വികസനം വിളഞ്ഞ വിപ്ലവ മണ്ണില്‍ ആവേശോജ്വല വരവേല്‍പ്പ്

0
20
തൃക്കരിപ്പൂരിലെ ബെഡൂരില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സതീഷ് ചന്ദ്രന് നല്‍കിയ സ്വീകരണം.

തൃക്കരിപ്പൂര്‍ : ബെഡൂരിലെ സ്വീകരണ കേന്ദ്രത്തില്‍ കെ.പി സതീഷ്ചന്ദ്രന്റെ പേര് കൊത്തിയ രണ്ട് ശിലാഫലകങ്ങള്‍. 1997 ല്‍ എം.എല്‍.എ ആയിരുന്നപ്പോള്‍ നിര്‍മിച്ച ബെഡൂര്‍ കമ്പല്ലൂര്‍ വനം റോഡ് പ്രവൃത്തി ഉദ്ഘാടനത്തിന്റെയും തുറന്നുകൊടുത്തതതിന്റെയും ശിലകള്‍.
ഒരു നാടിന്റെ സഞ്ചാരത്തിന് വഴിതുറന്ന മുന്‍ എം.എല്‍.എ കാസര്‍ഗോഡ് പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ഥിയായി വോട്ട് തേടിയെത്തിയപ്പോള്‍ ഗ്രാമം മുഴുവന്‍ ഒഴുകിയെത്തി. അനശ്വരരായ കയ്യൂര്‍, ചീമേനി രക്തസാക്ഷികളുടെ സ്മരണകളില്‍ ചെമ്പട്ടണിഞ്ഞ തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ രണ്ടാംഘട്ട പര്യടനത്തില്‍ കെ പി സതീഷ് ചന്ദ്രന് ഒരോ കേന്ദ്രങ്ങളിലും ആവേശോജ്വല സ്വീകരണമാണ് ലഭിച്ചത്. കത്തുന്ന വെയില്‍ കൂസാതെ കാത്തുനിന്ന ആയിരങ്ങളെ നേരില്‍ കണ്ട് കുറഞ്ഞ വാക്കില്‍ വോട്ടഭ്യര്‍ഥിച്ചു.
മൂത്തുകുടയും, ചെണ്ടമേളവും, ശിങ്കാരിമേളവും ബാന്‍ഡ് വാദ്യവും സ്വീകരണ കേന്ദ്രങ്ങളെ ആഘോഷമാക്കി. പഴവും പച്ചക്കറിയും ഓല തൊപ്പിയും പനിനീര്‍ പൂവും കണികൊന്നയും നല്‍കിയാണ് ഒരോ കേന്ദ്രത്തിലും സ്വീകരണം. അക്കച്ചേരി വനത്തിലൂടെ ചെറുവാപ്പാടിയില്‍ ബൈക്കുകളുടെ അകമ്പടിയോടെയാണ് കമ്പല്ലൂരിലേക്ക് സ്വീകരിച്ചത്. ഏളേരിത്തട്ടിലെ സ്വീകരണകേന്ദ്രത്തില്‍ വികസനേട്ടങ്ങള്‍ ഒന്നൊന്നായി വിവരിക്കുന്നു സിഐടിയു നേതാവ് കെ വി ജനാര്‍ദനന്‍. ചുരമിറങ്ങിയ സ്ഥാനാര്‍ഥിയെ സ്വീകരിക്കാന്‍ മലയോരത്തിന്റെ മനസ് ഒന്നാകെ ഏളേരിയിലെത്തി.
ഏളേരിയിലെ മുതിര്‍ന്ന ബിജെപി നേതാവും തൃക്കരിപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്റുമായ എന്‍ ആര്‍ പ്രഭാകരന്‍ സ്ഥാനാര്‍ഥിയെ രക്തഹാരമണിയിച്ചു. ബിജെപി വിട്ട് സിപിഐ എമ്മുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചാണ് സ്വീകരണ കേന്ദ്രത്തിലെത്തിയത്. 10 അടി ഉയരത്തിലുള്ള സ്ഥാനാര്‍ഥിയുടെ കൂറ്റന്‍ കട്ടൗട്ടും സ്വീകരണ കേന്ദ്രത്തില്‍ സ്ഥാപിച്ചിരുന്നു.
കയ്യൂരിന്റെ ചുവന്ന മണ്ണായ പള്ളിപ്പാറയിലും പുലിയന്നൂരിലും സ്വീകരണത്തില്‍ നാടാകെയെത്തി. പുതിയറയക്കാല്‍ ക്ഷേത്ര ആചാരസ്ഥാനികരും വെളിച്ചപ്പാടനും ഹാരാര്‍പ്പണം നടത്തി. പൊള്ളപൊയിലെത്തിയപ്പോള്‍ നൂറുകണക്കിനാളുകളാണ് സ്ഥാനാര്‍ഥിയെ കാത്ത് പാതയോരത്ത് തടിച്ച് കൂടിയത്. കരിവെള്ളൂര്‍ രക്തസാക്ഷി തിടില്‍ കണ്ണന്റെ മകള്‍ ടി ലക്ഷ്മിയുമുണ്ട്. കരപ്പാത്ത് ഫോക്ക് ലോര്‍ അവാര്‍ഡ് ജേതാവും സംഗീത നാടക അക്കാദമി അംഗവുമായ മാധവന്‍ പണിക്കരും സ്വീകരണ കേന്ദ്രത്തിലെത്തി. ബണ്ട് പരിസരത്ത് ചുവന്ന മുണ്ട് ധരിച്ച യുവാക്കള്‍ നിരവധി ബൈക്കുകളുടെ അകമ്പടിയോടെയാണ് തെക്കെകാടിലേക്ക് സ്വീകരിച്ചത്. മാടക്കാലില്‍ നൂറോളം യുവാക്കള്‍ സ്ഥാനാര്‍ഥിയുടെ ഫോട്ടോയുള്ള കുപ്പായമണിഞ്ഞ് എത്തി. ഹൃദയാഘാതം കാരണം മരിച്ച കിനാത്തിലെ മുന്‍ ബ്രാഞ്ച് സെക്രട്ടറി സുജിത്തിന്റെ വീട് സ്ഥാനാര്‍ഥി സന്ദര്‍ശിച്ചു. മരണത്തെ തുടര്‍ന്ന് മുതിരകൊവ്വല്‍, തടിയന്‍ കൊവ്വല്‍ എന്നിവിടങ്ങളിലെ സ്വീകരണം മാറ്റി.

 

LEAVE A REPLY

Please enter your comment!
Please enter your name here