കൊല്ലം:വാഹനം കിട്ടാതെ പരീക്ഷക്ക് സ്കൂളിൽ എത്തിച്ചേരാനാകാതെ വഴിയോരത്ത് കാത്തുനിന്ന ഹയർസെക്കൻഡറി വിദ്യാർത്ഥികളെ സ്വന്തം വാഹനത്തിൽ പരീക്ഷാഹാളിൽ എത്തിച്ച് ശൂരനാട് പോലീസ് സ്റ്റേഷനിലെ വനിതാ എസ് ഐ മഞ്ജു വി നായർ കാക്കിക്കുള്ളിലെ കരുതലിൻ്റെ പ്രതീകമായി.
പരീക്ഷ എഴുതാൻ ഉള്ള യാത്രയിൽ വാഹനം കിട്ടാതെ റോഡരികിൽനിന്ന ശൂരനാട് ഗവൺമെൻറ് സ്കൂളിലെ വിദ്യാർത്ഥികളായ ഇജാസ് അഭിരാം എന്നിവരെയാണ് വനിതാ എസ് ഐ മഞ്ജു തൻ്റെ സ്വകാര്യ വാഹനത്തിൽ പരീക്ഷകേന്ദ്രത്തിൽ എത്തിച്ചത്. 11 മണിക്കുള്ള കണക്ക് പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷയ്ക്കായി പത്തു മണി മുതൽ കൊല്ലം-തേനി പാതയിൽ താമരകുളത്തു ബസ് കാത്തു നിന്നെങ്കിലും വാഹനം കിട്ടിയില്ല. നിരവധി ഇരുചക്രവാഹനങ്ങൾക്ക് കൈ കാണിച്ചു പുറകെ ഓടിയെങ്കിലും കോവിഡ് ഭീതിയുള്ളതിനാൽ ആരും വാഹനം നിർത്താൻ തയ്യാറായില്ല. ഈ സമയത്താണ് താമരക്കുളം സ്വദേശിയായ മഞ്ജു ഡ്യൂട്ടിക്ക് പോകാനായി അതുവഴി വന്നത്. വാഹനത്തിന് കൈകാണിച്ചപ്പോൾ എസ് ഐ വാഹനം നിർത്തി. യൂണിഫോംധാരിയായ എസ്.ഐ യെകണ്ടപ്പോൾ കയറാൻ മടിച്ച ഇരുവരോടും കാര്യങ്ങൾ തിരക്കുകയും വാഹനത്തിൽ കയറ്റി പരീക്ഷാഹാളിൽ എത്തിക്കുകയുമായിരുന്നു. എസ്. ഐയോടൊപ്പമുള്ള ഫോട്ടോ സാമൂഹികമാധ്യമങ്ങളിൽ മാധ്യമങ്ങളിൽ പങ്കുവച്ചാണ് വിദ്യാർത്ഥികൾ പോലീസിനോടുള്ള സ്നേഹം പ്രകടിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here