ന്യൂഡൽഹി: ഇന്ത്യയിൽ ജനാധിപത്യം ഭരണപരമായ ഒരു ചട്ടക്കൂട് മാത്രമല്ലെന്നും പ്രാണനും ജീവധാരയുമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിൽ സൻസദ് ടിവിയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അന്താരാഷ്‌ട്ര ജനാധിപത്യ ദിനം കൂടിയാണെന്ന് ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.

ഇന്ത്യയ്‌ക്ക് ജനാധിപത്യം എന്നത് ഒരു സംവിധാനം മാത്രമല്ല, ഒരു ആശയമാണ്. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണ്. മാദ്ധ്യമങ്ങളുടെ പങ്ക് നമ്മുടെ സമൂഹത്തിൽ മാറി മാറി വരികയാണ്. വിപ്ലവകരമായ മാറ്റങ്ങളാണ് മാദ്ധ്യമങ്ങൾ കൊണ്ടുവരുന്നത്. അതുകൊണ്ടു തന്നെയാണ് ആധുനീക സാങ്കേതിക വിദ്യകൾ പകർന്നു നൽകുന്നതിൽ മാദ്ധ്യമങ്ങൾ നിർണായകമാകുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്രത്തിലെ ഒരു പുതിയ അധ്യായമാണ് സൻസാദ് ടിവിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. സൻസാദ് ടിവിയുടെ രൂപത്തിൽ രാജ്യത്തിന് ആശയവിനിമയത്തിനും സംഭാഷണത്തിനും ഒരു മാധ്യമം കൂടി ലഭിക്കുന്നു, അത് രാജ്യത്തിന്റെ ജനാധിപത്യത്തിന്റെയും ജനപ്രതിനിധികളുടെയും പുതിയ ശബ്ദമായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

62 വർഷം പൂർത്തിയാക്കിയ ദൂരദർശനെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു. ഉപരാഷ്‌ട്രപതിയും രാജ്യസഭാ ചെയർമാനുമായ എം. വെങ്കയ്യ നായിഡു, ലോക്‌സഭാ സ്പീക്കർ ഓം ബിർള എന്നിവർക്കൊപ്പമായിരുന്നു പ്രധാനമന്ത്രി പുതിയ ചാനലിന് തുടക്കമിട്ടത്. പാർലമെന്റുമായി ബന്ധപ്പെട്ട ചാനലിന്റെ കാലഘട്ടത്തിന് അനുസരിച്ചുളള പരിവർത്തനത്തെ പ്രധാനമന്ത്രി പ്രശംസിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here