ആലുവ:കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് പുറത്തിറങ്ങുന്നവരേയും, വ്യാപാരസ്ഥാപനങ്ങൾ നടത്തുന്നവരേയും ശക്തമായ നിയമ നടപടിക്ക് വിധേയമാക്കുമെന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്ക് പറഞ്ഞു. നിയന്ത്രണങ്ങളുണ്ടായിട്ടും അത് ലംഘിച്ച് അനാവശ്യമായി ജനങ്ങൾ പുറത്തിറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇവിടെ സ്വയം നിയന്ത്രിച്ചില്ലെങ്കിൽ ഗുരുതരമായ പ്രശ്നങ്ങളുണ്ടാകും. യാത്രക്കാരെ തടഞ്ഞു നിർത്തി ചോദിക്കുമ്പോൾ പലരും അനാവശ്യമായും ചിലർ കറങ്ങാനാണ് പുറത്തിറങ്ങിയതെന്നുമാണ് പറയുന്നത്. ഇത്തരക്കാർക്കെതിരെ കർശന നിയമനടപടിയാണ് സ്വീകരിക്കുന്നതെന്നും എസ്.പി പറഞ്ഞു. ചെക്കിംഗിൻറെ ഭാഗമായി റൂറൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എസ്.പി കെ. കാർത്തിക് പരിശോധന നടത്തി. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് പ്രവർത്തിച്ച മൂന്ന് ഹോട്ടലുകളുടെ ഉടമകൾക്കെതിരെ കേസെടുത്തു. ഐരാപുരം വെളിയിടത്തു ബിനുകുമാർ (43), നങ്ങേലിപ്പടി പരീക്കാട്ടിൽ, സുൾഫി (35), നെല്ലാട് തൊണ്ടനാൽ , പൗലോസ് (52) എന്നിവർക്കെതിരെയാണ് കുന്നത്തുനാട് പോലീസ് കേരള എപ്പിഡമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം കേസെടുത്തത്. സ്ഥാപനങ്ങൾ പുലർച്ചെ തന്നെ തുറന്ന് പ്രവർത്തിച്ചതിനും, ആളുകളെ ഇരുത്തി ഭക്ഷണം നൽകിയതിനുമാണ് കേസ്. ബിനാനിപുരത്ത് കണ്ടെയ്ൻമെൻറ് സോണിലേക്ക് സകല നിയന്ത്രണങ്ങളും ലംഘിച്ച് വാഹനത്തിൽ ആളുകളെ കുത്തിനിറച്ച് കൊണ്ടുപോയതിന് ഡ്രൈവർ എലൂർ, പുത്തലത്ത് കടവ് ഷിബു മോൻ (40) എതിരെ ബിനാനി പുരം പോലിസ് കേസെടുത്തു. കണ്ടയ്ൻമെൻറ് സോണിലേക്ക് ജോലിക്കെത്തുന്ന തൊഴിലാളികളെ അവിടെത്തന്നെ താമസിക്കാൻ സൗകര്യം ചെയ്തു കൊടുക്കണമെന്ന് എസ്.പി പറഞ്ഞു. തൊഴിലാളികൾ ദിവസവും പോയി വരുന്നത് വ്യാപനത്തിന് കാരണമാകും. ഇക്കാര്യം സ്ഥാപന ഉടമകളും, കോൺട്രാക്ടർമാരും ശ്രദ്ധിക്കണം. അവശ്യ സർവ്വിസിൽ പ്രവർത്തിക്കുന്നവർക്കും, സ്വകാര്യ മേഖലയിലെ അവശ്യ സർവ്വീസുകാർക്കും സ്ഥാപനങ്ങൾക്കും ഇതിൽ ഇളവുണ്ട്. അവർ നിർബന്ധമായും ഐ.ഡി കാർഡ് കരുതണം. ഓക്സിജൻ വിതരണ സംവിധാനത്തിന് പോലീസ് എല്ലാവിധ സംരക്ഷണവും നൽകുന്നുണ്ട്. ഇത് തടയുകയോ, തിരിച്ചുവിടുകയോ ചെയ്താൽ ക്രിമിനൽ നടപടി സ്വീകരിക്കുമെന്ന് എസ്.പി കാർത്തിക്ക് പറഞ്ഞു.
ക്വാറന്‍റെൻ നിയന്ത്രണങ്ങൾ ലംഘിച്ചതിന് ശനിയാഴ്ച റൂറൽ ജില്ലയിൽ ആകെ 121 കേസുകൾ രജിസ്റ്റർ ചെയ്തു. 30 പേരെ അറസ്റ്റ് ചെയ്തു. മാസ്ക്ക് ധരിക്കാത്തതിന് 1744 പേർക്കെതിരെയും, സാമൂഹ്യ അകലം പാലിക്കാത്തതിന് 1799 പേർക്കെതിരെയും നടപടി സ്വീകരിച്ചു. കോവിഡിന്‍റെ അതിതീവ്ര വ്യാപന സാഹചര്യത്തിൽ മാനദണ്ഡങ്ങൾ പാലിക്കാതെ പുറത്തിറങ്ങുന്നവർക്കെതിരെയും, മാസ്ക് കൃത്യമായി ധരിക്കാത്തവർക്കെതിരെയും പിഴയും കേസും അടക്കമുള്ള ശക്തമായ നിയമ നടപടികളാണ് ജില്ലയില്‍ സ്വീകരിച്ചു വരുന്നതെന്ന് എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here