തിരുവനന്തപുരം: ക്ലബ് ഹൗസ് പോലുള്ള സമൂഹ മാധ്യമ ആപ്ലിക്കേഷനുകൾ വഴി കുട്ടികളെ വലയിലാക്കുന്ന സംഘങ്ങൾ സജീവമാകുന്നുണ്ടെന്ന് മുന്നറിയിപ്പുമായി കേരള പോലീസ്. ശബ്ദ സന്ദേശങ്ങൾ മാത്രം അയക്കാൻ കഴിയുന്ന ഇത്തരം ആപ്പുകൾ നിസാരന്മാരല്ലെന്നും കുട്ടികളുടെ പേരുകൾ ഉപയോഗിച്ച് വ്യാജമായി നിർമിച്ചിരിക്കുന്ന പല ചാറ്റ് റൂമുകളിലും നടക്കുന്ന ശബ്ദ സംഭാഷണങ്ങൾ വാക്കുകളിലൂടെ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നവയാണെന്നും പോലീസ് പറയുന്നു.
കുട്ടികളെ ഇത്തരം ചാറ്റ് റൂമുകളിലേക്ക് ആകർഷിച്ചു അവരെ ലൈംഗിക കുറ്റകൃത്യങ്ങൾക്ക് പ്രേരിപ്പിക്കുന്നുണ്ടെന്നും അതിനാൽ ഇത്തരത്തിലുള്ള ആപ്പുകൾ കുട്ടികൾ ഉപയോഗിക്കുന്നില്ല എന്ന് രക്ഷകർത്താക്കൾ ഉറപ്പു വരുത്തണമെന്നും കേരള പോലീസ് ഫേസ് ബുക്ക് പോസ്റ്റിലൂടെ മുന്നറിയിപ്പ് നൽകി.
കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
ക്ലബ് ഹൗസ് പോലുള്ള പുത്തൻ തലമുറ സമൂഹ മാധ്യമ ആപ്പ്ളിക്കേഷനുകൾ വഴി കുട്ടികളെ വലയിലാക്കുന്ന സംഘങ്ങൾ സജീവമാകുന്നുണ്ട്. ശബ്ദ സന്ദേശങ്ങൾ മാത്രം അയക്കാൻ കഴിയുന്ന ഇത്തരം ആപ്പുകൾ നിസാരന്മാരല്ല. ആയിരക്കണക്കിനു ആൾക്കാരെ ഒരേസമയം ഉൾപ്പെടുത്തി ഗ്രൂപ്പുകൾ നിർമിക്കാൻ ഈ ആപ്പുകൾക്കു കഴിയും. കുട്ടികളുടെ പേരുകൾ ഉപയോഗിച്ച് വ്യാജമായി നിർമിച്ചിരിക്കുന്ന പല ചാറ്റ് റൂമുകളിലും നടക്കുന്ന ശബ്ദ സംഭാഷണങ്ങൾ വാക്കുകളിലൂടെ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നവയാണ്. കുട്ടികളെ ഇത്തരം ചാറ്റ് റൂമുകളിലേക്ക് ആകർഷിച്ചു അവരെ ലൈംഗിക കുറ്റകൃത്യങ്ങൾക്ക് പ്രേരിപ്പിക്കുക വരെ ചെയ്യുന്നുണ്ട്. മിക്കപ്പോഴും രക്ഷകർത്താക്കളുടെ ഫോണിൽ നിന്നുമാണ് ഇത്തരം ആപ്പുകളിലേക്കു കുട്ടികൾ പ്രവേശിച്ചു തുടങ്ങുന്നത്. അതിനാൽ ഇത്തരത്തിലുള്ള ആപ്പുകൾ കുട്ടികൾ ഉപയോഗിക്കുന്നില്ല എന്ന് രക്ഷകർത്താക്കൾ ഉറപ്പു വരുത്തുക. കുട്ടികളുടെ സ്ക്രീൻ ടൈം കൃത്യമായി ശ്രദ്ധിക്കുക. ഓർമിക്കുക Prevention is better than cure

LEAVE A REPLY

Please enter your comment!
Please enter your name here