ന്യൂഡൽഹി ; ഇന്ത്യയുടെ പ്രതിരോധ രംഗത്ത് കൂടുതൽ കരുത്തേകാൻ അഗ്നി പ്രൈം മിസൈൽ വിജയകരമായി പരീക്ഷിച്ച് ഡിആർഡിഒ. ഒഡീഷയിലെ ചാന്ദിപൂരിലെ വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണ് മിസൈൽ പരീക്ഷണം നടത്തിയത്. ആണവ പോർമുന ഘടിപ്പിക്കാവുന്ന മിസൈൽ 2000 കി.മീ ലക്ഷ്യം ഭേദിക്കും. പാകിസ്താന്റെ ആക്രമണങ്ങൾക്ക് ശക്തമായ മറുപടി നൽകാൻ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ന്യൂക്ലിയാർ ബാലിസ്റ്റിക് മിസൈൽ ആണ് അഗ്നി പ്രൈം.

അഗ്നി പ്രൈം അഥവാ അഗ്നി പി, അഗ്നി 1, അഗ്നി 2 മിസൈലുകളുടെ പിൻഗാമിയായിട്ടാണ് കാണപ്പെടുന്നത്. അഗ്‌നി – 1, അഗ്നി 2 എന്നീ മിസൈലുകളിൽ നിന്ന് വ്യത്യസ്തമായി രണ്ട് ഘട്ടങ്ങളാണ് അഗ്‌നി പ്രൈമിന് ഉള്ളത്. 5000 കിലോ മീറ്റർ പരിധിയിലെ ലക്ഷ്യം പോലും അഗ്‌നി പ്രൈമിന് ഭേദിക്കാൻ സാധിക്കും. മിസൈൽ ലോഞ്ച് ചെയ്യാനെടുക്കുന്ന സമയവും കുറവാണ്. നേരത്തെ നടത്തിയ പരീക്ഷണവും വിജയകരമായി പൂർത്തീകരിച്ചിരുന്നു.

മിസൈലിന്റെ ഉയർന്ന കൃത്യത വിമാനവാഹിനിക്കപ്പലുകളെ വരെ ലക്ഷ്യമിടാൻ സഹായിക്കും. അഗ്നി 3 നേക്കാൾ ഭാരം കുറഞ്ഞതും അഗ്നി മിസൈലുകളിൽ ഏറ്റവും ചെറുതുമാണെന്ന സവിശേഷത കൂടിയുണ്ട് അഗ്നി പ്രൈമിന്. മികച്ച കൃത്യതയോടെയാണ് പരീക്ഷണ ഘട്ടത്തിൽ മിസൈൽ പ്രവർത്തിച്ചതെന്നും ഡി.ആർ.ഡി.ഒ അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here