കൊച്ചി : നടിയെ ആക്രമിച്ച കേസിൽ നിർണായക വിധി പുറപ്പെടുവിച്ച് ഹൈക്കോടതി. കേസിലെ പ്രധാന സാക്ഷികളെ വീണ്ടും വിചാരണ ചെയ്യാൻ കോടതി അനുമതി നൽകി. എട്ട് സാക്ഷികളെയാകും വിചാരണ ചെയ്യുക.

കേസിൽ നിർണായക മൊഴി നൽകിയേക്കാവുന്ന സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ അനുവദിക്കണമെന്ന ആവശ്യം വിചാരണ കോടതി തള്ളിയിരുന്നു. ഇതിനെതിരെ പ്രോസിക്യൂഷൻ നൽകിയ ഹർജിയിലാണ് അനുകൂല വിധി ഉണ്ടായിരിക്കുന്നത്. 12 സാക്ഷികളെ വിസ്തരിക്കാൻ ആവശ്യപ്പെട്ടായിരുന്നു ഹർജി നൽകിയത്. എന്നാൽ നാല് സാക്ഷികളെ വിസ്തരിക്കേണ്ട ആവശ്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

പ്രധാനപ്പെട്ട രേഖകൾ വിളിച്ചുവരുത്തണമെന്ന ആവശ്യവും വിചാരണ കോടതി തള്ളിയിരുന്നു. എന്നാൽ രേഖകൾ വിളിച്ചുവരുത്താൻ ഹൈക്കോടതി അനുമതി നൽകി. നേരത്തെ ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ രാജിവെച്ചത്. 10 ദിവസത്തിനുള്ളിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാനും കോടതി നിർദ്ദേശിച്ചു.

ജസ്റ്റിസ് കൗസർ എടപ്പഗമാണ് ഹർജിയിൽ വിധി പറഞ്ഞത്. വിചാരണ വേളയിൽ ഹർജിയിൽ ഹൈക്കോടതി ചില സംശയങ്ങൾ ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിൽ അനുകൂല വിധി ഉണ്ടാകുന്നത് സംബന്ധിച്ച് പ്രോസിക്യൂഷന് ആശങ്കയുണ്ടായിരുന്നു. എന്നാൽപ്രധാന സാക്ഷികളെ വിസ്തരിക്കാൻ കോടതി അനുമതി നൽകിയതോടെ കേസിനെ സംബന്ധിച്ച ആശങ്കകൾ നീങ്ങി എന്നാണ് വിലയിരുത്തപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here