും ഇടനിലക്കാരനുമെതിരെ കേസെടുത്തു

0
10

കൊച്ചി: സീറോമലബാര്‍ സഭയുടെ ഭൂമിയിടപാടില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കോടതി കേസെടുത്തു. ഫാദര്‍ ജോഷി പുതുവ, ഫാദര്‍ സെബാസ്റ്റ്യന്‍ വടക്കുംപാടന്‍, ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവരെ കൂട്ടുപ്രതികളാക്കിയാണ് കേസെടുത്തിരിക്കുന്നത്. ഭൂമിയിടപാടില്‍ പ്രഥമദൃഷ്ട്യാ ക്രമക്കേടുണ്ടെന്ന നിരീക്ഷണത്തെത്തുടര്‍ന്ന് തൃക്കാക്കര മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.

തൃക്കാക്കര ഭാരതമാതാ കോളജിനു സമീപമുള്ള അതിരൂപതയുടെ ഭൂമി വില്പനയില്‍ ക്രമക്കേടു നടന്നുവെന്നും അതിരൂപതയുടെ സമിതികളില്‍ ആലോചിക്കാതെയാണ് വില്പന നടത്തിയതെന്നും ചൂണ്ടിക്കാട്ടി പറവൂര്‍ സ്വദേശി ജോഷി വര്‍ഗീസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. ഹര്‍ജിയുടെ ഗൗരവം പരിഗണിച്ച കോടതി പരാതിക്കരനില്‍ നിന്ന് നേരിട്ട് മൊഴിയെടുത്തിരുന്നു. ഭൂമി വില്പനയെ കുറിച്ച് അന്വേഷിക്കാന്‍ അതിരൂപത ആദ്യം നിയോഗിച്ച കമ്മീഷന്‍ കണ്‍വീനര്‍ ആയ ഫാ.ബെന്നി മാരാംപറമ്പിലില്‍ നിന്നും കോടതി മൊഴിയെടുത്തിരുന്നു. ഇവയുടെ കൂടി അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

വ്യാജരേഖ, സ്വത്തിന്റെ ദുര്‍വിനിയോഗം, ഗുഢാലോചന തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതികള്‍ മേയില്‍ കോടതിയില്‍ നേരിട്ടെത്തി ജാമ്യമെടുക്കണം.

2016ലാണ് സീറോ മലബാര്‍ സഭയെ പിടിച്ചുകുലുക്കിയ വിവാദ ഭൂമി വില്പന നടന്നത്. അതിരൂപതയിലെ കടബാധ്യത തീര്‍ക്കുന്നതിനുവേണ്ടി മൂന്നു പ്ലോട്ടുകളാണ് വിറ്റത്. 27 കോടി രൂപയ്ക്ക് വില്‍ക്കാന്‍ നിശ്ചയിച്ചിരുന്ന ഭൂമി വെറും 9 കോടിക്ക് വിറ്റിട്ടും അതിന്റെ പകുതി തുക പോലും അതിരൂപതയുടെ ബാങ്ക് അക്കൗണ്ടില്‍ എത്തിയില്ലെന്നുള്ള വൈദികരുടെ കണ്ടെത്തലാണ് കേസിനാധാരം.

നേരത്തെ ഈ കേസില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി അടക്കമുള്ളവരെ പ്രതിചേര്‍ത്ത് കേസെടുക്കാന്‍ ഉത്തരവിട്ടിരുന്നുവെങ്കിലും ഹര്‍ജിയിലെ സാങ്കേതിക പിഴവ് ചൂണ്ടിക്കാട്ടി ഡിവിഷന്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിയിരുന്നു. എന്നാല്‍ അന്വേഷണവുമായി മുന്നോട്ടുപോകാമെന്ന് കോടതി നിര്‍ദേശിച്ചിരുന്നുവെങ്കിലും അന്വേഷണത്തിന് പോലീസ് തയ്യാറായിരുന്നില്ല.

ഭൂമി വില്‍പ്പനയിലെ ക്രമക്കേടിനു പുറമേ ഭൂമി വില്‍ക്കാന്‍ വ്യാജപട്ടയം ഉണ്ടാക്കി എന്നതുള്‍പ്പെടെ വിവിധ കോടതികളില്‍ കര്‍ദ്ദിനാളിനും കൂട്ടര്‍ക്കുമെതിരെ ആറോളം ഹര്‍ജികളാണ് പരിഗണനയിലിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here