പാകിസ്താന്റെ തടവിൽ കഴിയുന്ന ഇന്ത്യൻ നാവിക സേന മുൻ ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിന്റെ വധശിക്ഷയ്‌ക്കെതിരെ അപ്പീൽ നൽകാൻ അനുവാദം. പാകിസ്താൻ പാർലമെന്റിന്റെ സംയുക്ത സമ്മേളനം ഇതിനായുള്ള ബില്ലിന് അംഗീകാരം നൽകി. ഹേഗിലെ അന്താരാഷ്‌ട്ര നീതിന്യായ കോടതി പുറത്തിറക്കിയ വിധിയുടെ അടിസ്ഥാനത്തിലാണ് പാകിസ്താൻ പാർലമെന്റിലേക്ക് ബിൽ എത്തിയത്. പാകിസ്ഥാൻ നിയമകാര്യ മന്ത്രി ഡോക്ടർ മുഹമ്മദ് ഫറൂഖ് നസീം ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു. ജൂലൈ 2019ലാണ് ഇത് സംബന്ധിച്ച നിർദേശം അന്താരാഷ്‌ട്ര നീതിന്യായ കോടതി നൽകിയത്.

ചാരവൃത്തി ആരോപിച്ചാണ് 2017ൽ കുൽഭൂഷൺ ജാദവിനെ പാകിസ്താൻ കസ്റ്റഡിയിലെടുത്തത്. ഇന്ത്യൻ നാവിക സേനയിൽ പ്രവർത്തിച്ചിരുന്ന ഉദ്യോഗസ്ഥനായിരുന്നു കുൽഭൂഷൺ. കച്ചവട ആവശ്യങ്ങൾക്കായി പോയതിന് പിന്നാലെയാണ് പാകിസ്താനിൽ വെച്ച് അറസ്റ്റിലാകുന്നത്. ചാരവൃത്തി ആരോപിച്ച് കസ്റ്റഡിയിലെടുത്ത കുൽഭൂഷണെതിരെ പാകിസ്താൻ രാജ്യദ്രോഹക്കുറ്റം ചുമത്തി.

തുടർന്ന് ഇന്ത്യ നടത്തിയ നീണ്ട കാലത്തെ നിയമപോരാട്ടത്തിന് ഒടുവിലാണ് കുൽഭൂഷണെതിരെയുള്ള വധശിക്ഷയിൽ അപ്പീൽ നൽകാനുള്ള ബില്ല് പാകിസ്താൻ അംഗീകരിച്ചത്. ഇതോടെ അഭിഭാഷകർ ഉൾപ്പെടെയുള്ളവർക്ക് അദ്ദേഹത്തിന് നിയമസഹായങ്ങൾ ഉറപ്പുവരുത്താൻ സാധിക്കും. ബിൽ പ്രകാരം പാകിസ്ഥാനിൽ തടവിൽ കഴിയുന്ന വിദേശ പൗരന് പാക് പട്ടാള കോടതിയുടെ വിധി രാജ്യത്തെ ഏത് ഹൈക്കോടതിയിലും സ്വമേധയാ അല്ലെങ്കിൽ സ്വന്തം രാജ്യത്തെ നിയമ സംവിധാനം വഴി അപ്പീൽ നൽകാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here