തിരുവനന്തപുരം > സ്‌കൂള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖയ്ക്കായി സമഗ്രറിപ്പോര്‍ട്ട് തയ്യാറാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. നവംബര്‍ ഒന്നിന് തന്നെ സ്‌കൂളുകള്‍ തുറക്കാനാണ് തീരുമാനം. വിദ്യാഭ്യാസ വകുപ്പിന് എല്ലാ പിന്തുണയും നല്‍കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജും അറിയിച്ചു. സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായുള്ള മാര്‍ഗ നിര്‍ദേശം ചര്‍ച്ചചെയ്യാന്‍ വിദ്യാഭ്യാസ- ആരോഗ്യ വകുപ്പുകളുടെ യോഗം ചേര്‍ന്നു. യോഗശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇരുവരും.

സൂക്ഷ്മ തലത്തിലുള്ള വിശദാംശങ്ങള്‍ അടക്കം പരിശോധിച്ച് ആരോഗ്യവകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ സമഗ്രമായ മാര്‍ഗരേഖ തയ്യാറാക്കും. രക്ഷിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും ആശങ്കയില്ലാതെ ക്രമീകരണം നടത്തും. ‘ബയോബബിള്‍’ ആശയം അടിസ്ഥാനമാക്കിയാകും മാര്‍ഗരേഖയെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. തദ്ദേശസ്ഥാപനങ്ങള്‍, രാഷ്ട്രീയ പാര്‍ടികള്‍, അധ്യാപക-രക്ഷകര്‍തൃ സമിതികള്‍, വിദ്യാര്‍ഥി-യുവജന സംഘടനകള്‍ തുടങ്ങി എല്ലാ വിഭാഗവുമായും ചര്‍ച്ച ചെയ്യും.

 

കുട്ടികള്‍ക്ക് യാതൊരു ബുദ്ധിമുട്ടില്ലാതെ സുരക്ഷ ഒരുക്കുമെന്ന് മന്ത്രിമാര്‍ അറിയിച്ചു. കുട്ടികളുടെ യാത്രാസൗകര്യം, ക്ലാസ് മുറികളിലെ സുരക്ഷ, ഉച്ചഭക്ഷണ വിതരണം, ക്ലാസ് ഷെഡ്യൂള്‍, ശുചിമുറികള്‍ ഉപയോഗിക്കുന്ന രീതി, ഒരേസമയം എത്ര കുട്ടികള്‍ വരെയാകാം, കുട്ടികളുടെ കുടുംബാംഗങ്ങളുടെയും അധ്യാപകരുടെയും വാക്‌സിനേഷന്‍ തുടങ്ങി വളരെ സൂക്ഷ്മമായ കാര്യങ്ങളടക്കം ഇന്ന് നടന്ന യോഗത്തില്‍ ചര്‍ച്ച ചെയ്തു.

എത്രയും പെട്ടെന്ന് മാര്‍ഗനിര്‍ദേശം തയ്യാറാക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ഈ മാസം അവസാനത്തോടെ സിറോ പ്രിവിലന്‍സ് റിപ്പോര്‍ട്ട് ലഭ്യമാകും. അത് കൂടി പരിഗണിച്ചാകും മാര്‍ഗനിര്‍ദേശം. രക്ഷിതാക്കളെ ബോധവത്കരിക്കുന്നതും കൗണ്‍സിലിംഗ് നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കും. സ്‌കൂള്‍ അടിസ്ഥാനത്തില്‍ ആരോഗ്യ സംരക്ഷണ സമിതികള്‍ രൂപീകരിക്കും. ആശങ്കകള്‍ക്ക് വഴിവെക്കാതെ എല്ലാ സുരക്ഷയും ഒരുക്കാന്‍ വകുപ്പുകള്‍ സജ്ജമാണെന്നും മന്ത്രിമാര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here