പാലക്കാട് : പഠനത്തിനായി മൊബൈൽ ഫോണില്ലാത്ത കൂട്ടുകാരന് സഹായമഭ്യർത്ഥിച്ചാണ് മുകേഷ് എംഎൽഎയെ വിളിച്ചതെന്ന് മീറ്റ്‌ന സ്വദേശിയായ കുട്ടി. സിനിമാ താരത്തെ വിളിക്കുന്നതുകൊണ്ടാണ് ഫോൺ റെക്കോർഡ് ചെയ്തതെന്നും കുട്ടി പറഞ്ഞു. സിഐടിയു ഓഫീസിലെത്തിയ മാദ്ധ്യമ പ്രവർത്തകരോട് ആയിരുന്നു കുട്ടിയുടെ പ്രതികരണം.

നിരവധി പേർക്ക് മുകേഷ് സഹായം ചെയ്യുന്നതായി അറിഞ്ഞിരുന്നു. ഇതേ തുടർന്നാണ് കൂട്ടുകാരൻ തന്ന നമ്പറിൽ വിളിച്ചത്. സിനിമാ താരമായതിനാൽ ഫോൺ റെക്കോർഡ് ചെയ്തു. മുകേഷ് മോശമായി പെരുമാറിയതിൽ കുഴപ്പമില്ലെന്നും കുട്ടി പറഞ്ഞു.

മൂന്ന് തവണ വിളിച്ച ശേഷമാണ് മുകേഷ് ഫോൺ എടുത്തത്. മീറ്റിംഗിലാണെന്നും, പിന്നീട് വിളിക്കാമെന്നും അറിയിച്ചു. എന്നാൽ താൻ വീണ്ടും വിളിച്ചതിനെ തുടർന്നാണ് തിരിച്ചു വിളിച്ച് ശകാരിച്ചത്. ആറ് തവണ വിളിച്ചാൽ ആർക്കായാലും ദേഷ്യം വരും. നാല് ദിവസങ്ങൾക്ക് മുൻപാണ് മുകേഷുമായി ഫോണിൽ സംസാരിച്ചത്. ഇതിന്റെ ശബ്ദരേഖ കൂട്ടുകാരന് അയച്ചു കൊടുത്തിരുന്നു. കൂട്ടുകാരൻ മറ്റുള്ളവർക്ക് അയച്ചു കൊടുത്തതാണ് സമൂഹ മാദ്ധ്യങ്ങളിൽ ശബ്ദരേഖ വ്യാപമകായി പ്രചരിക്കാൻ കാരണം. കാര്യം നടക്കുമെന്ന് കരുതിയാണ് വിളിച്ചത്. മുകേഷിന്റെ പ്രതികരണത്തിൽ വിഷമമില്ലെന്നും കുട്ടി പ്രതികരിച്ചു.

അതേസമയം ഇടത് പ്രവർത്തകരുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് കുട്ടിയുടെ പ്രതികരണമെന്നാണ് സൂചന. സംഭവം വലിയ വിവാദമായതിന് പിന്നാലെ രാവിലെയോടെ കുട്ടിയെ സിപിഎം പ്രവർത്തകർ ചേർന്ന് പാലപ്പുറത്തെ സിഐടിയു ഓഫീസിലേക്ക് മാറ്റിയിരുന്നു. കുട്ടിയുടെ കുടുംബം ഇടത് അനുഭാവികളാണെന്നാണ് സിപിഎം പ്രവർത്തകർ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here