റോം : റഷ്യ- യുക്രെയ്ൻ സംഘർഷത്തിൽ ആശങ്ക രേഖപ്പെടുത്തി ഫ്രാൻസിസ് മാർപ്പാപ്പ. ഇറ്റലിയിലെ റഷ്യൻ എംബസിയിൽ നേരിട്ട് എത്തിയാണ് അദ്ദേഹം സ്ഥാനപതിയെ ആശങ്കയറിയിച്ചത്. റഷ്യ- യുക്രെയ്ൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നേരത്തെ നിശ്ചയിച്ചിരുന്ന എല്ലാ പരിപാടികളും മാർപ്പാപ്പ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എംബസിയിൽ എത്തി സ്ഥാനപതിയുമായി കൂടിക്കാഴ്ച നടത്തിയത്.

വൈകീട്ടോടെയായിരുന്നു അദ്ദേഹം എംബസിയിൽ എത്തിയത്. ഇക്കാര്യം വത്തിക്കാൻ വക്താവ് മറ്റിയോ ബ്രൂണി സ്ഥിരീകരിച്ചിട്ടുണ്ട്. അരമണിക്കൂർ നേരമാണ് മാർപ്പാപ്പയും റഷ്യൻ സ്ഥാനപതിയും തമ്മിലുള്ള കൂടിക്കാഴ്ച നീണ്ടത്.

യുക്രെയ്‌ന് മേൽ അധിനിവേശത്തിന് ശ്രമിക്കുന്ന റഷ്യയുടെ നടപടിയിൽ അദ്ദേഹം അമർഷം രേഖപ്പെടുത്തി. യുക്രെയ്‌ന് മേൽ നടത്തുന്ന സൈനിക ആക്രമണങ്ങൾ എത്രയും വേഗം അവസാനിപ്പിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചെന്നാണ് റിപ്പോർട്ടുകൾ. യുക്രെയ്ൻ ജനതയ്‌ക്കായി അടുത്ത ബുധനാഴ്ച ഉപവസിച്ച് പ്രാർഥിക്കുമെന്ന് മാർപ്പാപ്പ സ്ഥാനപതിയെ അറിയിച്ചു.

സാധാരണയായി സ്ഥാനപതിമാരെയും മറ്റ് ഉദ്യോഗസ്ഥരെയും മാർപ്പാപ്പ വത്തിക്കാനിലേക്ക് വിളിച്ചുവരുത്താറാണ് പതിവ്. എന്നാൽ ഈ നയതന്ത്ര പ്രോട്ടോകോൾ മാറ്റിവെച്ചാണ് അദ്ദേഹം റഷ്യൻ സ്ഥാനപതിയെ കണ്ടത്.

 

LEAVE A REPLY

Please enter your comment!
Please enter your name here